‘ബ്ലീച്ചർ ബ്രദേഴ്‌സ്’ എന്ന് അറിയപ്പെടുന്ന ഫ്രാൻസിസ്കൻ വൈദികർ

യു എസിലെ രണ്ട് ഫ്രാൻസിസ്കൻ വൈദികരാണ് ഫാ. കേസി കോളും ഫാ. റോബർട്ടോ ടിറ്റോ സെറാനോയും. ലോകമെങ്ങും സുവിശേഷം പ്രഘോഷിക്കണം എന്നതായിരുന്നു ഈ വൈദികരുടെയും ലക്‌ഷ്യം. എന്നാൽ അതിനായി ഇവർ നൂതനമായ ഒരു മാർഗ്ഗം കണ്ടുപിടിച്ചിട്ടുണ്ട്. ഇരു വൈദികരും ബേസ്ബോൾ കളിക്കാരാണ്. ബേസ്ബോൾ കളിയുമായി ബന്ധപ്പെട്ട് ഇവർ പോകുന്ന സ്ഥലങ്ങളിലൊക്കെ തങ്ങൾ അനുഭവിച്ച ക്രിസ്തുവിനെയും ഇവർ പങ്കുവെയ്ക്കുന്നു.

ഫാ. കേസിയും ഫാ. സെറാനോയും പരസ്പരം പരിചയപ്പെടാൻ തന്നെ കാരണം ബേസ്ബോളിനോടുള്ള ഇവരുടെ താൽപര്യമായിരുന്നു. കളിയുമായി ബന്ധപ്പെട്ട് ഇപ്പോൾ തന്നെ യു എസിലെ 30 നഗരങ്ങൾ ഇവർ സന്ദർശിച്ചു കഴിഞ്ഞു. ‘ബ്ലീച്ചർ ബ്രദേഴ്‌സ്’ എന്നാണ് ഇവർ അറിയപ്പെടുന്നത്. “ആളുകൾ കൂടിയിരിക്കുന്നിടത്തെല്ലാം സുവിശേഷം പ്രസംഗിക്കുക. സുവിശേഷ പ്രഘോഷണം ഒരു ദേവാലയത്തിന്റെ നാല് ചുവരുകൾക്കുള്ളിൽ മാത്രം ഒതുങ്ങേണ്ടത്തല്ല”- ഇതാണ് ഈ ഫ്രാൻസിസ്കൻ വൈദികരുടെ ആദർശ വാക്യം.

കളിസ്ഥലങ്ങളിലും ഈ വൈദികർ തങ്ങളുടെ ഔദ്യോഗിക വസ്ത്രങ്ങളാണ് ധരിക്കുന്നത്. ഔദ്യോഗിക വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് ഇവർ കളിക്കുന്നത് പലരെയും ആകർഷിക്കുന്നു. അങ്ങനെ പലരും അവരുടെ അടുക്കലേക്ക് വരുന്നുണ്ട്. ഈ രീതിയിൽ തങ്ങളെ സമീപിക്കുന്നവരുടെ മുന്നിൽ ഇവർ ജീവിതം തുറന്നുവയ്ക്കുന്നു. അത് മാത്രമല്ല, സുവിശേഷവും പങ്കുവെയ്ക്കുന്നു. വാടകയ്‌ക്കെടുത്ത വാഹനത്തിലാണ് ഇവരുടെ യാത്രകൾ. ബ്ലീച്ചർ ബ്രദേഴ്‌സ് കളികൾ കാണാനും ഓപ്പണിംഗ് പിച്ചുകൾ എറിയാനും മാത്രമല്ല യാത്ര ചെയ്യുന്നത്. പിന്നെയോ, ഇടവകകളിലും സ്‌കൂളുകളിലും രൂപതാ ഓഫീസുകളിലും ഇവർ സംസാരിക്കുന്നു. തങ്ങളുടെ വാക്കുകളിലൂടെ ദൈവവിളി പ്രോത്സാഹിപ്പിക്കാനും അതോടൊപ്പം വിശ്വസ്തരായ പൗരന്മാരാകാനും ഇവർ ആളുകൾക്ക് പ്രചോദനമേകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.