റഷ്യയുടെ ബോംബാക്രമണങ്ങളെ പ്രാർത്ഥനയിലൂടെ ചെറുത്ത് ഉക്രൈനിലെ കത്തോലിക്കാ സഭ

ഒക്ടോബർ പത്താം തീയതി മുതൽ റഷ്യ നടത്തുന്ന കടുത്ത ആക്രമണത്തെ  ഉക്രൈനിലെ കത്തോലിക്കാ സഭ ചെറുത്തു തോൽപ്പിക്കുന്നത് പ്രാർത്ഥനയിലൂടെയാണ്. പ്രത്യേകിച്ചും സമീപ മണിക്കൂറുകളിൽ, രാജ്യത്തെ പല നഗരങ്ങളിലും ഡസൻ കണക്കിന് ബോംബാക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒക്ടോബർ 11-ന് മിഷനറി പുരോഹിതനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി ഇൻകാർനേറ്റ് വേഡിന്റെ (IVE) പ്രൊവിൻഷ്യൽ സുപ്പീരിയറുമായ ഫാ. ആന്റണി വത്സേബയാണ് ഇപ്രകാരം വെളിപ്പെടുത്തിയത്.

“ഈ രണ്ട് ദിവസങ്ങളിൽ റഷ്യൻ ഭരണകൂടം ശക്തമായ ആക്രമണമാണ് നടത്തുന്നത്. ഞങ്ങൾ ഈ ദിവസങ്ങളിലെല്ലാം പ്രാർത്ഥനയിലും ഉപവാസത്തിലും തുടരുന്നു. ഞങ്ങളുടെ സഹോദരങ്ങളായ സൈന്യകരെ സഹായിക്കുന്നത് തുടരുന്നു. മാതാപിതാക്കളെ സ്നേഹിക്കാനുള്ള നാലാമത്തെ കൽപന ഞങ്ങൾ പിന്തുടരുന്നു. നമ്മുടെ രാജ്യം നമ്മുടെ സ്വന്തം അമ്മയാണ്, നമ്മുടെ പിതാവാണ്” – ഫാ. ആന്റണി വെളിപ്പെടുത്തുന്നു.

ഒക്‌ടോബർ പത്ത് തിങ്കളാഴ്ച മുതൽ റഷ്യ, തലസ്ഥാനമായ കൈവ് ഉൾപ്പെടെ ഉക്രൈനിലെ വിവിധ നഗരങ്ങൾക്കെതിരെ 75-ലധികം മിസൈലുകൾ വിക്ഷേപിച്ചു. ഇത് കുറഞ്ഞത് 19-ഓളം സാധാരണ ജനങ്ങൾ കൊല്ലപ്പെടുന്നതിന് ഇടയാക്കി. രാജ്യത്തിന്റെ പ്രധാന പ്രദേശങ്ങളിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് പറയുന്നതനുസരിച്ച്, ഉക്രൈനിലെ റഷ്യൻ അധിനിവേശം ആരംഭിച്ചതിനു ശേഷം, ഏകദേശം 400-ഓളം കുട്ടികൾ ഉൾപ്പെടെ 6200-ലധികം സാധാരണക്കാർ കൊല്ലപ്പെട്ടു.

“യുദ്ധം ഉണ്ടായിരുന്നിട്ടും ഞങ്ങളുടെ ഇടവകയിൽ മതബോധന ക്ലാസുകൾ നൽകുകയും ആളുകളെ ആശ്വസിപ്പിക്കുകയും വിശുദ്ധ കുർബാന നടത്തുകയും കൂദാശകൾ നൽകുകയും ചെയ്യുന്നു. ഞങ്ങളുടെ സേവനം ജനങ്ങൾക്ക് നൽകിക്കൊണ്ട് ഞങ്ങൾ അവസാനം വരെ തുടരും. സമാധാനത്തിനായുള്ള പ്രാർത്ഥന ഞങ്ങൾ തുടരും. നിങ്ങളുടെ പ്രാർത്ഥനയും ഞങ്ങൾ ആവശ്യപ്പെടുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ” – അദ്ദേഹം ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.