മാർ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ ഇന്ന്

തലശേരി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി നിയമിതനായ മാർ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ ഇന്ന്. തലശേരി സെന്റ് ജോസഫ്സ് കത്തീഡ്രൽ അങ്കണത്തിൽ രാവിലെ വിശിഷ്ടാതിഥികൾക്കു സ്വീകരണം നൽകിയതിന് പിന്നാലേ ചടങ്ങുകള്‍ക്ക് ആരംഭം കുറിക്കും. പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ആരംഭിച്ച സ്ഥാനാരോഹണ കർമ്മങ്ങൾക്കു സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് മുഖ്യകാർമികത്വം വഹിക്കുന്നത്.

ആർച്ച്ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട്, ആർച്ച്ബിഷപ്പ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം എന്നിവർ സഹകാർമികരാകും. മാർ ജോസഫ് പാംപ്ലാനിയെ തലശേരി അതിരൂപത ആർച്ച്ബിഷപ്പായി നിയമിച്ചുകൊണ്ടുള്ള സീറോമലബാർ സഭാധ്യക്ഷന്റെ നിയമനപത്രിക അതിരൂപത ചാൻസലർ റവ. ഡോ. തോമസ് തെങ്ങുംപള്ളിൽ വായിക്കും.സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നൽകും.

തുടർന്നു നടക്കുന്ന പൊതുസമ്മേളനം ഭാരത കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ് ലെയോപോൾദോ ജിറേലി മുഖ്യാതിഥിയായിരിക്കും. മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും.

വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാരായ എം.വി.ഗോവിന്ദൻ മാസ്റ്റർ, റോഷി അഗസ്റ്റിൻ, കൊച്ചി രൂപതാധ്യക്ഷൻ ബിഷപ് ഡോ. ജോസഫ് കരിയിൽ, കെ. സുധാകരൻ എംപി, ജോൺ ബ്രിട്ടാസ് എംപി, ബൽത്തങ്ങാടി രൂപതാധ്യക്ഷൻ മാ ർ ലോറൻസ് മുക്കുഴി, പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ, സണ്ണി ജോസഫ് എംഎൽ എ, സിസ്റ്റർ അനില മണ്ണൂർ (എസ്എബിഎസ് പ്രൊവിൻഷ്യൽ), സരിഗ കൊന്നക്കൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ എന്നിവർ പ്രസംഗിക്കും.

സീറോ മലബാർ, മലങ്കര, ലത്തീൻ സഭകളിൽനിന്നുള്ള ആർച്ച്ബിഷപ്പുമാർ, ബിഷപ്പുമാർ തുടങ്ങിയവരും മത സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും സ്ഥാനാരോഹണചടങ്ങിലും യാത്രയയപ്പ് സമ്മേളനത്തിലും പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.