
2013 മാർച്ച് 13-ന് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട രാത്രിയിൽ, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽ നിന്ന് ഫ്രാൻസിസ് പാപ്പ ഒത്തുകൂടിയ വിശ്വാസികളോട് “നാളെ ഞാൻ മഡോണയിൽ പോയി പ്രാർഥിക്കാൻ ആഗ്രഹിക്കുന്നു” എന്ന് പറഞ്ഞു.
അങ്ങനെ അദ്ദേഹം അടുത്ത ദിവസം തന്നെ മരിയ മജോറ ബസിലിക്ക സന്ദർശിച്ചു. അത് അദ്ദേഹത്തിന്റെ ആദ്യ യാത്രയായിരുന്നു. അതിനുശേഷം തന്റെ ഓരോ അപ്പസ്തോലിക യാത്രയ്ക്ക് മുൻപും ശേഷവും അദ്ദേഹം അവിടെ പോയി പ്രാർഥിച്ചു. പാപ്പ ആയതിനു ശേഷം നൂറിലധികം തവണ അദ്ദേഹം സന്ദർശിച്ച ബസലിക്കയിലേക്ക് പാപ്പ അവസാനമായി എത്തുകയാണ്. ഇനി ഒരിക്കലും അദ്ദേഹം അവിടെനിന്നും തിരികെ വരില്ല.
റോമിൽ നാല് പ്രധാന ‘പേപ്പൽ ബസിലിക്കകൾ’ ഉണ്ട്: വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ്, മരിയ മജോറ, സെന്റ് ജോൺ ലാറ്ററൻ, സെന്റ് പോൾ ഔട്ട്‌സൈഡ് ദി വാൾസ്. എന്നാൽ മരിയ മജോറ പരിശുദ്ധ പിതാവിന്റെ ഏറ്റവും പ്രിയപ്പെട്ട ഇടമായിരുന്നു.
തന്റെ സ്ഥാനാരോഹണത്തിന്റെ ആദ്യ ദിവസം, ഫ്രാൻസിസ് മാർപാപ്പ റോമാ പട്ടണം മുഴുവൻ സഞ്ചരിച്ച് മരിയ മജോറയിൽ എത്തി, “റോമൻ ജനതയുടെ സംരക്ഷക”യായ സാലസ് പോപ്പുലി റൊമാനി എന്ന പരിശുദ്ധ കന്യാമറിയത്തിന്റെ ആദരണീയമായ രൂപത്തിന് മുൻപിൽ പ്രാർഥിച്ചു. വിശുദ്ധ ലൂക്കോസ് വരച്ച ഭക്തിനിർഭരമായ ഈ ചിത്രം പാരമ്പര്യമനുസരിച്ച്, ആദ്യമായി കിഴക്ക് നിന്ന് റോമിലേക്ക് വന്നത് അഞ്ചാം നൂറ്റാണ്ടിൽ, 431-ൽ എഫെസസ് കൗൺസിലിൽ മറിയത്തെ തിയോടോക്കോസ് – ദൈവമാതാവ് – ആയി പ്രഖ്യാപിച്ചപ്പോഴാണ്.
593-ൽ പ്ലേഗ് പടർന്നുപിടിച്ച സമയത്ത് റോമിലൂടെ വിശുദ്ധ ഗ്രിഗറി ദി ഗ്രേറ്റ് പാപ്പ ഈ ചിത്രം ഘോഷയാത്രയായി കൊണ്ടുപോയി. കോവിഡ്-19 പകർച്ചവ്യാധിയുടെ സമയത്ത്, 2020 മാർച്ച് 15-ന്, ഫ്രാൻസിസ് മാർപാപ്പ തന്റെ നഗരത്തിനുവേണ്ടി പ്രാർഥിക്കാൻ ആളൊഴിഞ്ഞ റോമൻ തെരുവുകളിലൂടെ ഒറ്റയ്ക്ക് നടക്കുമ്പോൾ മരിയ മജോറ സന്ദർശിച്ചു. പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം, പകർച്ചവ്യാധി അവസാനിപ്പിക്കാൻ പ്രാർഥിക്കുന്നതിനായി ഏകാന്തമായ ദിവ്യകാരുണ്യ ആരാധനയ്ക്കിടെ , സാലസ് പോപ്പുലി റൊമാനി സെന്റ് പീറ്റേഴ്‌സിലേക്ക് കൊണ്ടുവന്നു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ, സഖ്യകക്ഷികളുടെ സൈന്യം റോം നഗരത്തിലേക്ക് അടുക്കുമ്പോൾ നാശത്തിൽ നിന്ന് സംരക്ഷിക്കാൻ മഡോണയോട് അപേക്ഷിക്കാൻ പയസ് പന്ത്രണ്ടാമൻ മാർപാപ്പ എല്ലാ റോമാക്കാരോടും ആവശ്യപ്പെട്ടതോടെ ആ പുരാതന ഐക്കൺ തദ്ദേശീയർക്ക് വളരെ പ്രിയപ്പെട്ടതായിമാറി.
സഖ്യകക്ഷികളും ജർമ്മൻ സൈന്യവും തമ്മിലുള്ള യുദ്ധം നഗരത്തെ നശിപ്പിക്കുമെന്ന് ഭയന്ന്, 1944 ജൂൺ 4 ന് വിശ്വാസികൾ ഇവിടെ പ്രാർഥിക്കാനായി ഒത്തുകൂടി. ആ വൈകുന്നേരത്തോടെ, അവസാന ജർമ്മൻ സൈന്യം പിൻവാങ്ങി, സഖ്യകക്ഷികൾ നഗരം സമാധാനപരമായി സുരക്ഷിതമാക്കി. സാലസ് പോപ്പുലി റൊമാനിയ്ക്ക് അന്ന് റോമൻ ജനത നന്ദി പറഞ്ഞു.
