ഫാ. മൈക്കിൾ കാരിമറ്റത്തിന് മൽപാൻ പദവി

തലശേരി അതിരൂപതാംഗവും ബൈബിൾ പണ്ഡിതനുമായ റവ. ഡോ. മൈക്കിൾ കാരിമറ്റത്തിന് സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മൽപാൻ പദവി നൽകി ആദരിക്കുന്നു. സീറോമലബാർ മെത്രാൻ സിനഡിന്റെ തീരുമാനപ്രകാരമാണ് ഫാ. മൈക്കിൾ കാരിമറ്റത്തിന് ഈ പദവി നൽകുന്നത്. പാണ്ഡിത്യം കൊണ്ടും പ്രബോധനങ്ങൾ കൊണ്ടും വിശ്വാസപരിശീലന-വിശ്വാസസംരക്ഷണ മേഖലകളിൽ അതിവിശിഷ്ട സംഭാവനകൾ നൽകുന്ന വൈദികർക്കാണ് സിനഡ് മൽപാൻ പദവി നൽകുന്നത്.

1942 ആഗസ്റ്റ് പതിനൊന്നിനായിരുന്നു മൈക്കിളച്ചന്റെ ജനനം. കോഴിക്കോട് ജില്ലയിലെ കുളത്തുവയൽ ഹൈസ്‌കൂളിൽ നിന്നും പഠനം പൂർത്തിയാക്കി തലശ്ശേരി സെമിനാരിയിൽ ചേർന്നു. ആലുവയിലും റോമിലുമായി വൈദിക പരിശീലനം പൂർത്തിയാക്കിയ ശേഷം 1962 ജൂൺ 29-ന് പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് റോമിലെ പ്രശസ്തമായ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വിശുദ്ധ ഗ്രന്ഥത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. പി.ഓ.സി ബൈബിൾ മലയാള പരിഭാഷയുടെ എഡിറ്റർ, തലശേരി സന്ദേശഭവൻ ഡയറക്ടർ, ചാലക്കുടി ഡിവൈൻ ബൈബിൾ കോളേജിന്റെ പ്രിൻസിപ്പാൾ, തൃശൂർ മേരിമാതാ മേജർ സെമിനാരി അധ്യാപകൻ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. നാല്പതിലധികം ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലുമായി രചിച്ചിട്ടുണ്ട്. നിരവധി ബൈബിൾ കമെന്ററികൾ രൂപപ്പെടുത്തുന്നതിനും മൈക്കിളച്ചൻ നിർണ്ണായകപങ്കു വഹിച്ചിട്ടുണ്ട്.

കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ബൈബിൾ സന്ദേശം പ്രചരിപ്പിക്കുന്നതിന് മീഡിയ ഫലപ്രദമായി ഉപയോഗിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. വിവിധ ചാനലുകളിലൂടെ ആയിരത്തിലധികം പ്രഭാഷണങ്ങൾ നടത്താൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. നിരവധി സിഡികളും കാസറ്റുകളും പുറത്തിറക്കിയ മൈക്കിളച്ചൻ നവസാമൂഹിക മാധ്യമങ്ങളും ഫലപ്രദമായി ഉപയോഗിച്ചു വരുന്നു.

1999-ൽ ആലുവ സെന്റ് തോമസ് പൊന്തിഫിക്കൽ സെമിനാരിയും 2009-ൽ മേരി വിജയം മാസികയും അദ്ദേഹത്തിന് പ്രത്യേക അവാർഡുകൾ നൽകി ആദരിച്ചു. 2012-ൽ കെസിബിസി-യുടെ മാധ്യമ കമ്മീഷൻ അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പ്രഭാഷണങ്ങളിലൂടെയും പുസ്തകരചനയിലൂടെയും വിശ്വാസസംരക്ഷണത്തിന് വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന മൈക്കിളച്ചൻ ഇപ്പോൾ തൃശൂർ മേരിമാതാ സെമിനാരിയിൽ അധ്യാപനം തുടർന്നുകൊണ്ടിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.