ആത്മാവിലെ സംഗീതത്തിന് ചുവടു വച്ച് ഒരു സന്യാസിനി

സി. നിമിഷ റോസ് CSN

‘മകളെ നല്ലൊരു നർത്തകിയാക്കണം’ എന്നതായിരുന്നു ആ മാതാപിതാക്കളുടെ ആഗ്രഹം. എന്നാൽ, അവരുടെ സ്വപ്നങ്ങളോട് വിട പറഞ്ഞ്, ഒരിക്കൽ ദൈവം ആത്മാവിൽ പാടിക്കൊടുത്ത സംഗീതത്തിനു ചുവടു വച്ച് ആ മകൾ സന്യാസത്തിലേക്ക് യാത്ര തിരിച്ചു. ഒരു സന്യാസിനി ആയിരിക്കുമ്പോഴും ദൈവത്തോടൊപ്പം നർത്തകിയായി തുടരുന്ന പ്രേഷിതാരാം സന്യാസിനീ സമൂഹത്തിലെ സി. ജോയേൽ എന്ന സന്യാസിനിയുടെ ജീവിതകഥയെ ചുരുക്കി ഇപ്രകാരം സമാഹരിക്കാം. ചെറുപ്പം മുതലേ മകളെ ഒരു നർത്തകിയാക്കാൻ ഉറച്ച മാതാപിതാക്കളുടെയും, നൃത്തം ഒരു പാഷൻ ആയി കണ്ട മകളുടെയും ജീവിതത്തിൽ ദൈവം മനോഹരമായി ഇടപെട്ട ചില നിമിഷങ്ങളിലൂടെ നമുക്കും കടന്നുപോകാം.

നൃത്തച്ചുവടുകളുറപ്പിച്ച ബാല്യകാലം

എറണാകുളം ജില്ലയിലെ കാലടിക്കടുത്ത് അയ്യമ്പുഴ ഇടവകയിൽ വടക്കൻ ബാബുവിന്റെയും സിനിയുടെയും രണ്ടു പെൺമക്കളിൽ മൂത്ത മകളായാണ് സി. ജോയേലിന്റെ ജനനം. മകളെ ഒരു നർത്തകിയാക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും അതിനായി കുഞ്ഞുനാൾ മുതൽ പരിശീലനം നൽകിയതുമെല്ലാം അമ്മയായിരുന്നു. ഒരു നർത്തകിയാകണമെന്ന് ആ അമ്മക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും പക്ഷേ, അതിനു സാധിച്ചില്ല. അതുകൊണ്ടു തന്നെ മക്കളെ നൃത്തം പഠിപ്പിക്കണം എന്നത് ആ അമ്മയുടെ വലിയൊരു ആഗ്രഹമായിരുന്നു. മക്കളുടെ കഴിവുകളെ അഭിമാനമായി കണ്ടിരുന്ന അപ്പച്ചൻ എന്തിനും പിന്തുണയായി തങ്ങളോടൊപ്പം ഉണ്ടായിരുന്നു എന്ന് സി. ജോയേൽ അനുസ്മരിക്കുന്നു. അങ്ങനെ പഠനം ആരംഭിച്ച നാൾ മുതൽ നൃത്തവും പഠിച്ചുതുടങ്ങി.

“ഒരുപക്ഷേ, വാക്കുകൾ കൂട്ടിവായിക്കുന്നതിനു മുമ്പുതന്നെ താളത്തിനൊത്ത് ചുവടുറപ്പിക്കാൻ ഞാൻ പഠിച്ചുകഴിഞ്ഞിരുന്നു.” അതിനാൽ രണ്ടാം ക്ലാസ് ആയപ്പോഴേക്കും സിസ്റ്ററിന്റെ അരങ്ങേറ്റവും കഴിഞ്ഞിരുന്നു. ബ്രഹ്മാനന്ദോദയം ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വരെയുള്ള പഠനം, നൃത്തത്തിന്റെ മേഖലയിൽ ഒരുപാട് അവസരങ്ങൾ സിസ്റ്ററിനു നൽകി. പത്താം ക്ലാസ് പൂർത്തിയാക്കിയത് മാണിക്യമംഗലം എൻ.എസ്.എസ് വിദ്യാലയത്തിലായിരുന്നു.

