ഏഴു വയസുകാരി അയച്ച കത്തിന് മറുപടി നൽകി മാർപാപ്പാ

ബ്രസീലുകാരിയായ ഏഴു വയസുകാരി മരിയ ഗബ്രിയേല ബറോസ് അയച്ച കത്തിന് മറുപടി നൽകി ഫ്രാൻസിസ് പാപ്പാ. ജൂലൈ 15-നാണ് മരിയയ്ക്ക് പാപ്പായുടെ മറുപടിക്കത്ത് കാമ്പോ മേയർ ബിഷപ്പ് ഫ്രാൻസിസ്‌കോ വഴി ലഭിക്കുന്നത്.

ഏപ്രിലിൽ ബിഷപ്പ് ഫ്രാൻസിസ്‌കോ അർപ്പിച്ച പരിശുദ്ധ കുർബാനവേളയിൽ, മെയ് മാസത്തിൽ അദ്ദേഹം വത്തിക്കാൻ സന്ദർശിക്കുമെന്ന വാർത്ത വിശ്വാസികളെ അറിയിച്ചിരുന്നു. തുടർന്ന് പാപ്പായ്ക്ക് നൽകാനായി മരിയ കത്ത് എഴുതുകയായിരുന്നു. കത്തിൽ തനിക്ക് പാപ്പായെ ഒരുപാട് ഇഷ്ടമാണെന്നും എല്ലാ കുട്ടികളെയും പാപ്പാ അനുഗ്രഹിക്കണമെന്നും മരിയ എഴുതി. കത്ത് വായിച്ച പാപ്പാ പുഞ്ചിരിച്ചുകൊണ്ട് ഇതിന് മറുപടി അയയ്ക്കാമെന്ന് ബിഷപ്പിനോട് പറയുകയായിരുന്നു.

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെ ഉപദേഷ്ടാവ് മോൺസിഞ്ഞോർ ലൂയിജി റോബർട്ടോ കോനയാണ് പാപ്പായുടെ മറുപടി കത്തിൽ ഒപ്പിട്ടിരിക്കുന്നത്. “മരിയയുടെ കത്ത് ലഭിച്ചതിൽ പാപ്പായ്ക്ക് സന്തോഷമുണ്ട്. അതുപോലെ മരിയ എല്ലാവരോടും സൗഹൃദത്തിലും സ്നേഹത്തിലുമായിരിക്കണമെന്നാണ് പാപ്പാ ആഗ്രഹിക്കുന്നത്. മരിയക്കു വേണ്ടി പാപ്പാ ഈശോയോട് പ്രാർത്ഥിക്കുന്നുണ്ട്. മരിയ എപ്പോഴും തന്റെ ജീവിതം കൊണ്ട് ദൈവത്തെയും സഹോദരങ്ങളെയും സന്തോഷിപ്പിക്കുകയും ആവശ്യക്കാരെ സഹായിക്കുകയും ചെയ്യണം. പാപ്പാ തന്റെ അപ്പോസ്തോലിക ആശീർവാദവും മരിയക്കു നൽകുന്നു” – കത്തിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.