‘അപ്രധാനമായ പാരമ്പര്യങ്ങളെ’ മുറുകെപ്പിടിക്കുന്നത് അപകടം: ഫ്രാൻസിസ് പാപ്പാ

അപ്രധാനമായ പാരമ്പര്യങ്ങളെ മുറുകെപ്പിടിച്ച് മുന്നോട്ടു നീങ്ങുന്നത് സഭാജീവിതത്തിന് അപകടമെന്ന് ഫ്രാൻസിസ് മാർപാപ്പ. ജൂൺ ഒന്നിന് വത്തിക്കാനിൽ വിദ്യാഭ്യാസ സമ്മേളനത്തിന്റെ സംഘാടകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സഭാജീവിതത്തിന്, പാരമ്പര്യങ്ങളിൽ നിന്ന് ആശയങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു പോകുന്നതിനു പകരം പലരും പാരമ്പര്യങ്ങളെ മുറുകെപ്പിടിച്ച് പിന്നോട്ടാണ് നടക്കുന്നത്. അവർ തങ്ങളുടെ തന്നെ ലോകത്തെ ചുരുക്കുകയാണ്. ഇത്തരത്തിലുള്ള പാരമ്പര്യസംരക്ഷകർ മുറുകെപ്പിടിക്കുന്നത് പ്രയോജനരഹിതമായ പാരമ്പര്യങ്ങളെയാണ്. വിദ്യാഭ്യാസം എല്ലായ്‌പ്പോഴും ഭൂതകാലത്തിൽ വേരൂന്നിയതാണ്. എന്നാൽ അത് കൂടുതൽ ആശയങ്ങൾ ഉൾക്കൊണ്ട് വളരാനായിട്ടാണ്. പഴമയും പുതുമയും ചേർന്ന് ഒരു പുതിയ മാനവികതയാണ് സൃഷ്ടിക്കേണ്ടത്” – പാപ്പാ പറഞ്ഞു. സഭാപഠനത്തിന്റെ വളർച്ചയെക്കുറിച്ചെഴുതിയ ലെറിൻസിലെ വി. വിൻസെന്റിനെക്കുറിച്ചും പാപ്പാ പരാമർശിച്ചു.

ഗ്ലോബൽ കോംപാക്റ്റ് ഓൺ എഡ്യൂക്കേഷൻ എന്ന സംഘടനയുടെ അംഗങ്ങളുമായാണ് പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്‌ച നടത്തിയത്. സംഘടനയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും വരുംവർഷങ്ങളിൽ അതിന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമായിരുന്നു ഈ കൂടിക്കാഴ്ച. വിദ്യാഭ്യാസ മേഖലയിലുള്ള അവരുടെ പ്രവർത്തനങ്ങൾക്കും പാപ്പാ ഈ അവസരത്തിൽ നന്ദി അറിയിച്ചു. അവരുടെ ഈ പ്രവർത്തനങ്ങൾ സഭയുടെ സിനഡൽ പ്രക്രിയക്ക് നൽകുന്ന ഏറ്റവും മികച്ച സംഭാവനയാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.