കേരളത്തിൽ ഇന്നും മഴ കനക്കും, നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കേരളത്തിൽ ഇന്നും കനത്ത മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അപകടസാധ്യതാ മേഖലകളിലുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് അടുത്ത നാലു ദിവസം കൂടി കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്.

പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഇടുക്കി, എറണാകുളം, കാസർകോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. പരീക്ഷകളിൽ മാറ്റമില്ല.

ഇടുക്കി ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ട്യൂഷൻ സെന്ററുകൾ, ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഒന്നും പ്രവർത്തിക്കരുതെന്ന് അറിയിപ്പിലുണ്ട്. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. വേനലവധിയുടെ ഭാഗമായുള്ള ക്ലാസുകൾ, കോച്ചിങ് സെഷനുകൾ എന്നിവ പാടില്ലെന്നും അറിയിപ്പിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.