മ്യാന്മാറിൽ നിന്ന് പലായനം ചെയ്ത് ആയിരക്കണക്കിന് ക്രൈസ്തവർ

മ്യാന്മറിലെ കാരെൻ, മോൺ സംസ്ഥാനങ്ങളിൽ നിന്ന് പലായനം ചെയ്ത് 12,000- ഓളം ക്രൈസ്തവർ. സൈന്യത്തിന്റെ ഷെല്ലാക്രമണങ്ങളും വ്യോമാക്രമണങ്ങളും തുടരുന്നതാണ് ഇവരുടെ പലായനത്തിനു കാരണം.

ആങ് സാങ് സൂചിയുടെ നേതൃത്വത്തിലുള്ള മ്യാന്മർ സർക്കാരിനെ കഴിഞ്ഞ ഫെബ്രുവരിയിൽ സൈന്യം അട്ടിമറിച്ചിരുന്നു. അന്നു മുതൽ സൈന്യം, മ്യാന്മറിലെ ജനങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടരുകയാണ്. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി കാരെൻ, മോൺ സംസ്ഥാനങ്ങളിൽ സൈന്യവും പ്രാദേശിക പ്രതിരോധസംഘടനകളും തമ്മിൽ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്.

“സൈനിക വ്യോമാക്രമണങ്ങളിലും ഷെല്ലാക്രമണങ്ങളിലും വീടുകൾ കത്തിനശിക്കുകയാണ്. അതിനാൽ പല കുടുംബങ്ങളും പ്രാണരക്ഷാർത്ഥം ഇപ്പോൾ ഗുഹകളിൽ ഒളിച്ചിരിക്കുകയാണ്. മേയ് മൂന്ന് വരെയുള്ള കണക്കുകൾ പ്രകാരം, ഏകദേശം 8,000 കാരെൻ നിവാസികൾ മോൺ സംസ്ഥാനത്തെ ബിലിൻ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ട്. ഏപ്രിൽ 29 മുതൽ മേയ് ഒന്ന് വരെയുള്ള കാലയളവിൽ സൈനിക വ്യോമാക്രമണത്തിൽ 12,000 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്”- ഫ്രീ ബർമ്മ റേഞ്ചേഴ്‌സിന്റെ സ്ഥാപകനായ ഡേവിഡ് യൂബാങ്ക് പറഞ്ഞു. പലായനം ചെയ്യുന്ന ആളുകൾ കടുത്ത പ്രതിസന്ധികളാണ് നേരിടുന്നത്. പ്രത്യേകിച്ച് നവജാതശിശുക്കൾക്കും ഗർഭിണികൾക്കും സഹായം ആവശ്യമാണെന്ന് കാരെൻ മനുഷ്യാവകാശ സംഘടന അറിയിച്ചു.

മ്യാന്മറിൽ തുടരുന്ന സംഘർഷത്തിൽ 5,66,100- ലധികം ആളുകൾ ഇതിനോടകം പലായനം ചെയ്തിട്ടുണ്ട്. അതിൽ 34,500 പേർ ഇന്ത്യയിലും 1,600 പേർ തായ്‌ലൻഡിലുമാണ് എത്തിച്ചേർന്നിരിക്കുന്നതെന്ന് യുഎൻ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.