കെസിബിസി പ്രതിനിധി സംഘം ബഫർസോൺ വിഷയത്തിൽ മുഖ്യമന്ത്രിയെ സന്ദർശിച്ചു

കേരളത്തിലെ ജനങ്ങളെ ആകമാനം, വിശിഷ്യാ കർഷകരെയും സംരക്ഷിത വനമേഖലകളുടെ പരിസര പ്രദേശങ്ങളിൽ ജീവിക്കുന്നവരെയും പ്രതിസന്ധിയിൽ അകപ്പെടുത്തിയിരിക്കുന്ന ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ട് കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ സന്ദർശിച്ച് ചർച്ച നടത്തുകയും നിവേദനം സമർപ്പിക്കുകയും ചെയ്തു. അപ്രഖ്യാപിത കുടിയിറക്ക് വഴിയായി ലക്ഷക്കണക്കിന് പേർ ഭവനരഹിതരായി മാറിയേക്കാവുന്ന സാഹചര്യം പൂർണമായി ഒഴിവാക്കപ്പെടണമെന്ന് പ്രതിനിധി സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഏറ്റവും മികച്ച രീതിയിൽ വനവും വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടുന്ന കേരളത്തിൽ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ പരിഗണിച്ചുള്ള നിയമങ്ങൾ അടിച്ചേൽപ്പിക്കപ്പെടുന്നത് സാമാന്യ നീതിയുടെ ലംഘനമാണെന്ന് പ്രതിനിധിസംഘം ചൂണ്ടിക്കാണിച്ചു. ഈ ഭീഷണിയെ അതിജീവിക്കുന്നതിനായി ക്രിയാത്മകമായ നിർദ്ദേശങ്ങൾ പങ്കുവച്ച പ്രതിനിധി സംഘത്തെ മുഖ്യമന്ത്രി വളരെ അനുഭാവപൂർവ്വം ശ്രവിക്കുകയും കാര്യക്ഷമമായ ഇടപെടലുകൾ ഉറപ്പു നൽകുകയും ചെയ്തു.

ഇക്കോ സെൻസിറ്റീവ് സോൺ പുനർ നിർണയിച്ച് സുപ്രീം കോടതിയിൽ റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്യുക, പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർത്ത് പ്രമേയം പാസാക്കുക, കേരളത്തിലെ സവിശേഷമായ സാഹചര്യം പ്രത്യേക പ്രതിനിധി സംഘത്തെ നിയോഗിച്ച് കേന്ദ്ര മന്ത്രിസഭയെ ധരിപ്പിക്കുക, വിശദമായ പഠനങ്ങളും വിലയിരുത്തലുകളും യുദ്ധകാലാടിസ്ഥാനത്തിൽ നടത്തി റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.

ഈ വിഷയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒത്തൊരുമിച്ച് പ്രവർത്തിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച മുഖ്യമന്ത്രി, സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുന്നതായി അറിയിച്ചു. സർക്കാർ വേണ്ട രീതിയിലുള്ള ഇടപെടലുകൾ നടത്തി പരിഹാരം കണ്ടെത്താത്ത പക്ഷം, കേരള കത്തോലിക്കാ സഭാ നേതൃത്വവും ജനങ്ങൾക്കൊപ്പം പ്രക്ഷോഭങ്ങൾക്ക് അണിനിരക്കുമെന്നും പ്രതിനിധി സംഘം അറിയിക്കുകയുണ്ടായി. ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ബിഷപ്പുമാരായ ഡോ. വർഗീസ് ചക്കാലയ്ക്കൽ, സാമുവൽ മാർ ഐറേനിയോസ്, മാർ ജോസ് പുളിക്കൽ, മാർ തോമസ് തറയിൽ എന്നിവർക്കൊപ്പം മന്ത്രി റോഷി അഗസ്റ്റിൻ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കെഎസ്എസ്എഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ എന്നിവരാണ് കെസിബിസി പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.

മുഖ്യമന്ത്രിയെ സന്ദർശിച്ചതിനു ശേഷം വനം മന്ത്രി എ. കെ. ശശീന്ദ്രനെയും സന്ദർശിച്ച് ചർച്ച നടത്തുകയും നിർദ്ദേശങ്ങൾ അറിയിക്കുകയും ചെയ്തു. തുടർന്ന്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെയും, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും സന്ദർശിച്ച പ്രതിനിധി സംഘം, ബഫർസോൺ വിഷയത്തിൽ ഇടപെടുന്നതിനുള്ള അഭിനന്ദനങ്ങൾ അറിയിച്ചതോടൊപ്പം, ഭരണ പ്രതിപക്ഷ കക്ഷികളുടെ പൂർണ പിന്തുണ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്ന ജനങ്ങൾക്ക് ഉണ്ടായിരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ/ഔദ്യാഗിക വക്താവ്,
ഡയറക്ടർ,പിഒസി.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.