
മണിപ്പൂരിൽ വംശീയ സംഘർഷത്തിന്റെ ഇരകളായവരെ വീണ്ടെടുക്കാൻ സഹായമെത്തിച്ച് കത്തോലിക്കാ സഭ. അക്രമത്തിന് ഇരയായവരുടെ മാനസികവും ശാരീരികവും ആത്മീയവുമായ ക്ഷേമം ലക്ഷ്യമിട്ടുകൊണ്ട് വിവിധ സംഘടനകൾ തമ്മിൽ സംയോജിപ്പിച്ചുകൊണ്ടാണ് സേവനങ്ങൾ നൽകുന്നത്.
മാർച്ച് ഒന്നിന് മണിപ്പൂരിലെ സിംഗ്‌ഘട്ടിലുള്ള സെന്റ് തോമസ് ഇടവകയിൽ മാനസികാരോഗ്യത്തെ കേന്ദ്രീകരിച്ചുള്ള ഒരു പരിശീലനപരിപാടി നടന്നു. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നുള്ള 63 പേരെ ഒന്നിച്ചു ചേർക്കാൻ ഈ പരിപാടിയിലൂടെ കഴിഞ്ഞു. വംശീയ സംഘർഷത്തിന് ഇരയായവരുടെ മാനസികവും ശാരീരികവും ആത്മീയവുമായ ക്ഷേമം ലക്ഷ്യമിട്ട്, കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (സി സി ബി ഐ ) – കമ്മീഷൻ ഫോർ മൈഗ്രന്റ്സുമായി സഹകരിച്ച് ഇന്റർനാഷണൽ കാത്തലിക് മൈഗ്രേഷൻ കമ്മീഷൻ (ഐ സി എം സി ) ആണ് ഈ പരിപാടി സംഘടിപ്പിച്ചത്.
“വെടിവയ്പ്പുകളും അക്രമങ്ങളും വിലാപങ്ങളും മാത്രം കേട്ടിരുന്ന കാലവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇപ്പോൾ ഞങ്ങൾക്ക് വളരെയധികം സമാധാനവും സുസ്ഥിരതയും ലഭിച്ചു”- സിംഗ്‌ണാറ്റിലെ സെന്റ് തോമസ് പള്ളിയിലെ ഇടവക വികാരിയായ ഫാ. അത്തനേഷ്യസ് മുങ് പങ്കുവച്ചു. മണിപ്പൂരിന്റെ പ്രതിസന്ധി ഘട്ടത്തിൽ, ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുന്നതിൽ സഭ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും ഇംഫാൽ അതിരൂപത വെളിപ്പെടുത്തി.
അനേകം സഹകാരികളുടെയും ദാതാക്കളുടെയും പിന്തുണയോടെ, കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്കായി 600 വീടുകൾ നിർമ്മിക്കുന്ന പദ്ധതി ആരംഭിച്ചു. അതിൽ 200 എണ്ണം ഇതിനകം പൂർത്തിയാവുകയും താമസയോഗ്യമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.