
നൈജീരിയയിലെ കടുന സംസ്ഥാനത്ത് നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട വൈദികൻ മോചിതനായി. കുർമിൻ റിസ്ഗയിലെ സെന്റ് ജെറാൾഡ് ക്വാസി ഇടവക വികാരി ഫാ. ഇബ്രാഹിം ആമോസാണ് അക്രമികളിൽ നിന്നും മോചിതനായത്. ഏപ്രിൽ 24ന് അർധരാത്രിയിൽ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നുമാണ് തട്ടിക്കൊണ്ടു പോകപ്പെട്ടത്.
ഫാദർ ആമോസ് പരിക്കുകൾ ഒന്നും ഏൽക്കാതെയാണ് തിരിച്ചെത്തിയിരിക്കുന്നതെന്ന് കഫഞ്ചൻ രൂപതയുടെ ചാൻസലർ ഫാദർ ജേക്കബ് ഷാനറ്റ് വെളിപ്പെടുത്തി. തട്ടിക്കൊണ്ടുപോയ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ, ഫാദർ ഷാനറ്റ് വിശ്വാസികളോട് വൈദികന്റെ മോചനത്തിനായി പ്രാർഥന അഭ്യർഥിച്ചിരുന്നു. മോചനദ്രവ്യത്തിനുവേണ്ടി നൈജീരിയയിൽ ഇത്തരത്തിലുള്ള തട്ടിക്കൊണ്ടുപോകലുകൾ പെരുകുന്നത് ഫ്രാൻസിസ് മാർപാപ്പയിലും ആശങ്ക ഉയർത്തിയിരുന്നു.