
ഗ്രാമി അവാർഡ് ജേതാവും പ്രശസ്ത റോക്ക് ബാൻഡായ ‘നോ ഡൗട്ട്’ സഹസ്ഥാപകയുമായ ഗ്വെൻ സ്റ്റെഫാനി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത് കത്തോലിക്കാ വിശ്വാസമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. പ്രശസ്ത ബൈബിൾ പണ്ഡിതൻ ജെഫ് കാവിൻസുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് തന്റെ സംഗീതവും ജീവിതവും ദൈവവുമായുള്ള ബന്ധത്തിൽ എങ്ങനെ വേരൂന്നിയിരിക്കുന്നു എന്ന് താരം വെളിപ്പെടുത്തിയത്. ‘ഹാലോ’ ആപ്പിന്റെ ആഭിമുഖ്യത്തിൽ ഒരു ദൈവാലയത്തിനുള്ളിൽ വച്ച് നടന്ന ഈ സംഭാഷണത്തിൽ മാതൃത്വം, തൊഴിൽ, ആത്മീയ ഉത്തരവാദിത്തം എന്നിവയെക്കുറിച്ച് അവർ തുറന്നുസംസാരിച്ചു.
തന്റെ സംഗീത കഴിവുകൾ സ്വന്തം നേട്ടമായി കാണുന്നതിന് പകരം, അത് ദൈവത്തിൽ നിന്നുള്ള ഒരു ദാനമാണെന്നാണ് ഗ്വെൻ വിശ്വസിക്കുന്നത്. “ആദ്യകാലങ്ങളിൽ എന്റെ കഴിവിനെക്കുറിച്ച് എനിക്ക് വലിയ ആശങ്കകളുണ്ടായിരുന്നു. അത് എന്നിൽ നിന്ന് മാത്രം ഉണ്ടാകുന്നതല്ലെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ അത് ദൈവത്തിൽ നിന്നാണെന്ന് തിരിച്ചറിയാൻ വൈകി,” അവർ പറയുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലാണ് തന്റെ സർഗാത്മകത ദൈവത്തിന്റെ സൃഷ്ടിയാണെന്ന പൂർണ്ണബോധ്യം അവർക്കുണ്ടായത്. ദൈവം നൽകിയ ഈ കഴിവ് ലോകവുമായി പങ്കുവെക്കാതിരിക്കുന്നത് ഒരു പാപമായിട്ടാണ് അവർ ഇപ്പോൾ കണക്കാക്കുന്നത്.
സംഗീതം: ദൈവത്തോട് ചേരാനുള്ള വഴി
താൻ ഏറ്റവും കൂടുതൽ ദൈവസാമീപ്യം അനുഭവിക്കുന്നത് സംഗീതം ചെയ്യുമ്പോഴാണെന്ന് ഗ്വെൻ വെളിപ്പെടുത്തുന്നു. വേദിയിൽ പ്രകടനം നടത്തുമ്പോൾ തന്നിലൂടെ ക്രിസ്തുവിന്റെ വെളിച്ചം മറ്റുള്ളവരിലേക്ക് എത്തണമെന്നാണ് അവരുടെ ആഗ്രഹം. “സ്റ്റേജിൽ കയറാൻ എനിക്ക് ഇപ്പോൾ പേടിയില്ല. ദൈവം എന്നെ ഒരു ഉപകരണമായി ഉപയോഗിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആളുകൾ എന്നിലൂടെ ദൈവത്തെ കാണണമെന്നതാണ് എന്റെ പ്രാർഥന,” അവർ കൂട്ടിച്ചേർത്തു.
മാതൃത്വവും സംഗീത ജീവിതവും വിജയകരമായി കൊണ്ടുപോകുമ്പോഴും, ദൈവവുമായുള്ള ബന്ധമാണ് ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് ഗ്വെൻ ഊന്നിപ്പറയുന്നു. “ജീവിതത്തിൽ പ്രധാനപ്പെട്ട ഒരേയൊരു കാര്യം ദൈവവുമായുള്ള നിങ്ങളുടെ വ്യക്തിപരമായ ബന്ധമാണ്. നമ്മുടെ ചുറ്റുമുള്ള ഓരോ നേട്ടവും ഓരോ ശ്വാസവും ദൈവത്തിൽ നിന്നുള്ളതാണ്, അതൊരു വലിയ അദ്ഭുതമാണ്,” അവർ സാക്ഷ്യപ്പെടുത്തുന്നു.
ക്രിസ്തുവിന്റെ വെളിച്ചം ലോകത്തിന് മുന്നിൽ പ്രകാശിക്കാനുള്ള ഒരു മാധ്യമമായി തന്റെ ജീവിതത്തെ കാണുന്ന ഗ്വെൻ സ്റ്റെഫാനിയുടെ ഈ മാറ്റം കലാലോകത്തിന് വലിയൊരു ആത്മീയ പാഠമാണ് നൽകുന്നത്.




