ജനങ്ങളെ തെരുവിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമത്തെ ചെറുക്കും: മാർ ജോസഫ് പാംപ്ലാനി

മലയോര മക്കളെ തെരുവിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമങ്ങളെ ജീവൻ ബലികഴിച്ചും സംരക്ഷിക്കുമെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ബഫർസോൺ പ്രഖ്യാപനത്തിനെതിരേ കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരിയിൽ നടന്ന പ്രതിഷേധ റാലിയോടനുബന്ധിച്ച് ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൈദികരും സന്യസ്തരും തെരിവിലിറങ്ങാറില്ല, മുദ്രാവാക്യം വിളിക്കാറില്ല, ഏതെങ്കിലും കാരണത്താൽ തെരുവിലിറങ്ങിയാൽ ലക്ഷ്യം നേടിയേ തിരിച്ചുപോവുകയുള്ളൂ. കോടതി വിധി തിരുത്തുന്ന ഇടപെടലുകൾ ഉത്തരവാദിത്വമുള്ളവരിൽ നിന്നുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയേയും കേന്ദ്രമന്ത്രിയേയും കണ്ട് ജനങ്ങളുടെ ആശങ്കകൾ അറിയിച്ചതാണ്. കർഷക പക്ഷത്തുനിന്ന് മാത്രമേ കേന്ദ്ര സർക്കാർ വിഷയത്തിൽ തീരുമാനമെടുക്കുകയുള്ളുവെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. കർഷകരുടെ പക്ഷത്താണ് സർക്കാരെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. കർഷകർക്ക് എതിരായി ഒന്നും ഉണ്ടാകില്ലെന്നും അറിയിച്ചു. എന്നാൽ ഉറപ്പ് പാലിച്ചില്ല. മാത്രമല്ല കർഷക വിരുദ്ധ സമീപനമാണ് ഉണ്ടാകുന്നത്. കർഷകരുടെ നികുതി പണത്തിന് ഒരു മൂല്യവും ഇല്ലാതെ പോകുന്നത് എന്തുകൊണ്ടാണെന്ന് സർക്കാർ മനസിലാക്കണമെന്നും മാർ പാംപ്ലാനി പറഞ്ഞു.

വനാതിർത്തിയിൽ നിന്ന് കർഷകരുടെ ഭൂമി ഏറ്റെടുക്കാൻ അനുവദിക്കുകയില്ലെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ ബത്തേരി ബിഷപ്പ് ഡോ.ജോസഫ് മാർ തോമസ് പറഞ്ഞു. കെസിവൈഎം രൂപത പ്രസിഡന്റ് റ്റിബിൻ പാറക്കൽ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.