നിക്കരാഗ്വയിലെ സഭയുടേത് നിശബ്ദ യുദ്ധം: കർദ്ദിനാൾ റോഡ്രിഗ്സ് മറാഡിയാഗ

പ്രാദേശിക ഭരണകൂടത്തിൽ നിന്ന് നിക്കരാഗ്വൻ കത്തോലിക്കാ സമൂഹം നേരിടുന്ന ഉപരോധത്തിന്റെ മുന്നിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് തെഗുസിഗൽപയിലെ കർദ്ദിനാളും ആർച്ചുബിഷപ്പുമായ ഓസ്കാർ റോഡ്രിഗ്സ് മറാഡിയാഗ. ആഗസ്റ്റ് 14, ഞായറാഴ്ച അർപ്പിച്ച ദിവ്യബലിമധ്യേയാണ് ഹോണ്ടുറാൻ കർദ്ദിനാൾ, സഹോദര രാഷ്ട്രമായ നിക്കരാഗ്വയിലെ ക്രൈസ്തവരെ പിന്തുണ അറിയിച്ചത്.

ഫ്രാൻസിസ് പാപ്പയുടെ ഏറ്റവും അടുത്ത സഹകാരികളിൽ ഒരാളും കർദ്ദിനാൾമാരുടെ കൗൺസിൽ അംഗവുമായ കർദ്ദിനാൾ റോഡ്ട്രിഗ്സ്, നിക്കരാഗ്വൻ സഭാനേതൃത്വവും സമൂഹവും അനുഭവിച്ച നിയന്ത്രണങ്ങളുടെ പരമ്പരക്കു ശേഷമാണ് അവരുടെ വേദനകളെക്കുറിച്ച് വ്യക്തമാക്കിയത്. പത്തു ദിവസമായി മതഗൽപ രൂപതയുടെ മെത്രാൻ, റൊളാന്റോ അൽവാരെസും അഞ്ച് വൈദികരും മറ്റ് അത്മാരും മെത്രാസന മന്ദിരത്തിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവാദമില്ലാതെ  പോലീസ് തടങ്കലിലാണ്. നിക്കരാഗ്വ രാഷ്ട്രത്തെ അസ്ഥിരപ്പെടുത്താൻ അവർ അക്രമാസക്തമായ സമൂഹങ്ങളെ സംഘടിപ്പിച്ചു എന്നതാണ്, പ്രസിഡന്റ് ഡാനിയൽ ഒർട്ടെഗയുടെ സർക്കാർ അവർക്കെതിരെ നടത്തുന്ന ആരോപണം.

ഉപരോധത്തിന്റെ ഈ പശ്ചാത്തലത്തിൽ എട്ട് കത്തോലിക്കാ റേഡിയോ സ്റ്റേഷനുകൾ അടച്ചുപൂട്ടുകയും മനാഗ്വ അതിരൂപതയിലെ ഫാത്തിമ മാതാവിന്റെ പരമ്പരാഗത ഘോഷയാത്ര നിരോധിക്കുകയും കോസ്റ്റാറിക്കയിൽ അഭയം കണ്ടെത്തിയ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സഭാസമൂഹത്തെ പ്രദേശത്തു നിന്ന് പുറത്താക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.