ഇറാനിൽ ക്രൈസ്തവർക്ക് കഠിനമായ ജയിൽശിക്ഷകൾ; ദേശീയസുരക്ഷക്ക് ഭീഷണിയെന്ന് വാദം

ആഗസ്റ്റ് 13-ന് ഇറാനിലെ അധികാരികൾ ടെഹ്‌റാനിലെ ഒരു ക്രിസ്ത്യൻ ദമ്പതികളെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. ഹൊമയൂൺ ഷാവേയെയും ഭാര്യ സാറ അഹമ്മദിയെയുമാണ് പോലീസ് ടെഹ്‌റാനിലെ എവിൻ ജയിലിൽ തടങ്കലിലാക്കിയത്. അവരുടെ കണ്ടുകെട്ടിയ സാധനങ്ങൾ തിരികെ നൽകുന്നതിനെന്ന് തെറ്റിധരിപ്പിച്ചാണ് അധികാരികൾ ഇവരെ വിളിച്ചുവരുത്തിയത്. ദേശീയസുരക്ഷക്ക് ഭീഷണിയാണെന്ന ആരോപണമാണ് ഇവർക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.

“സുഹൃത്തുക്കൾക്ക് അവരുടെ ക്ഷേമത്തിൽ ആശങ്കയുണ്ട്. പ്രത്യേകിച്ചും ഹോമയോൺ പാർക്കിൻസൺസ് രോഗം ബാധിച്ചിട്ടുള്ള ആളാണ്” – ക്രിസ്റ്റ്യൻ സോളിഡാരിറ്റി ഇന്റർനാഷണൽ (സിഎസ്ഐ) ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഹൊമയൂൺ – സാറാ ദമ്പതികൾക്കു വേണ്ടി സിഎസ്‌ഐയും മറ്റ് അഭിഭാഷക – സഹായസംഘടനകളും ഈയിടെ പ്രാർത്ഥനക്ക് ആഹ്വാനം ചെയ്‌തിരുന്നു. നിയമവിരുദ്ധമായ സംഘടനയിൽപെട്ടവരാണെന്ന സംശയത്തെ തുടർന്ന് 2019 ജൂണിലാണ് അവരെ ആദ്യം അറസ്റ്റ് ചെയ്തതെന്ന് മിഡിൽ ഈസ്റ്റ് കൺസേൺ (എംഇസി) റിപ്പോർട്ട് ചെയ്തു. ഹൊമയൂൺ ഒരു മാസവും സാറാ 67 ദിവസവും തടവിൽ കഴിഞ്ഞു. പകുതി സമയവും ഏകാന്തതടവിലായിരുന്നു ഇവരെ പാർപ്പിച്ചിരുന്നത്.

2020 നവംബറിൽ, സാറായെ 11 വർഷത്തെ തടവിന് ശിക്ഷിച്ചു. ഹൗസ് ചർച്ച് അംഗത്വത്തിന് ഹൊമയൂണിനെ രണ്ട് വർഷം തടവിന് ശിക്ഷിച്ചു. ഏതെങ്കിലും സാമൂഹിക അല്ലെങ്കിൽ രാഷ്ട്രീയ ഗ്രൂപ്പിൽ അംഗത്വത്തിന് രണ്ട് വർഷത്തെ വിലക്ക്, വിദേശയാത്രക്ക് രണ്ട് വർഷത്തെ വിലക്ക്, ആറു മാസത്തെ കമ്മ്യൂണിറ്റി സേവനം എന്നിവയും ശിക്ഷയിൽ ഉൾപ്പെടുന്നു. 2020 ഡിസംബറിൽ അപ്പീലിൽ ശിക്ഷകൾ ശരി വച്ചു. എന്നാൽ സാറായുടെ തടവ് എട്ട് വർഷമായി കുറച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.