വിഴിഞ്ഞം സമരം: പ്രശ്‌നപരിഹാരത്തിലേക്ക് നയിക്കുന്നതാകണം ഉത്തരവാദിത്തപ്പെട്ടവരുടെ പ്രസ്താവനകളും ഇടപെടലുകളും: കെസിബിസി

വിഴിഞ്ഞം തുറമുഖ കവാടത്ത് മത്സ്യതൊഴിലാളികള്‍ നടത്തുന്ന അതിജീവന സമരം 130 ദിവത്തിലധികമായി തുടരുകയാണ്. തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഈ സമരമുഖത്ത് ഇന്നലെ ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. വിഴിഞ്ഞം തുറമുഖ നിര്‍മാണം മൂലം ഉണ്ടാകുന്ന അടിസ്ഥാനപ്രശ്‌നങ്ങളെ പഠിക്കണമെന്നും അവയ്ക്കു പരിഹാരം കണ്ടെത്തണമെന്നും ഉള്ള ആവശ്യങ്ങള്‍ അവഗണിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാനസര്‍ക്കാരിന്റെയും നിലപാടുകളെ ന്യായികരിക്കാനാവില്ല. സമരത്തിന് നേതൃത്വം കൊടുക്കുന്ന സമരസമിതി നേതാക്കള്‍ക്കൊപ്പം അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ് തോമസ് നെറ്റോയ്ക്കും സഹായമെത്രാന്‍ ആര്‍ ക്രിസ്തുദാസിനും വൈദികര്‍ക്കും എതിരെ കേസെടുത്ത പോലീസിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്.

ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ഈ സമരം അക്രമാസക്തമാകാനുണ്ടായ സാഹചര്യം ഒഴിവാക്കപ്പെടേണ്ടതായിരുന്നു. രാഷ്ട്രീയ നേതൃത്വവും ഭരണസംവിധാനങ്ങളും പ്രശ്‌നം വഷളാക്കുന്നവിധം പ്രസ്താവനകള്‍ നടത്തുന്നത് അനുചിതവും ദുരുദ്യേശപരവുമാണ്. ഉത്തരവാദിത്തപ്പെട്ടവര്‍ പ്രശ്‌നം പരിഹരിക്കാന്‍ തക്കവിധം പ്രതികരിക്കണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളത്. ഇന്നലെ ഉണ്ടായ അനിഷ്ടസംഭവങ്ങളെക്കുറിച്ച് നിഷ്പക്ഷവും നീതിപൂര്‍വകവുമായ അന്വേഷണം നടത്തേണ്ടതാണെന്നും ഈ സമരം കൂടുതല്‍ വഷളാകാതെ എത്രയും വേഗം പരിഹരിക്കപ്പെടാന്‍ വേണ്ട സത്വര നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും കെസിബിസി ആവശ്യപ്പെടുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.