ഫ്രാൻസിസ് മാർപാപ്പയോടൊപ്പം പഠിച്ച ജെസ്യൂട്ട് വൈദികൻ അന്തരിച്ചു

ഫ്രാൻസിസ് മാർപാപ്പയുടെ കീഴിൽ പഠിക്കുകയും വാഴ്ത്തപ്പെട്ട എൻറിക് ആഞ്ചെല്ലിയിൽ നിന്ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്ത ജസ്യൂട്ട് വൈദികനായ ഫാ. ജുവാൻ കാർലോസ് കോൺസ്റ്റബിൾ അന്തരിച്ചു. ജനുവരി 24, ചൊവ്വാഴ്ച, 84-മത്തെ വയസ്സിൽ, ഹൃദയാഘാതത്തെത്തുടർന്ന് ആയിരുന്നു അദ്ദേഹത്തിൻറെ മരണം. ബ്യൂണസ് അയേഴ്‌സ് പ്രവിശ്യയിലെ സാൻ മിഗുവലിൽ സ്ഥിതി ചെയ്യുന്ന ഈശോസഭയുടെ ആശ്രമത്തിൽ മൃതസംസ്കാര ചടങ്ങുകൾ നടത്തി.

ദീർഘനാളായി രൂപതയ്ക്കുള്ളിൽ അദ്ദേഹം നടത്തി വന്നിരുന്ന സേവനം സ്തുത്യർഹമായിരുന്നു. അവയ്‌ക്കൊക്കെ നന്ദി അർപ്പിക്കുന്നതായി അനാതുയ രൂപത അറിയിച്ചു. “പിതാവായ ദൈവത്തോടൊപ്പം ഇതിനകം സമൃദ്ധി ആസ്വദിക്കുന്ന പ്രിയ വൈദികൻ ജുവാൻ കാർലോസിനെ നന്ദിയുള്ള ഹൃദയത്തോടെ ഞങ്ങൾ ഓർക്കുന്നു”-രൂപതാധികൃതർ അറിയിച്ചു. ഈ പ്രദേശത്ത് ഈശോസഭയുടെ സാന്നിധ്യം പുനരാരംഭിക്കുകയും 45 വർഷക്കാലം അവിടെ തുടരുകയും ചെയ്തിരുന്നു.

ഫാദർ ജുവാൻ കാർലോസ് കോൺസ്റ്റബിൾ 1938 ഏപ്രിൽ 30 ന് കാറ്റമാർക്കയിലാണ് ജനിച്ചത്. പിന്നീട് ടുകുമാൻ, കോർഡോബ പ്രവിശ്യകളിൽ താമസിച്ചു. 1956-ൽ തന്റെ പതിനെട്ടാം വയസ്സിൽ അദ്ദേഹം സൊസൈറ്റി ഓഫ് ജീസസ്സിൽ പ്രവേശിച്ചു. സാൻ മിഗുവലിലെ സുപ്പീരിയർ ഫാക്കൽറ്റികളിൽ തത്ത്വചിന്തയിലും ദൈവശാസ്ത്രത്തിലും പരിശീലനം നേടുന്നതിനിടെ ഫ്രാൻസിസ് മാർപാപ്പയുടെ സഹചാരിയായിരുന്നു അദ്ദേഹം. 1970 ഡിസംബർ 19-ന് സാൻ മിഗുവലിലെ കൊളീജിയോ മാക്സിമോ ഡി സാൻ ജോസിൽ വച്ചു പൗരോഹിത്യം സ്വീകരിച്ചു. അന്നത്തെ ലാ റിയോജയിലെ ബിഷപ്പും ഇന്ന് വാഴ്ത്തപ്പെട്ട പദത്തിൽ എത്തി നിൽക്കുന്ന വ്യക്തിയും ആയ എൻറിക് ആഞ്ചെല്ലിയിൽ നിന്നും ആണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.