ഇറാഖിൽ വിശുദ്ധവാരം ആഘോഷിക്കാനൊരുങ്ങി 25,000 ക്രൈസ്തവർ

വർഷങ്ങൾ നീണ്ട പീഡനങ്ങൾക്കു ശേഷം, ഇറാഖിലെ ഖരാഖോഷ് നഗരത്തിൽ 25,000 അസ്സീറിയൻ ക്രൈസ്തവരാണ് ഈ വർഷം വിശുദ്ധവാരം ആചരിക്കുന്നത്. കഴിഞ്ഞ വർഷം ഫ്രാൻസിസ് മാർപാപ്പയുടെ  അപ്പോസ്തോലിക സന്ദർശനവും ഇറാഖിൽ നടന്നിരുന്നു.

ഓശാന ദിനമായ ഏപ്രിൽ പത്തിന് അന്ത്യോക്യയിലെ സിറിയൻ ഓർത്തഡോക്‌സ് പാത്രിയർക്കീസായ  അഭിവന്ദ്യ ഇഗ്നേഷ്യസ് ജോസഫ് മൂന്നാമൻ യൂനാന്റെ കാർമ്മികത്വത്തിലാണ് പരിശുദ്ധ കുർബാനയും തിരുക്കർമ്മങ്ങളും നടന്നത്. ഒലിവ് ശിഖരങ്ങൾ കൊണ്ട് അലങ്കരിച്ച കുരിശും വഹിച്ചുകൊണ്ടാണ്  പാത്രിയർക്കീസ് യൂനാൻ പ്രദക്ഷിണം നയിച്ചത്. അൽ-താഹിറയിലെ അമലോത്ഭവ മാതാവിന്റെ നാമത്തിലുള്ള കത്തീഡ്രലിൽ നിന്നും ആരംഭിച്ച പ്രദക്ഷിണത്തിൽ അറബിയിലും സുറിയാനിയിലുമാണ് വിശ്വാസികൾ ജപമാല ചൊല്ലുകയും ഓശാന ഗീതങ്ങൾ ആലപിക്കുകയും ചെയ്തത്. യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള ഇറാഖി പ്രവാസികൾ ഉൾപ്പെടെ, ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നും വിശ്വാസികൾ തിരുക്കർമ്മങ്ങൾക്ക് എത്തിയിരുന്നു.

നിനെവേ സമതലത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ക്രൈസ്തവ ഭൂരിപക്ഷ നഗരമാണ് ഖരാഖോഷ്.  മൊസൂളിൽ നിന്ന് ഏകദേശം 20 മൈൽ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഈ നഗരം 2014- ൽ ഐ.എസ്- ന്റെ തലസ്ഥാനമായിരുന്നു. മൊസൂളും ഖരാഖോഷും ഉൾപ്പെടുന്ന നിനവേ സമതലത്തിലെ നഗരങ്ങളിൽ ഒന്നര ദശലക്ഷം ക്രൈസ്തവരാണ് വസിച്ചിരുന്നത്. 2004- ലെ രണ്ടാം യുഎസ് അധിനിവേശത്തിനും 2014- ലെ ഐ.എസ് -ന്റെ ഉദയത്തിനും ശേഷം ഇറാഖിൽ 3,00,000 ക്രൈസ്തവർ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.