ദൈവം ഇടപെട്ട നിമിഷങ്ങൾ

“ജീവിതത്തിൽ എപ്പോഴും സന്തോഷമായിരിക്കുക എന്നതാണ് എന്റെ ആഗ്രഹം” – സിസ്റ്റർ പറയുന്നു. അതിനുള്ള ഒരു വേദിയായിരുന്നു സിസ്റ്ററിന്റെ കുടുംബം. പാടാനും ആടാനും നിരധി അവസരങ്ങൾ, എല്ലാറ്റിനും കൂട്ടായി മാതാപിതാക്കൾ, ഉള്ളിലെ ആഗ്രഹം പോലെ തന്നെ നല്ലൊരു നർത്തകിയാകാൻ ധാരാളം അവസരങ്ങൾ, ലഭിച്ച വേദികളിലൊക്കെയും വിജയങ്ങൾ… അങ്ങനെ സന്തോഷം നിറഞ്ഞ ചുറ്റുപാടിലായിരുന്നു സിസ്റ്റർ ജീവിച്ചിരുന്നത്. ജീവിതത്തിനു മുഴുവൻ നൃത്തത്തിന്റെ താളമുണ്ടായിരുന്നു. പ്രാർത്ഥനയും ദൈവചിന്തയും ഉണ്ടായിരുന്നെങ്കിലും ദൈവം സിസ്റ്ററിന് ഒരു അനുഭവമായിരുന്നില്ല. എങ്കിലും വ്യത്യസ്തതമായൊരു ജീവിതത്തെക്കുറിച്ചുള്ള ചിന്തകൾ പലപ്പോഴും കടന്നുവരാറുണ്ടായിരുന്നു എന്ന് സിസ്റ്റർ ഓർക്കുന്നു. എങ്കിലും അതൊന്നും സന്യാസം എന്ന ചിന്തയിലേക്ക് സിസ്റ്ററിനെ എത്തിച്ചിരുന്നുമില്ല.

പത്താം ക്ലാസിൽ പഠിക്കുന്ന സമയം. പരീക്ഷാസമയത്തോടടുത്ത നാളുകളിലാണ് സിസ്റ്ററിന് വയറുവേദന അനുഭവപ്പെടുന്നത്. പരിശോധനകൾക്കൊടുവിൽ, ക്രോണിക് അപ്പെൻഡിസൈറ്റിസ് ആണെന്നറിഞ്ഞു. പെട്ടെന്നു തന്നെ ഓപ്പറേഷൻ വേണമായിരുന്നു. എല്ലാം ശാന്തമായും സുഖപ്രദമായും പോയിരുന്ന സമയത്താണ് അപ്രതീക്ഷിതമായ രോഗാവസ്ഥ ഉണ്ടായത്.

സിസ്റ്ററിനെ സംബന്ധിച്ചിടത്തോളം വേദനയും ഭയവും നിറഞ്ഞ ദിനങ്ങളായിരുന്നു അവ. ഗുരുതാരാവസ്ഥയെ തരണം ചെയ്യാൻ ഓപ്പറേഷൻ സഹായിക്കുമെങ്കിലും മനസിൽ ഭയം നിറഞ്ഞിരുന്നു. വലിയ ആശങ്കയോടെയാണ് ഓപ്പറേഷൻ തീയേറ്ററിൽ കയറിയതെങ്കിലും അപ്പോൾ മുതൽ തന്റെ കാര്യങ്ങൾ നോക്കാൻ ഈശോയും മാതാവും യൗസേപ്പിതാവും കൂടെയുള്ള അനുഭവമായിരുന്നു സിസ്റ്ററിന്. അന്നു മുതലാണ് ഈശോയോടൊത്തുള്ള ജീവിതത്തെക്കുറിച്ച് സിസ്റ്റർ യഥാർത്ഥത്തിൽ ചിന്തിക്കാൻ തുടങ്ങിയത്.

സ്വപ്നങ്ങളോട് വിട പറഞ്ഞ്

പത്താം ക്ലാസിലെ പരീക്ഷക്കൊടുവിലാണ് സന്യാസം എന്ന ആശയത്തെക്കുറിച്ച് വീട്ടിൽ അവതരിപ്പിക്കുന്നത്. ആദ്യം എല്ലാവരും ഇതൊരു തമാശയായി മാത്രമേ കരുതിയുള്ളൂ. കാര്യത്തോടടുത്തപ്പോൾ എല്ലാവരും എതിർത്തു. മാതാപിതാക്കളായിരുന്നു ഏറ്റവും കൂടുതൽ ഈ തീരുമാനത്തോട് വിയോജിച്ചത്. മകളെ നല്ലൊരു നർത്തകിയാക്കുക എന്ന മാതാപിതാക്കളുടെ ആഗ്രഹവും പരിശ്രമവും പെട്ടെന്നൊരു ദിവസം അവസാനിച്ച അനുഭവമായിരുന്നു അവർക്ക്.

