നൈജീരിയയിൽ ക്രിസ്ത്യൻ കുട്ടികൾ സ്കൂളിൽ പോകുന്നത് തടഞ്ഞ്‌ തീവ്രവാദികൾ

നൈജീരിയയിൽ ക്രൈസ്തവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട് സർക്കാർ. ക്രിസ്ത്യൻ കുട്ടികളുടെ വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട അവസ്ഥയാണ് നൈജീരിയയിൽ ഉള്ളത്. കുട്ടികൾ സ്‌കൂളിൽ പോകുന്നത് തീവ്രവാദികൾ തടയുകയാണ്. “500-ലധികം വിദ്യാർത്ഥികൾ ക്വാൾ കൗണ്ടിയിൽ സ്കൂളിനു പുറത്താണ്” – ഇറിഗ്വേ സ്റ്റുഡന്റ്സ് ദേശീയ പ്രസിഡന്റ് സാക്ഷ്യപ്പെടുത്തുന്നു.

നൈജീരിയയിൽ പീഡിപ്പിക്കപ്പെടുന്ന ഒരു ജനവിഭാഗമാണ് ഇറിഗ്വെ. കഴിഞ്ഞ ഏഴു വർഷമായി ഫുലാനി തീവ്രവാദികൾ വിദ്യാർത്ഥികളെ അവരുടെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിക്കുകയും സ്കൂളിൽ പോകുന്നത് തടയുകയും ചെയ്യുന്നുവെന്ന് ഇറിഗ്വെ സ്റ്റുഡന്റ്സ് ഉദ്യോഗസ്ഥൻ പറയുന്നു. ബൊക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ സംഘടിത ഭീകരസംഘടനകളിൽ മാധ്യമങ്ങളും സർക്കാരുകളും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാൽ ഫുലാനി തീവ്രവാദികളുടെ ആക്രമണവും ഇവിടെ വ്യാപകമാണ്. ഈ തീവ്രവാദ ഗ്രൂപ്പുകൾ ക്രിസ്ത്യൻ സമൂഹങ്ങൾക്ക് അപകടകരമായ ഭീഷണിയാണ്.

നൈജീരിയയിലെ വർഷങ്ങളായി നടക്കുന്ന വിഭാഗീയ അക്രമങ്ങൾ പതിനായിരക്കണക്കിന് ക്രിസ്ത്യൻ കുടുംബങ്ങളെ ഔപചാരിക വിദ്യാഭ്യാസത്തിന് അനുവദിക്കുന്നില്ല. അവരിൽ പലരും തങ്ങളുടെ ഭൂമിയിൽ നിന്ന് പുറത്താക്കപ്പെടുകയോ, ആക്രമണത്താൽ സ്വന്തമായതെല്ലാം നഷ്ടപ്പെടുകയും ചെയ്യുന്നു. വിദ്യാഭ്യാസം നേടാൻ ശ്രമിക്കുന്ന നൈജീരിയൻ ക്രൈസ്തവരുടെ ജീവന്റെ സുരക്ഷയുടെ കാര്യത്തിലും ഉറപ്പില്ല.

2014-ൽ ചിബോക്കിലെ ഒരു സ്‌കൂളിൽ നിന്ന് 276 ക്രിസ്ത്യൻ പെൺകുട്ടികളെയാണ് ബോക്കോ ഹറാം തട്ടിക്കൊണ്ടു പോയത്. സർക്കാർ സ്‌കൂളുകളും മുസ്ലിം, ക്രിസ്ത്യൻ സ്‌കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭാസ സ്ഥാപനങ്ങളിൽ നിന്ന് 2021-ന്റെ ആദ്യപകുതിയിൽ മാത്രം ഏകദേശം ആയിരത്തോളം സ്‌കൂൾ കുട്ടികളെ തട്ടിക്കൊണ്ടു പോയി. കടുനയിലെ ബെത്‌ലഹേം ബാപ്‌റ്റിസ്റ്റ് സ്‌കൂളിൽ നിന്ന് 120-ലധികം വിദ്യാർത്ഥികളെയാണ് അക്രമികൾ തട്ടിക്കൊണ്ടു പോയത്. അപകടഭീഷണിയെ തുടർന്ന് അടുത്തിടെ പതിമൂന്ന് ക്രിസ്ത്യൻ സ്‌കൂളുകൾ അധികൃതർ അടച്ചുപൂട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.