മനുഷ്യർ ദൈവത്തെ മറന്ന് ജീവിക്കുന്നതാണ് ലോകത്തിൽ അക്രമങ്ങൾ പെരുകുന്നതിന് കാരണം: കൊളംബിയൻ ബിഷപ്പ്

മനുഷ്യർ ദൈവത്തെ ജീവിതത്തിൽ നിന്ന് അകറ്റുന്നതാണ് ലോകത്തിൽ അക്രമങ്ങൾ വർദ്ധിക്കാൻ കാരണമെന്ന് കൊളംബിയൻ ബിഷപ്പായ മോൺസിഞ്ഞോർ ജോസ് ലിബാർഡോ ഗാർസെസ് മോൺസാൽവെ. കൊളംബിയൻ ബിഷപ്പുമാരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

“ആഗോള, ദേശീയ, പ്രാദേശിക തലങ്ങളിൽ നാം ഇന്ന് നേരിടുന്ന അക്രമത്തിന്റെയും നാശത്തിന്റെയും അനുഭവങ്ങൾ ഈ തിന്മകളുടെ വേരിനെക്കുറിച്ച് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. നമ്മുടെ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ ജീവിതത്തിൽ നിന്ന് ദൈവത്തെ അകറ്റി നിർത്തിയതാണ് എല്ലാറ്റിന്റെയും കാരണം. അങ്ങനെ മനുഷ്യർ സ്വന്തം ഇഷ്ടപ്രകാരം മാത്രം ജീവിതം ക്രമപ്പെടുത്തുകയാണ്. ദൈവവിചാരം നഷ്ടപ്പെട്ട മനുഷ്യർക്ക്, എല്ലാവരും സഹോദരങ്ങളാണെന്ന ബോധം പോലും ഇന്ന് അന്യമാണ്. എല്ലാവരും ജീവിതത്തിൽ ക്രിസ്തുവിനെ സ്വീകരിച്ച് അവന്റെ ക്ഷമയ്ക്കും കരുണയ്ക്കും വേണ്ടി യാചിക്കണം. പരിശുദ്ധ കുർബാനയിലുള്ള ദൈവസാന്നിധ്യം നാം തിരിച്ചറിയണം”- ബിഷപ്പ് കുറിച്ചു.

പാപങ്ങളാണ് ദൈവത്തെയും മനുഷ്യനെയും തമ്മിൽ അകറ്റുന്നത്. നാമ്മെല്ലാവരും പാപികളാണെന്ന തിരിച്ചറിവോടെ ദൈവത്തോട് ക്ഷമ ചോദിക്കണം. ദൈവത്തിന്റെ കരുണ പാപത്തിന്റെ അടിമത്വത്തിൽ നിന്ന് നമ്മെ മോചിപ്പിക്കും. തുടർന്ന് നമ്മുടെ ഹൃദയത്തെ ദൈവസ്നേഹത്താൽ നിറച്ച് അവിടുന്ന് വിശുദ്ധീകരിക്കും. പരിശുദ്ധ കന്യകാമറിയവും വി. ​​ജോസഫും ലോകത്തിൽ സമാധാനം നിറയുന്നതിനുവേണ്ടി പ്രാർത്ഥിക്കട്ടെയെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.