‘കണ്ണു ചിമ്മാനോ, ശരിക്കും ചിരിക്കാനോ സാധിക്കുന്നില്ല; എങ്കിലും യേശു കൂടെയുണ്ട്.’ -രോഗാവസ്ഥയിലും വിശ്വാസം ഏറ്റുപറഞ്ഞു പോപ്പ് താരം ജസ്റ്റിൻ ബീബർ

ഗുരുതരമായ രോഗം ബാധിച്ച അവസ്ഥയിൽ യേശു തന്നെ എങ്ങനെ സഹായിക്കുന്നുവെന്ന് വെളിപ്പെടുത്തി പ്രശസ്ത പോപ്പ് താരം ജസ്റ്റിൻ ബീബർ. റാംസീ ഹണ്ട് സിൻഡ്രോം എന്ന രോഗം ബാധിച്ച അദ്ദേഹത്തിന്റെ മുഖത്തിന് ഇപ്പോൾ പക്ഷാഘാതം ബാധിച്ചിരിക്കുകയാണ്. കണ്ണു ചിമ്മാനോ, ശരിക്കും ചിരിക്കാനോ പോലും സാധിക്കുന്നില്ല. ഈ ഒരു അവസ്ഥയിൽ യേശുവിന്റെ സഹായം എങ്ങനെ ലഭിക്കുന്നുവെന്നാണ് ദശലക്ഷക്കണക്കിന് ആരാധകരുള്ള ഈ യുവ പോപ്പ് ഗായകന്റെ വെളിപ്പെടുത്തൽ. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് 28-കാരനായ ഈ കനേഡിയൻ ഗായകൻ വീഡിയോ സന്ദേശം നൽകിയിരിക്കുന്നത്.

‘…എന്റെ എല്ലാ അസ്വസ്ഥതകളിലൂടെയും എന്നെ രൂപകല്പന ചെയ്തവനും എന്നെ അറിയുന്നവനുമായ യേശുക്രിസ്തുവിൽ ഞാൻ ആശ്വാസം കണ്ടെത്തുന്നു. അവന് എന്റെ കാര്യങ്ങളെല്ലാം അറിയാം. ആരും അറിയരുതെന്ന് ഞാൻ ആഗ്രഹിക്കുന്ന എന്റെ ഇരുണ്ട ജീവിതം അവനറിയാം. അവൻ എന്നെ അവന്റെ സ്നേഹനിർഭരമായ കരങ്ങളിലേക്ക് നിരന്തരം സ്വാഗതം ചെയ്യുന്നു. ഞാൻ അഭിമുഖീകരിക്കുന്ന ഈ ഭയാനകമായ രോഗാവസ്ഥയിലും അവിടുന്ന് എനിക്ക് സമാധാനം നൽകുന്നു. ഈ കൊടുങ്കാറ്റ് കടന്നുപോകുമെന്ന് എനിക്കറിയാം. യേശു എന്നോടൊപ്പമുണ്ട്.’

ഒരിക്കൽ അദ്ദേഹം തന്റെ ആരാധകരുമായി ഒരു വീഡിയോ പങ്കുവച്ചിരുന്നു. അതിൽ അദ്ദേഹം, തനിക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും തന്റെ രോഗത്തിന്റെ അവസ്ഥകളെ കുറിച്ചും കൂടുതൽ വിശദീകരിച്ചിരുന്നു.

തന്റെ രോഗാവസ്ഥയെക്കുറിച്ച് ആരാധകരുമായി വെളിപ്പെടുത്തിയതിലൂടെയും പ്രാർത്ഥനാസഹായം ചോദിച്ചതിലൂടെയും അദ്ദേഹം നിരവധി പേർക്ക് പ്രചോദനമാവുകയാണ്. രോഗം മൂലം മുഖത്തിനു സംഭവിച്ച പക്ഷാഘാതം താൽക്കാലികം മാത്രമാണ്. ആഴ്ചകൾക്കുള്ളിൽ ബീബർ പൂർണ്ണമായി സുഖം പ്രാപിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.