ലാറ്റിനമേരിക്കൻ – കരീബിയൻ രാജ്യങ്ങളിൽ കുട്ടികൾക്കെതിരെയുള്ള ഗാർഹിക പീഡനങ്ങൾ വർദ്ധിക്കുന്നു: യൂണിസെഫ്

മധ്യ-തെക്കൻ അമേരിക്കൻ രാജ്യങ്ങളിലും കരീബിയൻ പ്രദേശങ്ങളിലും കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളും ശൈശവകൊലപാതകങ്ങളും വർദ്ധിക്കുന്നുവെന്ന് യൂണിസെഫ് അറിയിച്ചു. മൂന്നിൽ രണ്ടു കുട്ടികളും ഗാർഹികപീഡനങ്ങൾക്കിരയാകുന്നുണ്ട്. ശിശുക്കളുടെയും പ്രായപൂർത്തിയാകാത്തവരുടെയും കൊലപാതകങ്ങളുടെ എണ്ണം ആഗോള ശരാശരിയേക്കാൾ നാലിരട്ടിയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

“ലാറ്റിനമേരിക്കയിലും കരീബിയനിലും കുട്ടികൾക്കെതിരെയുള്ള അക്രമത്തിന്റെ സ്ഥിതിവിവരപ്പട്ടികയുടെ രൂപരേഖ” എന്ന പേരിൽ കഴിഞ്ഞദിവസം യൂണിസെഫ് പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങൾ. ശിശുക്കളുടെയും പ്രായപൂർത്തിയാകാത്തവരുടെയും കൊലപാതകങ്ങളുടെ എണ്ണം ആഗോളതലത്തിൽ ഒരു ലക്ഷത്തിൽ മൂന്നായിരിക്കെ, തെക്കനമേരിക്കൻ ഭൂഖണ്ഡത്തിൽ ഇത് ഒരു ലക്ഷത്തിൽ 12,6 ആണെന്ന് യുണിസെഫ് വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പത്തിനും പത്തൊൻപത്തിനും ഇടയിലുള്ള ചെറുപ്പക്കാരുടെ മരണത്തിന് പ്രധാനകാരണം കൊലപാതകമാണ്. ഇവരിൽ പെൺകുട്ടികളേക്കാൾ ആൺകുട്ടികളാണ് കൊലപാതകങ്ങൾക്കിരയാകുന്നത്. പെൺകുട്ടികളേക്കാൾ ഏഴിരട്ടിയോളം ആൺകുട്ടികളാണ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും കരീബിയൻ പ്രദേശങ്ങളിലും കൊല്ലപ്പെടുന്നത്. ഈ പ്രദേശങ്ങളിലെ കുട്ടികളിൽ അഞ്ചിൽ രണ്ടു പേരും, വീടുകളിലും സ്‌കൂളുകളിലും പൊതുപ്രസ്ഥാനങ്ങളിലും ശാരീരിക ശിക്ഷയിൽ നിന്ന് നിയമപരമായ പരിരക്ഷ ഉറപ്പുനൽകാത്ത രാജ്യങ്ങളിലാണ് താമസിക്കുന്നതെന്നും ശിശുക്ഷേമനിധി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.