ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ എന്തും ചെയ്യാൻ ഞാൻ തയ്യാർ: ഫ്രാൻസിസ് മാർപാപ്പ

ഫെബ്രുവരി 24 -ന് ആരംഭിച്ച റഷ്യൻ അധിനിവേശത്തിനു ശേഷം ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ എന്തും ചെയ്യാൻ താൻ തയ്യാറാണെന്ന് ഫ്രാൻസിസ് മാർപാപ്പ അർജന്റീനിയൻ പത്രമായ ലാ നാസിയോണിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഈ യുദ്ധാനന്തരമുണ്ടായത് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പിലുണ്ടായ വലിയ അഭയാർത്ഥി പ്രവാഹമാണ്.

യുദ്ധം തടയാൻ പരിശുദ്ധ സിംഹാസനം എന്തെങ്കിലും ചെയ്യുമോ എന്നതിന് പരിശുദ്ധ പിതാവിന്റെ മറുപടി, നയതന്ത്രശ്രമങ്ങൾ വത്തിക്കാൻ ഒരിക്കലും അവസാനിപ്പിക്കുന്നില്ല. ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. യുദ്ധം തുടങ്ങിയതിനു ശേഷം ഫെബ്രുവരി 25 -ന് തന്നെ വത്തിക്കാനിലെ റഷ്യൻ എംബസി ഫ്രാൻസിസ് മാർപാപ്പ സന്ദർശിച്ചിരുന്നു. ആ സന്ദർശനത്തിന്റെ വിശദാംശങ്ങൾ വത്തിക്കാൻ നൽകിയില്ലെങ്കിലും റഷ്യൻ അംബാസഡർ അലക്‌സാണ്ടർ അവ്‌ദേവുമായി പരിശുദ്ധ പിതാവ് അന്ന് സംസാരിച്ചിരുന്നു.

യുദ്ധം ന്യായമാണോ എന്ന ചോദ്യത്തിന്, ഈ ലോകത്തിൽ യുദ്ധങ്ങൾ കലഹരണപ്പെടേണ്ടത് ആവശ്യമാണ് എന്നായിരുന്നു മാർപാപ്പയുടെ മറുപടി. അതുകൊണ്ടാണ് ഞാൻ പരസ്യമായി ഉക്രേനിയൻ പതാകയിൽ ചുംബിച്ചത്. യുദ്ധത്തിൽ മരിച്ചവരോടും അവരുടെ കുടുംബങ്ങളോടും പ്രവാസം അനുഭവിക്കുന്നവരോടും ഐക്യദാർഢ്യത്തിന്റെ ഒരു സൂചനയായിരുന്നു അത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.