വിഴിഞ്ഞം സമരം: ജനാധിപത്യപരമായ രീതിയിൽ പരിഹരിക്കാൻ സർക്കാർ തയ്യാറാകണം – കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ

കഴിഞ്ഞ 131 ദിവസമായി വിഴിഞ്ഞത്ത് നടന്നുവരുന്ന മത്സ്യത്തൊഴിലാളി സമരത്തെ നിക്ഷിപ്ത താല്പര്യത്തോടെ എതിർസമരം ചെയ്യുന്ന വിഭാഗത്തിൻറെ ഒത്താശയോടുകൂടി അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാർ നിലപാട് ജനാധിപത്യവിരുദ്ധമാണ്. നൂറിൽപരം കേസുകൾ ഇതിനോടകം എടുത്തിട്ടുണ്ട്.

അതിനുപുറമേ വീണ്ടും ആർച്ച് ബിഷപ്പിനെ ഉൾപ്പെടെ ഗൂഢാലോചന കേസിൽ പ്രതികളാക്കി കള്ളക്കേസുകൾ എടുത്ത് സമരത്തെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനുള്ള നീക്കം ജനാധിപത്യ ഭരണകൂടത്തിന് ചേർന്നതല്ല എന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമിതി ആരോപിച്ചു.

ആവശ്യങ്ങളൊക്കെ നടപ്പിലാക്കി എന്ന് പറയുന്ന സർക്കാർ ഇതിനോടകം നടത്തിയ ചർച്ചകളിൽ ഒന്നിന്റെയെങ്കിലും മിനിട്സ് പുറത്തുവിടാൻ തയ്യാറാകണം. 5500 രൂപ വാടക നൽകി പുറത്തിറക്കിയ ഉത്തരവ് നടപ്പിലാക്കി കാണിക്കാൻ ഒരു കുടുംബത്തെയെങ്കിലും സിമൻറ് ഗോഡൗണിൽ നിന്ന് വാടകവീട്ടിലേക്ക് ഈ തുകയ്ക്ക് പുനരുധിവസിപ്പിച്ച് കാണിക്കാനും തയ്യാറാകണം. ദുർബല വിഭാഗങ്ങൾക്ക് നേരെ എന്തും ആകാമെന്ന നിലപാട് പുന പരിശോധിച്ച്, സമരം ജനാധിപത്യപരമായി തീർപ്പാക്കാൻ സർക്കാർ തയ്യാറാകണം എന്ന് കെ എൽ സി എ സംസ്ഥാന പ്രസിഡണ്ട് ആൻറണി നൊറോണ, ജനറൽ സെക്രട്ടറി ഷെറി ജെ തോമസ് എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.