നൈജീരിയയിൽ ഇസ്ലാമിക ഭീകരരുടെ ആക്രമണം; മൂന്ന് ക്രൈസ്തവർ കൊല്ലപ്പെട്ടു

നൈജീരിയയിലെ ചിബോക് ഗ്രാമത്തിൽ ഇസ്ലാമിക ഭീകരർ നടത്തിയ ആക്രമണത്തിൽ മൂന്ന് ക്രൈസ്തവർ കൊല്ലപ്പെട്ടു. ഒക്ടോബർ നാലിനുണ്ടായ ആക്രമണം ക്രൈസ്തവരെ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു. ആക്രമണത്തിൽ ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും നിരവധി വീടുകൾ കത്തി നശിക്കുകയും ചെയ്തതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു.

ചിബോക്ക് പട്ടണത്തിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള ഗ്രാമം വളയുകയും വെടിയൊച്ച കേട്ട് പലായനം ചെയ്യാൻ ശ്രമിച്ച ക്രിസ്ത്യൻ ഗ്രാമവാസികൾക്ക് നേരെ വെടിയുതിർക്കുകയും ആയിരുന്നു. പുലർച്ചെ 2:30 ന് ശേഷമായിരുന്നു ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം. ശക്തമായ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് പ്രദേശവാസിയായ ഡാനിയേൽ മൂസ പറഞ്ഞു.

ചിബോക് പ്രദേശം ലക്ഷ്യമാക്കി വർഷങ്ങളായി നിരവധി ഭീകരപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബോർണോ സംസ്ഥാനത്തെ എൻജിലാങ് ഗ്രാമത്തിലും ഭീകരർ ആക്രമണം നടത്തിയിരുന്നു. ബൊക്കോ ഹറാം ആണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാദേശിക വാർത്താ റിപ്പോർട്ടുകൾ പറയുന്നുണ്ടെങ്കിലും, ആക്രമണം നടത്തിയവർ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയിലെ (ISWAP) അംഗങ്ങളാണെന്ന് ഒരു പ്രദേശവാസി തിരിച്ചറിഞ്ഞു.

ഭീകരർ ആറ് വീടുകൾക്ക് തീയിടുകയും ഗ്രാമത്തിലെ ക്രിസ്ത്യാനികളുടെ അഞ്ച് കടകൾ കൊള്ളയടിക്കുകയും തുടർന്ന് കടകൾ കത്തിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പ്രദേശത്തെ മറ്റ് മൂന്ന് ക്രിസ്ത്യൻ ഗ്രാമങ്ങളെയാണ് ആക്രമിച്ചത്. ചിബോക്ക് ലോക്കൽ ഗവൺമെന്റ് കൗൺസിൽ ചെയർമാൻ ഉമർ ഇബ്രാഹിം ഞിലാംഗ് ക്രിസ്ത്യൻ സമൂഹത്തിന് നേരെ ആക്രമണം ഉണ്ടായതായി സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.