വാടക ഗർഭധാരണം സ്ത്രീകളുടെയും കുട്ടികളുടെയും അന്തസ്സിനെ ചോദ്യം ചെയ്യുന്നു: പരിശുദ്ധ സിംഹാസനം

ഐക്യരാഷ്ട്രസഭയുടെ എഴുപതാമത് വനിതാ കമ്മീഷൻ സമ്മേളനത്തോടനുബന്ധിച്ച് വാടക ഗർഭധാരണത്തിനെതിരെ ശക്തമായ നിലപാടുമായി പരിശുദ്ധ സിംഹാസനം.  സാങ്കേതികവിദ്യയും അതിന്റെ ഉപയോഗവും നിയമത്തിനും ധാർമ്മികതയ്ക്കും മുകളിലൂടെ സഞ്ചരിക്കുന്ന ഒരു മേഖലയായി വാടക ഗർഭധാരണം മാറിയിരിക്കുകയാണ്. ഇതിലെ ചൂഷണങ്ങൾക്കെതിരെ അടിയന്തര നടപടി വേണമെന്നും ഐക്യരാഷ്ട്രസഭയിലേക്കുള്ള വത്തിക്കാന്റെ സ്ഥിരം ദൗത്യസംഘം ആവശ്യപ്പെട്ടു.

വാടക ഗർഭധാരണം പലപ്പോഴും മാതാപിതാക്കളാകാൻ ആഗ്രഹിക്കുന്നവർക്കുള്ള ഒരു പരിഹാരമായി ചിത്രീകരിക്കപ്പെടുന്നുണ്ടെങ്കിലും, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ ഇതിലൂടെ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് വത്തിക്കാൻ ചൂണ്ടിക്കാട്ടി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളാണ് ഇതിനായി കൂടുതലായും ഉപയോഗിക്കപ്പെടുന്നത്. ദാരിദ്ര്യം നിർമ്മാർജനം ചെയ്താൽ ഈ ‘വാടക ഗർഭധാരണ വ്യവസായം’ നിലനിൽക്കുമോ എന്ന ഗൗരവകരമായ ചോദ്യവും പ്രസ്താവനയിൽ ഉയർത്തുന്നുണ്ട്. പലപ്പോഴും പണത്തിന്റെ സ്വാധീനത്താൽ സ്ത്രീകൾ ഈ കരാറുകളിലേക്ക് നിർബന്ധിക്കപ്പെടുകയാണ് ചെയ്യുന്നത്.

അതേസമയം, കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും വത്തിക്കാൻ ആശങ്ക പ്രകടിപ്പിച്ചു. കുഞ്ഞുങ്ങളെ ഒരു വിപണന വസ്തുവായോ, അല്ലെങ്കിൽ കരാറിന്റെ അടിസ്ഥാനത്തിലുള്ള ഉൽപന്നമായോ കാണുന്നത് ശരിയല്ല. ഓരോ കുട്ടിക്കും സ്നേഹത്തിലൂടെ ജനിക്കാനും സ്വന്തം മാതാപിതാക്കളെ അറിയാനും അവരാൽ വളർത്തപ്പെടാനുമുള്ള അവകാശമുണ്ട്. വൈകല്യങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങളെ നിരസിക്കുന്ന പ്രവണതയും ഈ മേഖലയിലുണ്ട്. ഇത് നീതിയുക്തമായ ഒരു സമൂഹത്തിന് ചേർന്നതല്ലെന്നും വത്തിക്കാൻ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.