ചെറുകിട വരുമാന സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി 50 ലക്ഷം രൂപയുടെ മൈക്രോ ക്രെഡിറ്റ് ലോണ്‍ മേളയുമായി കെ.എസ്.എസ്.എസ്

സംരംഭകത്വ വികസന പ്രവര്‍ത്തനങ്ങള്‍, ജീവനോപാധി പുനസ്ഥാപനത്തോടൊപ്പം പുതിയ തൊഴില്‍ സാധ്യതകള്‍ക്കും വഴിയൊരുക്കുമെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍.

കോവിഡ് അതിജീവനത്തോടൊപ്പം ഉപവരുമാന സാധ്യതകള്‍ക്കും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പേറഷനുമായി സഹകരിച്ചുകൊണ്ട് വിവിധങ്ങളായ വരുമാന സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരം ഒരുക്കുന്നതിനായി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന മൈക്രോ ക്രെഡിറ്റ് ലോണ്‍ മേളയുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക് വരുമാന സാധ്യതകള്‍ക്ക് അവസരം ഒരുക്കുന്നതോടൊപ്പം മെച്ചപ്പെട്ട ജീവിത സാഹചര്യവും സൃഷ്ടിക്കുവാന്‍ മൈക്രോ ക്രെഡിറ്റ് ലോണ്‍ മേള വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോമസ് ചാഴികാടന്‍ എം.പി. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സ്ത്രീ ശാക്തീകരണത്തോടൊപ്പം സ്വാശ്രയത്വ ശീലവും വളര്‍ത്തിയെടുക്കുവാന്‍ കെ.എസ്.എസ്.എസ് പോലുള്ള സന്നദ്ധ പ്രസ്ഥാനങ്ങള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. വിവിധങ്ങളായ സ്വയംതൊഴില്‍ സംരംഭകത്വ പദ്ധതികള്‍ ചെയ്യുന്നതിനായി 50 ലക്ഷം രൂപയാണ് മൈക്രോ ക്രെഡിറ്റ് ലോണ്‍ മേളയുടെ ഭാഗമായി ലഭ്യമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.