ആഫ്രിക്കൻ പന്നിപ്പനിയുടെ പേരിൽ നഷ്ടമായ പന്നികളുടെ ഉടമകൾക്ക് നഷ്ടപരിഹാര പാക്കേജ് നൽകണമെന്ന് മാനന്തവാടി രൂപത

ബാങ്കിൽ നിന്നും ഭീമമായ തുക കടം വാങ്ങി ഉപജീവനമാർഗ്ഗ മായി പന്നികളെ വളർത്തിയിരുന്ന മാനന്തവാടി പ്രദേശത്തുള്ള പല സാധാരണ കർഷകരുടേയും ജീവിതം കണ്ണീരിലാഴ്ത്തിയിരിക്കുന്നു. ഒരു സാധു വിധവയുടേതുൾപ്പെടെ പല കർഷകരുടെയും ജീവനോപാധിയായി വളർത്തിയിരുന്ന പന്നികളെ വേണ്ടത്ര നിരീക്ഷണത്തിനവസരം നൽകാതെ പന്നിപ്പനിയുടെ പേരിൽ പെട്ടന്ന് ദയാവധം ചെയ്ത് ഇല്ലാതാക്കിയത് കർഷകരോടുള്ള അനീതിയാണ്.

ഉപജീവനമാർഗ്ഗം നഷ്ട മായതോടൊപ്പം ബാങ്കുകളിൽ കൊടുത്തു തീർക്കേണ്ട കടവും അവരെ നിരാശയിലേക്ക് തള്ളിവിടുന്ന സാഹചര്യമാണ് ഉള്ളത്. അതിനാൽ ഉത്തരവാദിത്വപ്പെട്ട ഭരണാധികാരികൾ ഇവർക്ക് അർഹമായ നഷ്ടപരിഹാരം എത്രയും വേഗം നല്കാൻ നടപടി സ്വീകരിക്കണമെന്ന് മാനന്തവാടി രൂപത വികാരി ജനറാൾ മോൺ.ഫാ. പോൾ മുണ്ടോളിക്കൽ ആവശ്യപ്പെട്ടു.മാനന്തവാടി രൂപത ചാൻസലർ ഫാ. അനൂപ്‌കാളിയാനിയിൽ, മാനന്തവാടി കത്തീഡ്രൽ വികാരി ഫാ. സണ്ണി മഠത്തിൽ,കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ശ്രീ.റ്റിബിൻ പാറക്കൽ കെസിവൈഎം മാനന്തവാടി രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപത ഡയറക്ടർ ഫാ. മനോജ്‌ അമ്പലത്തിങ്കൽ ,മാതൃവേദി ഡയറക്ടർ ഫാ. ബിനു വടക്കേൽ, കെ.സി.വൈ.എം മാനന്തവാടി മേഖല ഡയറക്ടർ ഫാ. ലിൻസൺ ചെങ്ങിനിയാടൻ എന്നിവർ ദു:ഖിതരായ കർഷക കുടുംബങ്ങൾ സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.