ഈ ക്രിസ്തുമസ് കാലത്ത് മാത്രം പന്ത്രണ്ട് ഗാനങ്ങൾക്കു സംഗീതം ചെയ്ത വൈദികൻ

ഐശ്വര്യ സെബാസ്റ്റ്യൻ

ഫാ. മാത്യൂസ് പയ്യപ്പിള്ളി എം.സി.ബി.എസ്. ഈ പേര് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്നത് ചില പാട്ടുകളുടെ ഈണമാണ്. അനേകരെ ദൈവസാന്നിധ്യത്തിലേക്ക് നയിച്ച ഈണങ്ങളുടെ ഉടമയായ ഈ വൈദികൻ, ഈ ക്രിസ്തുമസ് കാലത്ത് സംഗീതസംവിധാനം നിർവഹിച്ചത് പന്ത്രണ്ടോളം ഗാനങ്ങൾക്കാണ്.

ഇതുവരെയുള്ള തന്റെ സംഗീത ജീവിതത്തിൽ 450 -ലധികം ഗാനങ്ങൾക്ക്‌ ഈണങ്ങൾ നൽകിയ മാത്യൂസ് അച്ചന്റെ ക്രിസ്തുമസ് കാലത്തെ സംഗീതവഴികളിലൂടെ ഒരു സഞ്ചാരം…

ക്രിസ്തുമസിനു മാത്രം പുറത്തിറങ്ങിയത് പന്ത്രണ്ടോളം ഗാനങ്ങൾ

2021 -ലെ ക്രിസ്തുമസ് കാലത്ത് മാത്യൂസ് അച്ചന്റെ സംഗീത സംവിധാനത്തിൽ 12 ഗാനങ്ങളാണ് പുറത്തിറങ്ങിയത്. ഒരു ക്രിസ്തുമസ് സീസണിൽ മാത്രം ഇത്രയും ഗാനങ്ങൾ ചെയ്യുന്നത് അദ്ദേഹത്തിന് പുതിയൊരനുഭവമായിരുന്നു. ഇതിൽ അഞ്ച് ഗാനങ്ങളും കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസിന്റെ ക്രൈസ്റ്റ് @ 30 യുടെ കരോൾ മത്സരത്തിന് വേണ്ടി ചെയ്തുകൊടുത്തതാണ്. ഈ മത്സരത്തിൽ പുതിയ പാട്ടുകളാണ് മത്സരിക്കുന്ന ഗ്രൂപ്പുകൾ തിരഞ്ഞെടുക്കേണ്ടത്. പാട്ടുകൾ ലഭിക്കാത്ത ഗ്രൂപ്പുകൾക്ക് മത്സരഭാരവാഹികൾ തന്നെ പുതിയ പാട്ടുകൾ നൽകും.

അമല കമ്മ്യൂണിക്കേഷൻസിന്റെ ഡയറക്ടറായ ഫാ. ജോസഫ് കൊച്ചുവീട്ടിൽ, പത്ത് ഗാനങ്ങളാണ് മാത്യൂസ് അച്ചനോട് ചെയ്തുകൊടുക്കാമോ എന്നു ചോദിച്ചത്. മാത്യൂസ് അച്ചൻ പത്ത് ഗാനങ്ങൾ ചിട്ടപ്പെടുത്തി നൽകുകയും ചെയ്തു. എന്നാൽ അവർ അതിൽ നിന്ന് അഞ്ച് ഗാനങ്ങളാണ് തിരഞ്ഞെടുത്തത്. ഓരോ ഗ്രൂപ്പും പാട്ട് പാടുന്ന വീഡിയോ യൂട്യൂബിലിടുകയും, കൂടുതൽ പ്രേക്ഷകശ്രദ്ധയാകർഷിക്കുന്ന വീഡിയോക്ക് സമ്മാനം നൽകുകയുമാണ് ചെയ്യുക.

നാല് ഗാനങ്ങൾ നേരത്തെ തന്നെ ചില യൂട്യൂബ് ചാനലുകൾക്കു വേണ്ടി ചിട്ടപ്പെടുത്തിയിരുന്നു. രണ്ടു ഗാനങ്ങൾ ഡിസംബർ പകുതിയോടെ ചിട്ടപ്പെടുത്തിയതാണ്. ഒരു ഗാനം സി.എം.സി. സന്യാസ സമൂഹത്തിനു വേണ്ടി ചിട്ടപ്പെടുത്തിയതായിരുന്നു. 25 സന്യാസിനികൾ ചേർന്നാണ് ഈ ഗാനം ആലപിച്ചത്. അങ്ങനെയാണ് ഈ ക്രിസ്തുമസ് കാലത്ത് മാത്യൂസ് അച്ചനിൽ നിന്ന് 12 ഗാനങ്ങളുണ്ടായത്. ഈ 12 ഗാനങ്ങളും പല യൂട്യൂബ് ചാനലുകളിലൂടെയാണ് പ്രേക്ഷകരിലേക്കെത്തിയത്.

എന്തുകൊണ്ട് കൂടുതൽ ഗാനങ്ങൾ ചെയ്യുന്നു?

