എല്ലാം തികഞ്ഞ ക്രൈസ്തവരെ അല്ല ദൈവം പ്രതീക്ഷിക്കുന്നത്: ഫ്രാൻസിസ് മാർപാപ്പ

എല്ലാം തികഞ്ഞ ക്രൈസ്തവരെയല്ല ദൈവം പ്രതീക്ഷിക്കുന്നതെന്ന്, ബൈബിളിലെ സംശയിക്കുന്ന തോമാശ്ലീഹായെ ചൂണ്ടിക്കാട്ടി ഫ്രാൻസിസ് മാർപാപ്പ. ഏപ്രിൽ 24- ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വച്ച് നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“നമ്മൾ ദൈവത്തെ അന്വേഷിക്കുകയും വിളിക്കുകയുമാണ് ചെയ്യേണ്ടത്. ചില അവസരങ്ങളിൽ തോമാശ്ലീഹായെപ്പോലെ സംശയിക്കുന്നതും നമ്മുടെ അവിശ്വാസവും ആഗ്രഹങ്ങളും അവിടുത്തെ അറിയിക്കുന്നതും ദൈവത്തിന് ഇഷ്ടമാണ്” – പാപ്പാ പറഞ്ഞു. ദൈവകരുണയുടെ ഞായറാഴ്ചയായ അന്ന് ഉയിർപ്പിനു ശേഷം ഈശോ തോമാശ്ലീഹായ്ക്ക് പ്രത്യക്ഷപ്പെടുന്ന സുവിശേഷഭാഗമാണ് വായിച്ചത്.

‘സംശയിക്കുന്ന തോമാശ്ലീഹാ’ നമ്മളെല്ലാവരെയും പ്രതിനിധീകരിക്കുന്നു. സുവിശേഷം പറയുന്നതനുസരിച്ച്, ദൈവം ഒരിക്കലും എല്ലാം തികഞ്ഞ ക്രൈസ്തവരെയല്ല ആഗ്രഹിക്കുന്നത്. അപൂർണ്ണവും എന്നാൽ എളിമയുള്ളതുമായ വിശ്വാസമാണ് ക്രിസ്തു ആഗ്രഹിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു. എല്ലാവരും സമാധാനത്തിനായുള്ള പ്രാർത്ഥന വർദ്ധിപ്പിക്കണമെന്നും പാപ്പാ ഈ അവസരത്തിൽ ആഹ്വാനം ചെയ്‌തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.