
രാജ്യത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പദ്ധതിയായ ‘നശാമുക്ത് ഭാരത് അഭിയാൻ’ പ്രോഗ്രാമിന്റെ പരിശീലകർക്കുള്ള ഐഡി കാർഡുകൾ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു വിതരണം ചെയ്തു.
കാക്കനാട് ഐ എം ജി യിൽ നടന്ന ചടങ്ങിൽ സാമൂഹ്യനീതി അസി. ഡയറക്ടർ ഷീബ മുംതാസ് അധ്യക്ഷത വഹിച്ചു. സാമൂഹ്യനീതി ജില്ലാ ഓഫീസർ സിനോ സേവി, ജില്ലാ സാമൂഹ്യനീതി ജൂനിയർ സൂപ്രണ്ട് ഷെറിൻ പി ജേക്കബ്, മാസ്റ്റർ ട്രെയ്നർമാരായ ഡോ. ജാക്സൺ തോട്ടുങ്കൽ, അഡ്വ. ചാർളി പോൾ എന്നിവർ സംസാരിച്ചു.
ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ പരിശീലകർക്കായി ദ്വിദിന പരിശീലനം നടത്തിയിരുന്നു. രണ്ടുദിവസം ഓൺലൈനിലും പരിശീലനം നൽകി. പരിശീലനം പൂർത്തിയാക്കിയവർക്കുള്ള ഐഡി കാർഡുകളാണ് മന്ത്രി വിതരണം ചെയ്തത്.
50 പേർ പരിശീലനം പൂർത്തിയാക്കി. വിവിധ തലങ്ങളിൽ ലഹരിക്കെതിരെ ക്ലാസ് എടുക്കുന്നതിന് സാമൂഹ്യനീതി വകുപ്പിന്റെ മാസ്റ്റർ വൊളണ്ടിയേഴ്സിന്റെ സൗജന്യസേവനം ലഭ്യമാണ്.
വിളിക്കേണ്ട നമ്പർ: 85477 24041