അതിർത്തിയിൽ അതീവജാഗ്രത: പാക്കിസ്ഥാൻ ആക്രമണത്തിൽ വീണ്ടും തിരിച്ചടിച്ച് ഇന്ത്യ

ജമ്മുകാശ്മീരില്‍ വീണ്ടും പാക്കിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം. വടക്ക് ബാരാമുള്ള മുതൽ പടിഞ്ഞാറ് ഭുജ് വരെയുള്ള അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണരേഖയിലും 26 സ്ഥലങ്ങളിൽ പാക്കിസ്ഥാനിൽ നിന്നുള്ള ഡ്രോണുകൾ കണ്ടെത്തിയതായി ഇന്ത്യൻ സൈന്യം അറിയിച്ചു. പാക്കിസ്ഥാന്റെ തുടർച്ചയായ ആക്രമണമാണ് കഴിഞ്ഞ ദിവസവും ഉണ്ടായതെന്ന് സൈന്യം പറയുന്നു.

പൂഞ്ചിലും ഉറിയിലും പാക്ക് ഷെല്ലാക്രമണം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിന് ഉചിതമായ രീതിയിലുള്ള തിരിച്ചാക്രമണവും ഇന്ത്യൻ സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. സാംബയില്‍ സുരക്ഷ മുന്‍നിര്‍ത്തി എല്ലാ ലൈറ്റുകളും ഓഫ് ചെയ്തു. ജമ്മു ലക്ഷ്യമാക്കിയെത്തിയ പാക്കിസ്ഥാന്‍ ഡ്രോണുകള്‍ ഇന്ത്യയുടെ പ്രതിരോധസംവിധാനം വെടിവച്ചിട്ടതിന്റെ ശബ്ദം കേട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് അധികാരികൾ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പത്താൻകോട്ടിലും ജമ്മുവിലും രണ്ടാം രാത്രിയും ബ്ലാക്ക്ഔട്ടുകളും വ്യോമാക്രമണ സൈറണുകളും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഉത്തരേന്ത്യ ജാഗ്രതയിലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.