ജീവനും ജീവിതവും സമര്‍പ്പിച്ച് യുക്രൈനിലെ യുദ്ധഭൂമിയില്‍ സന്നദ്ധസേവനം ചെയ്യുന്ന ബ്രിട്ടീഷ് ചെറുപ്പക്കാര്‍

യുക്രൈനില്‍ യുദ്ധമേഖലയില്‍ സേവനം ചെയ്യുന്ന മൂന്നുപേരുണ്ട്. ഒറ്റനോട്ടത്തില്‍, അവര്‍ ഒരു യുദ്ധമേഖലയില്‍ സേവനം ചെയ്യുന്നവരായി തോന്നാന്‍ സാധ്യതയില്ലാത്തവരാണ്. കാരണം ഒരാള്‍ കെന്റില്‍ നിന്നുള്ള ഒരു നായ പരിശീലകനാണ്, മറ്റൊരാള്‍ കോണ്‍വാളില്‍ നിന്നുള്ള ഒരു കര്‍ഷകന്‍, മൂന്നാമത്തെയാള്‍ സസെക്‌സില്‍ നിന്നുള്ള ഒരു ടെക്‌നോളജി എക്‌സിക്യൂട്ടീവ്.

എന്നാല്‍ ഈ മൂന്ന് ബ്രിട്ടീഷ് സന്നദ്ധപ്രവര്‍ത്തകരും യുക്രെയ്‌നിലേക്ക് ആകര്‍ഷിക്കപ്പെട്ടു. അവര്‍ ഇവിടെ ഒത്തുചേര്‍ന്ന്, മുന്‍നിരയ്ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ നിന്ന് പ്രായമായവരെയും ദുര്‍ബലരെയും ഒഴിപ്പിക്കാന്‍ മാസങ്ങളോളം അപകടകരമായ രീതിയില്‍ ചെലവഴിച്ചു. അവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വയം ഫണ്ട് ചെയ്യുകയും പേര് വെളിപ്പെടുത്താതിരിക്കുകയും ചെയ്യുന്നു.

‘ഞാന്‍ ഇവിടെ സേവനം ചെയ്യുമ്പോള്‍ എന്റെ മാതാപിതാക്കള്‍ വിഷമിക്കുന്നുവെന്ന് എനിക്കറിയാം. എന്റെ മമ്മി കരഞ്ഞുകൊണ്ട് ഫോണ്‍ വിളിക്കാറുണ്ട്. പക്ഷേ ഞാന്‍ ചെയ്യുന്ന കാര്യങ്ങളില്‍ അവര്‍ ശരിക്കും അഭിമാനിക്കുന്നു. ഞാന്‍ ഇനിയും കുറച്ച് സമയത്തേക്ക് ഇവിടെയുണ്ടാകുമെന്ന് അവര്‍ക്ക് അറിയാം, ഞാന്‍ എപ്പോള്‍ വരുമെന്ന് അവര്‍ക്കറിയില്ല’. നായ പരിശീലകയായ 21 വയസുകാരി പറയുന്നു.

കിഴക്കന്‍ യുക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയിലുടനീളം മുന്നേറുന്ന റഷ്യന്‍ സേനയുടെ പാതയിലൂടെ ഈ ടീം പതിവായി യാത്ര ചെയ്യുന്നു. ഷെല്ലാക്രമണം അവിടങ്ങളില്‍ നിരന്തരമായ ഭീഷണിയാണ്. ‘ഞങ്ങള്‍ എപ്പോഴും ഒരുമിച്ചു നില്‍ക്കുന്നു. ഞങ്ങള്‍ എത്ര അപകടത്തിലായാലും, ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ക്ക് തികച്ചും തയ്യാറെടുപ്പും വിശ്വാസ്യതയും കൈമുതലായിട്ടുണ്ട്’. അവര്‍ പറഞ്ഞു.

യുദ്ധം നാശം വിതച്ച ഈ പ്രദേശത്ത് തങ്ങള്‍ എന്താണ് ചെയ്യുന്നതെന്നും അവര്‍ക്ക് എത്രത്തോളം സഹായം നല്‍കാന്‍ കഴിയുമെന്നും ചിലര്‍ ചിന്തിച്ചേക്കാം എന്ന് അവര്‍ സമ്മതിക്കുന്നു.