കഴിഞ്ഞ വർഷം, റോം വിമോചനത്തിന്റെ 80-ാം വാർഷികത്തോടനുബന്ധിച്ച് , റോം രൂപതയിൽ പരിശുദ്ധ അമ്മയ്ക്കായി, ‘സാലസ് പോപ്പുലി റൊമാനി’ എന്ന പേരിൽ ജൂൺ മാസം നാലാം തീയതി പ്രാദേശിക തിരുനാളായി ആചരിച്ചു.
തിരഞ്ഞെടുപ്പിന് മുമ്പ് കർദിനാൾ ജോർജ് ബെർഗോളിയോ ആ ഐക്കണിനോട് ഒരു ഭക്തി പുലർത്തിയിരുന്നു. റോമിൽ വന്നപ്പോൾ അദ്ദേഹം അവിടം സന്ദർശിച്ചിരുന്നു.
ഓരോ വിദേശ യാത്രയ്ക്കും മുമ്പായി ഫ്രാൻസിസ് മാർപാപ്പ ആ ഐക്കൺ സന്ദർശിക്കാൻ തീരുമാനിച്ചു. റോമിലേക്ക് മടങ്ങുമ്പോഴെല്ലാം, അദ്ദേഹത്തിന്റെ വാഹനവ്യൂഹം പലപ്പോഴും വത്തിക്കാനിലേക്ക് മടങ്ങുന്നതിന് മുമ്പ് ആദ്യം മരിയ മജോറ ബസലിക്കയിലേക്ക് പോയി.
ഐക്കണിന്റെ പുനഃസ്ഥാപനത്തിന് പരിശുദ്ധ പിതാവ് ഉത്തരവിട്ടു. 2018 ജനുവരിയിൽ പണി പൂർത്തിയായപ്പോൾ, നന്ദിപ്രകടനവും പുനഃസമർപ്പണവും അർപ്പിക്കാൻ മരിയ മജോറയിൽ എത്തി.
2023-ൽ, മരിയ മജോറയിലായിരിക്കണം തന്നെ സംസ്‌കരിക്കേണ്ടത് എന്ന് ഫ്രാൻസിസ് മാർപാപ്പ വെളിപ്പെടുത്തി. സാലസ് പോപ്പുലി റൊമാനി ഐക്കണിന് സമീപം അദ്ദേഹത്തിന്റെ ശവകുടീരം ഒരുക്കിയിട്ടുണ്ട്. മാർപാപ്പാമാരെ സാധാരണയായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സിലാണ് അടക്കം ചെയ്യുന്നതെങ്കിലും, മരിയ മജോറയിൽ അടക്കം ചെയ്യുന്ന എട്ടാമത്തെ പാപ്പയായിരിക്കും ഫ്രാൻസിസ് മാർപാപ്പ.
വത്തിക്കാന് പുറത്ത് സംസ്‌കരിക്കപ്പെട്ട അവസാന പോപ്പ് 1903-ൽ ലിയോ പതിമൂന്നാമൻ പോപ്പ് ആയിരുന്നു, സെന്റ് ജോൺ ലാറ്ററൻ ആർച്ച്ബസിലിക്കയിൽ തന്റെ ശവകുടീരം സ്ഥാപിക്കാൻ അദ്ദേഹം തീരുമാനിച്ചു. ലിയോയുടെ മുൻഗാമിയായ വാഴ്ത്തപ്പെട്ട പയസ് ഒമ്പതാമൻ, സെന്റ് ലോറൻസ് ഔട്ട്‌സൈഡ് ദി വാൾസിൽ സംസ്‌കരിക്കപ്പെട്ടു.
മരിയ മജോറ ബസിലിക്കയും വി. ഇഗ്‌നേഷ്യസ് ലയോളയും
ആദ്യത്തെ ജെസ്യൂട്ട് പോപ്പിന് മരിയ മജോറയോടുള്ള സ്നേഹം ആദ്യത്തെ ലയോളയിലെ സെന്റ് ഇഗ്നേഷ്യസുമായി ബന്ധിപ്പിക്കുന്നു. 1537-ൽ ഇഗ്നേഷ്യസ് പൗരോഹിത്യം സ്വീകരിച്ചതിനുപിന്നാലെ വിശുദ്ധ നാട്ടിൽ തന്റെ ആദ്യത്തെ കുർബാന അർപ്പിക്കാൻ ആഗ്രഹിച്ചു. അത് അസാധ്യമാണെന്ന് തെളിഞ്ഞതിനാൽ, 18 മാസങ്ങൾക്ക് ശേഷം, ഇഗ്നേഷ്യസ് കാത്തിരിപ്പ് ഉപേക്ഷിച്ച് ബെത്‌ലഹേം തൊട്ടിലിന്റെ ഭാഗങ്ങൾ സൂക്ഷിച്ചിരിക്കുന്ന മരിയ മജോറയിൽ തന്റെ ആദ്യത്തെ കുർബാന അർപ്പിക്കാൻ തീരുമാനിച്ചു. ബെത്‌ലഹേമിലേക്ക് പോകാൻ കഴിഞ്ഞില്ലെങ്കിൽ, റോമിലേക്ക് കൊണ്ടുവന്ന ബെത്‌ലഹേമിന്റെ അവശിഷ്ടങ്ങൾ അദ്ദേഹം സന്ദർശിക്കുമായിരുന്നു. ആ ബന്ധം ഊന്നിപ്പറയാൻ, മരിയ മജോറയിലെ ആദ്യ കുർബാനയ്ക്കായി അദ്ദേഹം 1538 ലെ ക്രിസ്തുമസ് തിരഞ്ഞെടുത്തു.