അവസരങ്ങളൊരുക്കിയ സഭ

സന്യാസത്തിലേക്ക് കടന്നുവന്ന നാളുകളിൽ ദൈവം തന്ന കഴിവുകളെ ദൈവത്തിനായി ഉപയോഗിക്കണമെന്ന ഒരു ആഗ്രഹമുണ്ടായിരുന്നു സിസ്റ്ററിന്റെ മനസിൽ. അതിന് പൂർണ്ണമായ പിന്തുണ നൽകുന്നതായിരുന്നു സന്യാസ പരിശീലന കാലഘട്ടം. “വീട്ടിലായിരുന്നപ്പോൾ ഹൈന്ദവ കീർത്തനങ്ങൾക്കായിരുന്നു ഞാൻ അധികവും ചുവടുവച്ചിട്ടുള്ളത്. പരിശീലന കാലയളവുകളിൽ ക്രിസ്ത്യൻ ഫോക്ക് ഡാൻസിനെ കൂടുതൽ ഇഷ്ടപ്പെടാൻ തുടങ്ങി. നൃത്തം ഒരു പ്രാർത്ഥനയായി അനുഭവിക്കാൻ കഴിഞ്ഞതും അന്നു മുതലാണ്” – സിസ്റ്റർ ലൈഫെഡേയോടു പറഞ്ഞു..

ആത്മാവിലും ശരീരത്തിലും

“സന്യാസത്തിലേക്ക് വന്നതിനു ശേഷം നൃത്തച്ചുവടുകളെ എന്റെ ആത്മാവിന്റെ ആരാധനയാക്കാൻ എന്റെ ഈശോ എനിക്ക് പഠിപ്പിച്ചുതന്നിട്ടുണ്ട്. എന്റെ ഹൃദയവും ശരീരവും കർത്താവിനോട് ഏറ്റവും അടുത്തിരിക്കുന്ന സമയങ്ങളാണ് എന്റെ ഓരോ നൃത്തചുവടുകളും” – സിസ്റ്റർ മനസ് തുറക്കുന്നു.

തന്റെ ജീവിതത്തിലെ ഒരു അനുഭവം സിസ്റ്റർ പങ്കുവച്ചത് ഇപ്രകാരമായിരുന്നു: “മനസ് ഏറെ അസ്വസ്ഥമായ ഒരു ദിവസം. അന്ന് ഒരുപാട് ഉത്തരവാദിത്വങ്ങൾ ചെയ്തുതീർക്കാനുണ്ടായിരുന്നു; മനസിൽ നിറയെ ചോദ്യങ്ങളും. അസ്വസ്ഥതകളും സങ്കടങ്ങളുമായി ഈശോയുടെ അടുത്ത് പോയിരുന്നു. പ്രത്യേകം പ്രാർത്ഥിക്കാനൊന്നും തോന്നിയില്ല. എങ്കിലും, ഞാൻ കണ്ണുകളടച്ച് ഇഷ്ടപ്പെട്ട ഒരു ഗാനം മനസിൽ പാടിത്തുടങ്ങി. അതോടൊപ്പം തന്നെ ആ ഭക്തിഗാനത്തിന്റെ ഈരടികൾക്കൊപ്പം എന്റെ ആത്മാവിൽ ഞാൻ ചുവടുകൾ വയ്ക്കാനും തുടങ്ങി. അത് ഞാൻ എന്റെ ഈശോയെ ആത്മാവിൽ അനുഭവിച്ച നിമിഷങ്ങളായിരുന്നു. ആ നൃത്തത്തിനൊടുവിൽ എന്റെ മനസ് ഏറെ ശാന്തമായി. സങ്കീർത്തകൻ പറയുന്നതുപോലെ, “ഞാൻ അങ്ങയെ പ്രകീർത്തിക്കുമ്പോൾ എന്റെ അധരങ്ങളും അങ്ങ് രക്ഷിച്ച എന്റെ ആത്മാവും ആനന്ദം കൊണ്ട്‌ ആർത്തുവിളിക്കും” (സങ്കീ. 71:23). ആത്മാവ് കൊണ്ടും ശരീരം കൊണ്ടും ദൈവത്തെ ആരാധിക്കാനായി നൃത്തം എന്ന കല ദൈവം എനിക്ക് സമ്മാനമായി തന്നതാണെന്ന തിരിച്ചറിവ് അന്നെനിക്ക് ലഭിച്ചു.” പിന്നീട് ലഭിച്ച അവസരങ്ങളിലൊക്കെയും കർത്താവിനു വേണ്ടി ആനന്ദത്തോടെ നൃത്തം ചെയ്യാൻ സിസ്റ്ററിനെ പ്രചോദിപ്പിച്ചത് ആ അനുഭവമായിരുന്നു.

