സഹനങ്ങളിലും കൂട്ടായ്മ വളർത്തുന്നതാണ് കാലത്തിന്റെ സുവിശേഷം: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും കാലത്ത് മാത്രമല്ല, സഹനങ്ങളുടെ അനുഭവത്തിലും കൂട്ടായ്മ വളർത്തുന്നതാണ് കാലഘട്ടത്തിന്റെ സുവിശേമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ഭാരതത്തിന്റെ അപ്പസ്തോലനായ മാർതോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികാചരണത്തോടും സഭാദിനാചരണത്തോടും അനുബന്ധിച്ച് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കർദ്ദിനാൾ.

അവനോടൊപ്പം പോയി നമുക്കും മരിക്കാം എന്ന് സഹശിഷ്യരോടു പറഞ്ഞ തോമാശ്ലിഹായുടെ മാതൃക ഇതാണ് നമ്മെ പഠിപ്പിക്കുന്നത്. സഹനങ്ങളും വേദനകളും നേർക്കുനേർ വരുമ്പോൾ പരാജയഭീതിയോടെ പിന്മാറുന്നതിനു പകരം കൂട്ടായ്മയുടെ പിൻബലത്തിൽ അവയെ ധീരതയോടെ നേരിടാൻ സാധിക്കുന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്ന ക്രൈസ്തവ ജീവിതസാക്ഷ്യമെന്നും കർദ്ദിനാൾ പറഞ്ഞു. സീറോമലബാർ സഭയിൽ മൽപാൻ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന രണ്ടാമത്തെ വൈദികനായ ബഹു. മൈക്കിൾ കാരിമറ്റത്തിലച്ചനെ അഭിനന്ദിച്ച മാർ ആലഞ്ചേരി, വിശ്വാസസംരക്ഷണത്തിനായി അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ചു.

രാവിലെ മേജർ ആർച്ചുബിഷപ്പ് സഭാകാര്യാലയത്തിൽ പതാക ഉയർത്തിയതോടെ ആഘോഷപരിപാടികൾക്കു തുടക്കമായി. തുടർന്നു നടന്ന ആഘോഷമായ റാസകുർബാനയിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമ്മികത്വം വഹിച്ചു. കൂരിയാ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ, സഭാകാര്യാലയത്തിലെ വൈദികർ, വിവിധ രൂപതകളിൽ നിന്നെത്തിയ വൈദികർ, സമർപ്പിതസമൂഹങ്ങളുടെ സുപ്പീരിയേഴ്സ് എന്നിവർ സഹകാർമ്മികരായിരുന്നു. വിൻസെൻഷ്യൻ സന്യാസ സമൂഹത്തിൻറെ സുപ്പീരിയർ ജനറൽ ബഹു. ജോൺ കണ്ടത്തിൻകരയച്ചൻ വചനസന്ദേശം നൽകി.

വിശ്വാസപരിശീലന – വിശ്വാസ സംരക്ഷണ മേഖലകളിൽ സ്തുത്യർഹമായ സംഭാവനകൾ നൽകിയ തലശ്ശേരി അതിരൂപതാംഗമായ ഫാ. മൈക്കിൾ കാരിമറ്റത്തിന് മൽപാൻ പദവി നൽകി മേജർ ആർച്ചുബിഷപ്പ് ആദരിച്ചു. മൽപാൻ മൈക്കിൾ കാരിമറ്റത്തിലച്ചന്റെ ഏതാനും ഗ്രന്ഥങ്ങൾ സമ്മേളനത്തിൽ വച്ച് പ്രകാശനം ചെയ്തു. സഭാചരിത്ര പണ്ഡിതൻ ഫാ. പയസ് മലേക്കണ്ടം മുഖ്യപ്രഭാഷണം നടത്തി. ആരാധനക്രമ പണ്ഡിതനായ ഫാ. തോമസ് മണ്ണൂരാംപറമ്പിൽ ഏർപ്പെടുത്തിയ ആരാധനാക്രമ പ്രഥമ അവാർഡ് ചങ്ങനാശ്ശേരി അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത ആർച്ചുബിഷപ്പ് മാർ ജോസഫ് പൗവ്വത്തിലിനു നൽകുന്നതായി ആരാധനക്രമ കമ്മീഷൻ അറിയിച്ചു.

കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ, ചാൻസലർ ഫാ. വിൻസെൻറ് ചെറുവത്തൂർ, ഫാ. ജോജി കല്ലിങ്കൽ എന്നിവർ പ്രസംഗിച്ചു. മദർ ജനറൽ സി. ഫിലോമി എം.എസ്.ജെ. കത്തോലിക്കാ കോൺഗ്രസ് പ്രസിഡണ്ട് അഡ്വ. ബിജു പറയനിലം, സീറോമലബാർ യൂത്ത് മൂവ്മെൻറ് പ്രസിഡണ്ട് ജോസ്മോൻ ഫ്രാൻസിസ്, മാതൃവേദി പ്രസിഡണ്ട് ശ്രീമതി റീത്താമ്മ, സി.എം.എൽ. പ്രസിഡണ്ട് ബിനോയി പള്ളിപ്പറമ്പിൽ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

വിവിധ സീറോമലബാർ രൂപതകളിൽ നിന്നു വന്ന വൈദികർ, സിസ്റ്റേഴ്സ്, അത്മായ പ്രതിനിധികൾ, പ്രത്യേകം ക്ഷണിക്കപ്പെട്ട അത്മായ പ്രമുഖർ എന്നിവർ പങ്കെടുത്തു.

ഫാ. ജോസഫ് തോലാനിക്കൽ, ഫാ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിലിൽ, ഫാ. തോമസ് മേൽവെട്ടം എന്നിവർ നേതൃത്വം നൽകി.

ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ, പബ്ലിക് റിലേഷൻസ് ഓഫീസർ
03.07.2022

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.