നൈജീരിയയിൽ വീണ്ടും ഫുലാനി തീവ്രവാദികളുടെ ആക്രമണം; 17 ക്രൈസ്തവർ കൊല്ലപ്പെട്ടു

നൈജീരിയയിലെ ബെൻയു സംസ്ഥാനത്തെ ടിയോർ-ത്യു ഗ്രാമത്തിൽ ഏപ്രിൽ 11- ന് ഫുലാനി തീവ്രവാദികളുടെ ആക്രമണം. 17 ക്രൈസ്തവരുടെ മൃതശരീരങ്ങൾ ഇതിനോടകം കണ്ടെടുത്തിട്ടുണ്ട്. മറ്റുള്ളവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

“രാത്രിയിൽ ഏകദേശം 11 മണിയോടെയാണ് ആക്രമണം നടന്നത്. ചുറ്റും വെടിയൊച്ചകൾ കേൾക്കുന്നുണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുന്നതിന് മുൻപേ ഞങ്ങൾ ആക്രമിക്കപ്പെട്ടു. ആളുകൾ രക്ഷപ്പെടാനായി പല വഴികളിലേക്കും ഓടി. അക്രമികൾ നിരവധിയായിരുന്നു. പിറ്റേ ദിവസം ഞങ്ങൾ 14 മൃതശരീരങ്ങൾ കണ്ടെടുത്തു. അതിന്റെ അടുത്ത ദിവസം മൂന്ന് മൃതശരീരങ്ങളും. ഇപ്പോൾ തന്നെ മരിച്ചവരുടെ എണ്ണം 17 ആയി. കാടുകളിൽ ഇനിയും ആളുകൾ മരിച്ചുകിടക്കുന്നുണ്ടെന്ന് ഞങ്ങൾ ഭയപ്പെടുന്നു”- പ്രദേശവാസി പറഞ്ഞു. നൈജീരിയൻ സർക്കാർ ക്രൈസ്തവർക്കുനേരെ നിസ്സംഗ മനോഭാവമാണ് പുലർത്തുന്നത്. ഇതുവരെയും ആക്രമണങ്ങളിൽ കാര്യമായ അന്വേഷണമൊന്നും നടന്നിട്ടില്ല.

കഴിഞ്ഞ വർഷം, ഐസിസി പുറത്തുവിട്ട കണക്കനുസരിച്ച്, ലോകരാജ്യങ്ങളിൽ ക്രൈസ്തവർക്കുനേരെ ഏറ്റവും കൂടുതൽ പീഡനങ്ങൾ നടക്കുന്ന രാജ്യം നൈജീരിയയാണ്. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ, തീവ്രവാദികൾ പതിനായിരക്കണക്കിന് ക്രൈസ്തവരെ കൊല്ലുകയും മുപ്പത് ലക്ഷത്തിലധികം ആളുകളെ ഭവനരഹിതരാക്കുകയും ചെയ്‌തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.