2022 ലോക കുടുംബ സമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പ നൽകിയ സന്ദേശം

പത്താമത് ലോക കുടുംബ സമ്മേളനമാണ് ജൂൺ 22 മുതൽ 26 വരെയുള്ള തീയതികളിൽ വത്തിക്കാനിൽ നടന്നത്. ജൂൺ 25- ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന പരിശുദ്ധ കുർബാനയ്‌ക്കുശേഷം ‘മിഷനറിമാരായി അയയ്ക്കപ്പെടുന്ന കുടുംബങ്ങൾ’ എന്ന തലക്കെട്ടിൽ ഫ്രാൻസിസ് പാപ്പാ കുടുംബങ്ങൾക്കായി പ്രത്യേക സന്ദേശം നൽകിയിരുന്നു. ആ സന്ദേശത്തിന്റെ പൂർണ്ണ രൂപം ചുവടെ ചേർക്കുന്നു.

പ്രിയപ്പെട്ട കുടുംബങ്ങളെ,

ദൈവപിതാവിന്റെ സ്വരം ശ്രവിച്ച്, ഈ ലോകത്തിൽ മിഷനറിമാരായി ജീവിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. ജീവിത വഴികൾ സ്വയം കണ്ടെത്താതെ, വഴികാട്ടികളെ തിരഞ്ഞെടുക്കാനും മറ്റുള്ളവർക്ക് വഴികാട്ടികളാകാനും നിങ്ങൾക്ക് സാധിക്കട്ടെ. ജീവിത പ്രതിസന്ധികളിൽ തളരാതെ, ദൈവസ്നേഹത്തിൽ ആശ്രയിക്കുക. പരിശുദ്ധാത്മാവിന്റെ സഹായത്തോടെ കുടുംബ ജീവിതത്തിൽ വിശുദ്ധിയോടെ മുന്നേറുക.

ക്രൈസ്തവ കുടുംബജീവിതത്തതിന്റെ സൗന്ദര്യം, ക്രിസ്തീയ വിവാഹത്തിന്റെ മഹത്വം എന്നിവ ലോകത്തോടും പ്രത്യേകിച്ച് അടുത്ത തലമുറയോടും പ്രഘോഷിക്കുക. പ്രത്യാശ നഷ്ടപ്പെട്ടവർക്ക് അത് പകർന്നു നൽകുക. എല്ലാം ദൈവതിരുമുമ്പിൽ സമർപ്പിക്കുക. സമൂഹത്തെ നെയ്തെടുക്കുന്നതും സമൂഹത്തിൽ സ്നേഹം നിറയ്ക്കുന്നതും കുടുംബങ്ങളാണ്. ഓരോ കുടുംബങ്ങളും ജീവിക്കുന്ന ക്രിസ്തുവിന്റെ പ്രതീകങ്ങളാണ്. അവർ ദൈവഹിതം നിറവേറ്റി ഭൂമിയിൽ തുടരട്ടെ. ക്രിസ്തുവിനു മുന്നിൽ തന്നെത്തന്നെ സമർപ്പിക്കുക, പ്രാർത്ഥനയുടെ നിശബ്ദതയിൽ അവിടുത്തെ ശ്രവിക്കുക. ഏകാന്തതയിൽ കഴിയുന്നവരെയും അടിച്ചമർത്തപ്പെട്ടവരെയും അവഗണിക്കപ്പെട്ടവരെയും സഹായിക്കുക.

ഓരോ കുടുംബങ്ങളും സാഹോദര്യ ലോകത്തിന്റെ വിത്താകാൻ വിളിക്കപ്പെട്ടവരാണ്. ഹൃദയ വിശാലതയോടെ അവർ സഭയുടെ സ്വാഗതത്തിന്റെ മുഖമാകട്ടെ.

പരിശുദ്ധ അമ്മേ, അങ്ങയുടെ പുത്രനെ അനുകരിച്ച് ജീവിക്കാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ. പരീക്ഷണങ്ങളിൽ തുണയായിരിക്കേണമേ.

വിവർത്തനം: ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.