
യുദ്ധം, സാമ്പത്തിക തകർച്ച, കാലാവസ്ഥാ വ്യതിയാനം എന്നിവയാൽ തകർന്ന അഫ്ഗാനിൽ ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് യുണിസെഫ് മുന്നറിയിപ്പ് നൽകുന്നു. അഫ്ഗാനിസ്ഥാനിലെ കുഞ്ഞുങ്ങൾക്കിടയിൽ പോഷകാഹാരക്കുറവ് അതീവ ഗുരുതരമായ തോതിൽ വർധിക്കുന്നതായാണ് യൂണിസെഫിന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നത്.
ആധുനിക ചരിത്രത്തിലെ ഏറ്റവും ഭീകരമായ മാനുഷിക പ്രതിസന്ധികളിലൂടെയാണ് അഫ്ഗാനിസ്ഥാൻ കടന്നുപോകുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാജ്യത്തെ അഞ്ച് വയസ്സിന് താഴെയുള്ള ഏകദേശം 3.7 ദശലക്ഷം കുഞ്ഞുങ്ങൾ ഈ വർഷം പോഷകാഹാരക്കുറവ് നേരിടുമെന്നാണ് യൂണിസെഫ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ മരണത്തിന്റെ വക്കിലാണെന്നത് ലോകത്തെ ഞെട്ടിക്കുന്ന വസ്തുതയാണ്.
2025 ൽ തങ്ങളുടെ പങ്കാളികളുടെ പിന്തുണയോടെ, ഗുരുതരമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന 610,000-ത്തിലധികം കുട്ടികളെ ചികിത്സിച്ചതായി ഏജൻസി കൂട്ടിച്ചേർത്തു. വിദേശ സഹായത്തിലെ വെട്ടിക്കുറയ്ക്കലും പാക്കിസ്ഥാൻ അതിർത്തിയിലെ വർധിച്ചുവരുന്ന സംഘർഷങ്ങളും കാരണം ഈ വർഷം അഫ്ഗാനിസ്ഥാനിൽ ഏകദേശം 200,000 കുട്ടികൾ കൂടി കടുത്ത പോഷകാഹാരക്കുറവ് നേരിടേണ്ടിവരുമെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.