ദൈവം നൽകിയ പാരിതോഷികങ്ങൾ

ഒരു സെന്റ് തോമസ് ദിനത്തിൽ, കാക്കനാട് സെന്റ് തോമസ് മൗണ്ടിലെ സ്റ്റേജിൽ ധാരാളം കലാപരിപാടികൾ നടക്കുന്നുണ്ടായിരുന്നു. അതിൽ കാണികളുടെ കണ്ണുകളെ ഈറനണിയിച്ച ഒരു ഡാൻസ് പ്രോഗ്രാമായിരുന്നു, ഹോം ഓഫ് ഫെയ്ത്തിലെ കുട്ടികളുടേത്. കാലുകൾക്ക് സ്വാധീനമില്ലാത്തവരും പൂർണ്ണമായ മാനസിക – ശാരീരിക പക്വത പ്രാപിക്കാത്തവരുമായ കുട്ടികൾ നൃത്തം ചെയ്തു! പരിപാടിക്കൊടുവിൽ ആര്യ എന്ന കുട്ടി സ്റ്റേജിൽ നിന്നും കൈകൾ കുത്തിയിറങ്ങി നിറഞ്ഞ കണ്ണുകളോടെ എന്റെ അരികിലെത്തി. സ്വന്തമായി എണീറ്റുനിൽക്കാൻ കഴിയാത്ത കുട്ടിയായിരുന്നു അവൾ. തറയിൽ ഇരുന്നുകൊണ്ടു തന്നെ എന്റെ കാൽമുട്ടോളമെത്തുന്ന അവളുടെ കൈകൾ കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു: “ജോയേലമ്മേ! ഒത്തിരി നന്ദി.”

സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. സ്റ്റേജിൽ കയറി നൃത്തം ചെയ്യാനുള്ള അവളുടെ ആഗ്രഹം സാധിച്ചതിന്റെ നിർവൃതിയായിരുന്നു ആ മുഖത്ത്. ഞാൻ അവളെ ചേർത്തുപിടിച്ച് അനുഗ്രഹിച്ചു. എന്റെ ദൈവം എനിക്ക് തന്ന വലിയ ഒരു ബഹുമതിയായിരുന്നു അത്.

കാലുകൾക്ക് സ്വാധീനമില്ലാത്ത കുട്ടിയെ നൃത്തം പഠിപ്പിക്കുക എന്നത് ഏറെ ശ്രമകരമായിരുന്നു എങ്കിലും ക്ഷമയോടെ അവരെ ഓരോരുത്തരെയും മടുപ്പു കൂടാതെ പഠിപ്പിച്ചെടുക്കാൻ എനിക്ക് കഴിഞ്ഞു എന്നത് ഒരു അനുഗ്രഹമായി ഞാൻ കരുതുന്നു. സിസ്റ്റർ ആയതിനു ശേഷം കഴിഞ്ഞ എട്ടു വർഷങ്ങളിലായി എനിക്കു ലഭിച്ച പ്രേഷിതമേഖലകളിലൊക്കെ നൃത്തം ചെയ്യാൻ ആഗ്രഹമുള്ള ഒരുപാട് പേരെ വേദിയിൽ കയറ്റി നൃത്തം ചെയ്യിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. കഴിവുകളേക്കാൾ അവരുടെ ആഗ്രഹത്തെ കാണാൻ ദൈവം എനിക്ക് കൃപ തന്നു എന്നു പറയാനേ എനിക്ക് കഴിയൂ. ആര്യയെപ്പോലെ ഒരുപാട് കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങാൻ എന്നെ ദൈവം അനുവദിച്ചു എന്നു പറയുന്ന സിസ്റ്റർ, ഏറ്റവും എളിയവനിലേക്കും ഇറങ്ങിച്ചെല്ലാൻ മടിക്കാത്ത ക്രിസ്തുവിന്റെ മണവാട്ടി തന്നെ.