‘ഞങ്ങളുടെ ആവശ്യം ഇവിടെ ഉണ്ടാകുമെന്ന് ഞാനും പ്രതീക്ഷിച്ചിരുന്നില്ല, പക്ഷേ ഞങ്ങള്‍ ഇവിടെ വേണ്ടവരാണ്’ എന്ന് കൂട്ടത്തിലെ കര്‍ഷകന്‍ പറയുന്നു. ജോലി നഷ്ടപ്പെടുന്നതിന് മുമ്പ് യുകെയില്‍ തിരിച്ചെത്തിയ അദ്ദേഹം കന്നുകാലികളെയും ആടുകളെയും പരിപാലിക്കുകയായിരുന്നു. റഷ്യ യുക്രെയ്ന്‍ ആക്രമിച്ചതിനുശേഷം, അദ്ദേഹം ഒരു വാന്‍ നിറയെ അവശ്യവസ്തുക്കള്‍ നിറച്ച് യുക്രൈനിലെത്തി. പിന്നീട് അവിടെ സേവനവുമായി തുടര്‍ന്നു. ആ വാന്‍ ഇപ്പോള്‍ അവരുടെ ആംബുലന്‍സായി പ്രവര്‍ത്തിക്കുന്നു.

‘ഞങ്ങളാല്‍ കഴിയുന്നത് ഞങ്ങള്‍ ഇവിടെ ചെയ്യുന്നു. ഞങ്ങള്‍ വിദഗ്ധരല്ല, എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്’. അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

സമീപ മാസങ്ങളില്‍ അവര്‍ 150 ഓളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ചിലരെ ക്രാമാറ്റോര്‍സ്‌ക് നഗരത്തിലെ ആശുപത്രിയിലേക്കും മറ്റുള്ളവരെ പോക്രോവ്‌സ്‌കിലെ ഒരു റെയില്‍വേ സ്റ്റേഷനിലേക്കും മാറ്റി. അവര്‍ യുക്രേനിയന്‍ എന്‍ജിഒ, വോസ്റ്റോക്ക് എസ്ഒഎസുമായി സഹകരിക്കുന്നുണ്ട്. ഓരോ ദിവസവും ശേഖരിക്കേണ്ട ഒഴിപ്പിക്കലുകളുടെ ലിസ്റ്റുകളും അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങളും അവര്‍ ശേഖരിച്ച് കൈമാറുന്നു.

യുദ്ധമേഖലയിലേയ്ക്കുള്ള അന്താരാഷ്ട്ര ശ്രദ്ധ മങ്ങുന്നതായും സഹായങ്ങള്‍ കുറയുന്നതായും ഇപ്പോള്‍ ഈ ടീമിന് ആശങ്കയുണ്ട്. യുദ്ധം ആളുകള്‍ക്ക് ശീലമായതായി അവര്‍ മനസിലാക്കുന്നു. അത് ശരിക്കും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നാണ് അവര്‍ പറയുന്നത്. ഇനിയും പലര്‍ക്കും പലായനം ചെയ്യേണ്ടി വരുന്നുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോള്‍ ടീമിലെ മൂന്നാമത്തെ അംഗമായ യുവതി ഒരു സ്റ്റാര്‍ട്ടപ്പില്‍ ടെക്നോളജി വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു. ‘എന്റെ ജോലി ഞാന്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അതിനാല്‍ എനിക്ക് ഇവിടെ വരാനും അനിശ്ചിതമായി ഇവിടെ നില്‍ക്കാനും സ്വാതന്ത്ര്യമുണ്ട്. ഒരു ബ്യൂറോക്രസിയോ ചുവപ്പുനാടയോ ഇല്ലാതെ കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നു, കാരണം ഇതാണ് പ്രധാനം. ഞങ്ങളെല്ലാവരും യൂറോപ്യന്മാരാണ്, റഷ്യ യുക്രെയ്‌നിനെതിരായ ആക്രമണം നടത്തുമ്പോള്‍ നമുക്കെല്ലാവര്‍ക്കും നേരെയുള്ള ആക്രമണമാണ്’. അവള്‍ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധസമയത്ത് പോളണ്ടില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്ന വ്യക്തിയാണ് തന്റെ മുത്തശ്ശിയെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.

യാതൊരുവിധ കടപ്പാടുകളും ഇല്ലാതിരുന്നിട്ടും സുരക്ഷിതമായ ജോലിയും ജീവിതസൗകര്യങ്ങളും ഉപേക്ഷിച്ച് യുദ്ധമേഖലയിലേയ്ക്ക് ഓടിയെത്തി ആവശ്യക്കാരിലേയ്‌ക്കെല്ലാം തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ എത്തിക്കുന്ന ഇവരെപ്പോലുള്ളവരുടെ നന്മയുള്ള മനസിന്റെ ബലത്തില്‍ കൂടിയാണ് യുക്രൈന്‍ ജനത പിടിച്ചു നില്‍ക്കുകയും അതിജീവനത്തിന്റെ പാതയിലേയ്ക്ക് നടന്നു കയറുകയും ചെയ്യുന്നത്.

കീർത്തി ജേക്കബ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.