
1951 മുതൽ 1971 വരെ കോട്ടയം അതിരൂപതയുടെ തൃതീയ മെത്രാനായിരുന്ന ദിവംഗതനായ മാർ തോമസ് തറയിൽ പിതാവിന്റെ അൻപതാമത് ചരമവാർഷികത്തോടനുബന്ധിച്ച് കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ മാർ തോമസ് തറയിൽ അനുസ്മരണ സിമ്പോസിയം നടത്തി. രണ്ടാം വത്തിക്കാൻ കൗൺസിലിൽ പങ്കെടുത്ത മാർ തോമസ് തറയിൽ പിതാവ് കൗൺസിലിന്റെ ദർശനമുൾക്കൊണ്ട് ദീർഘവീക്ഷണത്തോടെ സ്ഥാപിച്ചതാണ് കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് . കാരിത്താസ് ഡയമണ്ട് ജൂബിലി ഹാളിൽ സംഘടിപ്പിച്ച സിമ്പോസിയം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു.
അതിരൂപതാ സിഞ്ചലൂസ് ഫാ. മൈക്കിൾ വെട്ടിക്കാട്ട് മോഡറേറ്ററായിരുന്നു. സഭയിലെ സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉത്ഭവത്തെയും വളർച്ചയെയും കുറിച്ച് വടവാതൂർ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി പ്രൊഫസർ ഫാ. മാത്യു കൊച്ചാദംപള്ളിൽ അവതരണം നടത്തി. അല്മായ വീക്ഷണത്തിലുള്ള സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് കേരള കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ് പ്രസിഡന്റ് ടോം കരികുളവും, ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇന്നത്തെ പ്രസക്തിയെയും വെല്ലുവിളിയെയും കുറിച്ച് ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോ. മായമ്മ ജോസഫും കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടും തറയിൽ പിതാവും എന്ന വിഷയത്തിൽ മടമ്പം പി. കെ.എം കോളേജ് പ്രിൻസിപ്പാൾ ഡോ. ജെസ്സി എൻ.സി യും സന്ദേശങ്ങൾ നല്കി.
കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ്സ് സി. ലിസി മുടക്കോടിൽ, സി. നിഷ വി. ജോൺ എന്നിവർ പ്രസംഗിച്ചു. മാർ തോമസ് തറയിൽ ദിവംഗതനായതിന്റെ അൻപതാം വർഷത്തോടനുബന്ധിച്ച് 2024 ജൂലൈ 26 മുതൽ 2025 ജൂലൈ 26 വരെ ഒരുവർഷം നീണ്ടുനില്ക്കുന്ന അനുസ്മരണ പരിപാടികൾക്കാണ് കോട്ടയം അതിരൂപത രൂപം നല്കിയിരിക്കുന്നത്.