മതപരമായ അസഹിഷ്ണുതയുടെ ആധിക്യം: ആശങ്കയറിയിച്ച് വത്തിക്കാൻ

മതപരമായ അസഹിഷ്ണുതയുടെ ആധിക്യം വളരെയധികം ഉയരുന്ന സാഹചര്യത്തിൽ ആശങ്ക അറിയിച്ച് വത്തിക്കാൻ. പോളണ്ടിലെ വർസ്വാ പട്ടണത്തിൽ മാനവമാനത്തെ അധികരിച്ച് സെപ്റ്റംബർ 28, 29 തീയതികളിൽ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തിൽ മോൺസിഞ്ഞോർ യാനുഷ് ഉർബൻചിക്ക് ആണ് വത്തിക്കാന്റെ നിലപാട് അറിയിച്ചത്.

“യഹൂദവിരുദ്ധതയും ക്രൈസ്തവർക്കും മുസ്ലീങ്ങൾക്കുമെതിരായ അസഹിഷ്ണുതയും മുമ്പും ഉണ്ടായിരുന്നെങ്കിലും ഈ ഇൻറെർനെറ്റ് യുഗം പ്രത്യേകിച്ച്, സാമൂഹ്യമാധ്യമങ്ങളുടെ വ്യാപകമായ ഉപയോഗം അത് നാടകീയമാംവിധം വർദ്ധമാനമാക്കിയിരിക്കുകയാണ്. ക്രൈസ്തവർ, മുസ്ലീംങ്ങൾ, ഇതരമതസ്ഥർ എന്നിവർക്കെതിരായ അസഹിഷ്ണുതയും വിവേചനവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്” – മോൺ. യാനുഷ് ഉർബൻചിക്ക് ചൂണ്ടിക്കാട്ടി. യഹൂദവിരുദ്ധത, മുൻവിധി തുടങ്ങിയവയാണ് ഈ അവസ്ഥക്കു കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രൈസ്തവർ ഭൂരിപക്ഷമുള്ള ഇടങ്ങളിൽ പോലും ക്രൈസ്തവർക്കെതിരെ ആക്രമണം നടക്കുന്നുവെന്നത് ന്യൂനപക്ഷങ്ങൾ മാത്രമാണ് അസഹിഷ്ണുതക്കും വിവേചനത്തിനും ഇരകളാകുന്നതെന്ന തെറ്റായ അനുമാനത്തെ ഖണ്ഡിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
യഹൂദ ആരാധനാലയങ്ങളായ സിനഗോഗുകൾ, ക്രൈസ്തവ ദൈവാലയങ്ങൾ എന്നിവയുടെ നേർക്കുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരുന്നതിൽ പരിശുദ്ധ സിംഹാസനത്തിന് ആശങ്കയുണ്ടെന്ന് വെളിപ്പെടുത്തിയ മോൺസിഞ്ഞോർ ഉർബൻചിക്ക്, ആരാധനാലയങ്ങൾക്കു നേരെയുള്ള ആക്രമണം അക്ഷരാർത്ഥത്തിലും അരൂപിയിലും ചിന്താസ്വാതന്ത്ര്യത്തിനും മനഃസാക്ഷി സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും അല്ലെങ്കിൽ വിശ്വാസ സ്വാതന്ത്ര്യത്തിനും എതിരാണെന്ന് പ്രസ്താവിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.