‘അങ്ങേക്ക് അവരുടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’ – പാപ്പായോട് ഉക്രേനിയൻ സൈനികരുടെ ഭാര്യമാരുടെ അഭ്യർത്ഥന

ഉപരോധിക്കപ്പെട്ട നഗരമായ മരിയുപോളിനെ പ്രതിരോധിക്കാൻ പോരാടുന്ന രണ്ട് ഉക്രേനിയൻ സൈനികരുടെ ഭാര്യമാരുമായി മെയ് 11-ന് രാവിലെ ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തി. തന്റെ പൊതുസദസ്സിനു ശേഷം 27-കാരിയായ കാതറീന പ്രോകോപെങ്കോയുടെയും 29-കാരിയായ യുലിയ ഫെഡോസിയുക്കിന്റെയും കൈകൾ പിടിച്ച് പാപ്പാ ആശ്വസിപ്പിച്ചു.

“പാപ്പാ ഞങ്ങളുടെ അവസാന പ്രതീക്ഷയാണ്. അങ്ങേക്ക് അവരുടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ദയവു ചെയ്ത് അവരെ മരിക്കാൻ അനുവദിക്കരുത്” – കാതറീന പ്രോകോപെങ്കോ ഫ്രാൻസിസ് മാർപാപ്പയോട് അഭ്യർത്ഥിച്ചു. അഞ്ചു മിനിറ്റ് സമയമായിരുന്നു കൂടിക്കാഴ്ച നടന്നത്. തുറമുഖനഗരമായ മരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിനെ സംരക്ഷിക്കുന്നതിനുള്ള ഉക്രേനിയൻ അവസാന നിലപാടിന് നേതൃത്വം നൽകുന്ന ഉക്രേനിയൻ ലെഫ്റ്റനന്റ് കേണൽ, ഡെനിസ് പ്രോകോപെങ്കോ ആണ് കാതറീന്റെ  ഭർത്താവ്.

സദസ്സിനു ശേഷം, സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ മാധ്യമപ്രവർത്തകരോട് കാതറീൻ പറഞ്ഞു: “ഈ കൂടിക്കാഴ്ച അവരുടെ ജീവൻ രക്ഷിക്കാനുള്ള അവസരം നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇപ്പോൾ മാർപാപ്പയിൽ നിന്നും അദ്ദേഹത്തിന്റെ പ്രതിനിധിസംഘത്തിൽ നിന്നുമുള്ള നടപടികൾക്ക് ഞങ്ങൾ തയ്യാറാണ്.”

തങ്ങളുടെ ഭർത്താക്കന്മാർ യുദ്ധം ചെയ്യുന്ന അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിനുള്ളിലെ കഠിനമായ അവസ്ഥയെക്കുറിച്ച് അവർ മാർപാപ്പയോട് വെളിപ്പെടുത്തിയതായി ഇറ്റാലിയൻ പത്രമായ ‘ലാ റിപ്പബ്ലിക്ക’ റിപ്പോർട്ട് ചെയ്യുന്നു. “ഞങ്ങളുടെ 700 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരെ അടക്കം ചെയ്യാൻ പോലും ഞങ്ങൾക്ക് സാധിക്കുന്നില്ല. ഞങ്ങളെ മാർപാപ്പ സഹായിക്കണം” – സ്ത്രീകൾ അഭ്യർത്ഥിച്ചു. ഉക്രേനിയൻ സ്ത്രീകളും മാർപാപ്പയ്ക്ക് രണ്ട് കത്തുകൾ നൽകി. 2014-ൽ കീവിലെയും ഉക്രൈനിലെ മുഴുവന്റെയും ഓർത്തഡോക്സ് മെട്രോപൊളിറ്റൻ ആയി തിരഞ്ഞെടുക്കപ്പെട്ട മെട്രോപൊളിറ്റൻ ഒനുഫ്രിയാണ് ആദ്യ കത്തിൽ ഒപ്പിട്ടത്. അതിൽ അസോവ്സ്റ്റൽ പോരാളികളെ വിട്ടയയ്ക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോട് അഭ്യർത്ഥിച്ചതായി റിപ്പോർട്ടുണ്ട്.

രണ്ടാമത്തെ കത്തിൽ, സ്ത്രീകൾ അവരുടെ കൂടിക്കാഴ്ചയിൽ മാർപാപ്പയോട് ഉക്രൈനിലേക്കു വരാനും പുടിനുമായി സംസാരിക്കാനും ആവശ്യപ്പെട്ടു. തന്റെ പൊതുസദസ്സിന്റെ അവസാനം, വിയറ്റ്നാം യുദ്ധഫോട്ടോഗ്രാഫർ നിക്ക് ഉട്ടിനെയും ഫ്രാൻസിസ് മാർപാപ്പ അഭിവാദ്യം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.