“നീ ഒരു മുത്താണ്”

ഒരു സന്യാസിനി നൃത്തം ചെയ്യുന്നത് ഒരു പതിവുകാഴ്ചയല്ലല്ലോ. അതുകൊണ്ടു തന്നെ സിസ്റ്ററിന്റെ നൃത്തം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മറ്റുള്ളവരുടെ പ്രതികരണങ്ങൾ എങ്ങനെയായിരുന്നു എന്ന ചോദ്യത്തിന് സിസ്റ്റർ ഉത്തരം പറഞ്ഞത് ഇപ്രകാരമായിരുന്നു:

“പോസിറ്റീവ് ആയും നെഗറ്റീവ് ആയും പല പ്രതികരണങ്ങളും ഉണ്ടായിരുന്നു. എന്നാൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചതും പ്രചോദിപ്പിച്ചതും എന്റെ സന്യാസിനീ സമൂഹത്തിലെ തന്നെ മുതിർന്ന സഹോദരിയായ സി. ജസ്റ്റിന്റെ വാക്കുകളായിരുന്നു: ‘കുഞ്ഞേ, നീ സഭയിലെ ഒരു മുത്താണ്. നീ നൃത്തം ചെയ്യുമ്പോഴെല്ലാം അതിലൂടെ ദൈവത്തെ മഹത്വപ്പെടുത്തണം.’ മറ്റുള്ളവരുടെ അഭിപ്രായസ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ടു തന്നെ മനസു പതറാതെ മുന്നേറാൻ ഈ വാക്കുകൾ എനിക്ക് ശക്തിയാകാറുണ്ട്. ഈ നൃത്തം ചെയ്യാൻ എന്നെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചതും അതിന്റെ വീഡിയോ ചെയ്തതും എന്റെ സന്യാസിനീ സമൂഹത്തിലെ അംഗമായ സി. ക്രിസ്റ്റിയാണ്.”

തന്റെ സന്യാസിനീ സമൂഹത്തിന്റെ അനുഗ്രഹത്തോടെ ഇനിയും കർത്താവിനു വേണ്ടി നൃത്തം ചെയ്യാനുള്ള ആവേശത്തിലാണ് സിസ്റ്റർ. നൃത്തകലയിലെ പ്രാർത്ഥനാനുഭവം മറ്റുള്ളവർക്ക് മനസിലാകുംവിധം പഴയനിയമത്തെ ആസ്പദമാക്കിയുള്ള ബൈബിൾ നൃത്താവിഷ്‌കാരങ്ങൾ ചെയ്യാനുള്ള ഒരുക്കങ്ങളിലാണ് സിസ്റ്റർ ഇപ്പോൾ. അതോടൊപ്പം തന്നെ നൃത്തം ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും അംഗവൈകല്യങ്ങളാലും മറ്റും മാറ്റിനിർത്തപ്പെടുന്നർക്കു വേണ്ടിയും പ്രവർത്തിക്കണം എന്ന ചിന്തയും സിസ്റ്ററിന്റെ മറ്റൊരു ലക്ഷ്യമാണ്.

പ്രേഷിതാരാം സന്യാസിനീ സമൂഹം (CPS)

1977-ലാണ് പ്രേഷിതാരാം സന്യാസിനീ സമൂഹം സ്ഥാപിതമാകുന്നത്. ബഹുമാനപ്പെട്ട ജോർജ് കൊച്ചുപറമ്പിലച്ചനാണ് ഈ സന്യാസിനീ സഭയുടെ സ്ഥാപകൻ. എറണാകുളത്ത് കാലടി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സന്യാസിനീ സമൂഹം ‘ക്രിസ്തുവിൽ പാവങ്ങളെ സേവിക്കുക’ എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. മുന്നൂറോളം അംഗങ്ങളുള്ള ഈ സന്യാസിനീ സമൂഹം കേരളത്തിലും ഇന്ത്യക്കകത്തും പുറത്തും വിവിധ ശുശ്രൂഷകൾ ചെയ്തുവരുന്നു.

സി. നിമിഷ റോസ് CSN

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.