ഈ ഗാനങ്ങളൊന്നും തന്നെ മാത്യൂസ് അച്ചൻ ചെയ്യാൻ വേണ്ടി ചെയ്തതല്ലായിരുന്നു. ക്രിസ്തുമസിന് താൻ വേറെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞ് അച്ചന് വേണമെങ്കിൽ ഒഴിഞ്ഞുമാറാമായിരുന്നു. പക്ഷേ, സംഗീതത്തോടുള്ള അതിയായ സ്നേഹം അച്ചനെ അതിനനുവദിച്ചില്ല. സംഗീതത്തിനായി തന്നെ സമീപിക്കുന്നവരുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുക തന്റെ ഉത്തരവാദിത്വമായി അച്ചൻ കരുതി. വരികളുമായി സമീപിച്ചവർക്കെല്ലാം സംഗീതം നൽകി.

പലരും വിചാരിക്കുന്നത് കൂടുതൽ ഗാനങ്ങൾ പുറത്തിറക്കാൻ വേണ്ടിയാണ് അച്ചൻ തുടരെ തുടരെ ഗാനങ്ങൾ ചെയ്യുന്നത് എന്നാണ്. പക്ഷേ, അങ്ങനെയല്ല. ആവശ്യക്കാർ സമീപിക്കുമ്പോൾ അവരെ ബഹുമാനിക്കുന്നു; അവരുടെ ആവശ്യം പൂർത്തിയാക്കുന്നു. അതാണ് സംഭവിക്കുന്നത്. തന്നിൽ ദൈവം നിക്ഷേപിച്ചിരിക്കുന്ന സംഗീതം എന്ന അനുഗ്രഹം ഉപയോഗിക്കാനുള്ളതാണെന്നാണ് അച്ചന്റെ വാക്കുകൾ.

ചിലപ്പോൾ ചില ഗാനങ്ങൾക് ഒന്നിലധികം ട്യൂണുകൾ ചിട്ടപ്പെടുത്താറുണ്ട്. ചിലപ്പോൾ രാവിലെ ചിട്ടപ്പെടുത്തിയ ട്യൂൺ ആവില്ല വൈകുന്നേരം ചെയ്യുമ്പോൾ ലഭിക്കുന്നത്. ഇങ്ങനെ പല ട്യൂണുകളിൽ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ആവശ്യക്കാരെ കേൾപ്പിക്കും. ആ ട്യൂണുകളിൽ നിന്ന് ആവശ്യക്കാർ തങ്ങൾക്കിഷ്ടപ്പെട്ട ഗാനങ്ങൾ തെരഞ്ഞെടുക്കും. ഇങ്ങനെ ചെയ്യുന്നത് കൂടുതൽ മനോഹരമായ ഗാനങ്ങളുടെ ജനനത്തിനു വഴിയൊരുക്കുന്നു.

വൈദിക പരിശീലനം സംഗീതജീവിതത്തിന്റെയും തുടക്കം

1995 -ൽ പത്താം ക്‌ളാസ് കഴിഞ്ഞപ്പോൾ മാത്യൂസ് എന്ന ബാലൻ എം.സി.ബി.എസ് സന്യാസ സമൂഹത്തിന്റെ കോട്ടയം അതിരമ്പുഴയിലെ മൈനർ സെമിനാരിയിൽ വൈദിക പരിശീലനത്തിനായി ചേർന്നു. വൈദിക പരിശീലനത്തോടൊപ്പം തന്നിൽ ഉറങ്ങിക്കിടന്നിരുന്ന സംഗീതമെന്ന ഇഷ്ടത്തെയും ആ ബാലൻ ആ നാളുകളിൽ തിരിച്ചറിഞ്ഞു. സെമിനാരിയിൽ വച്ചാണ് ബ്രദർ മാത്യൂസ് കീബോർഡ് പഠിക്കുന്നത്. തുടർന്ന് സംഗീതമെന്നത് ബ്രദറിന് ഒരു ലഹരിയായി.

2007 ജനുവരി ഒന്നിനായിരുന്നു ഫാ. മാത്യൂസിന്റെ പൗരോഹിത്യ സ്വീകരണം. അച്ചന്റെ ആദ്യഗാനം പുറത്തുവന്നതും 2007 -ലാണ്. ഒരു സംഗീതസംവിധായകനായും സംഗീതരചയിതാവായും അച്ചൻ കഴിവ് തെളിയിച്ചിട്ടുണ്ട്. സംഗീതത്തിലുള്ള തന്റെ കഴിവ് തിരിച്ചറിയാൻ സാധിച്ചത് സെമിനാരി ജീവിതം കൊണ്ട് മാത്രമാണെന്നാണ് ഇന്ന് ഫാ. മാത്യൂസ് പറയുന്നത്. സംഗീതസംവിധാനത്തിന്റെ തുടക്കസമയത്ത് ധാരാളം സമയമെടുത്തായിരുന്നു അച്ചൻ ഓരോ ഗാനവും ചിട്ടപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോഴാകട്ടെ ഒരു ഗാനം ചിട്ടപ്പെടുത്താൻ അധികം സമയം ആവശ്യമില്ല. സംഗീതത്തോടുള്ള തന്റെ അവർണ്ണനീയമായ സ്നേഹം മാത്രമാണ് ഇതിനു കാരണമായി അച്ചന് പറയാനുള്ളൂ. തന്റെ സഹോദരനും ഒരു സംഗീതപ്രേമിയാണെന്നും ഒരു ഗാനം പുറത്തിറക്കിയിട്ടുണ്ടെന്നും വളരെ സന്തോഷത്തോടെയാണ് മാത്യൂസ് അച്ചൻ പങ്കുവയ്ക്കുന്നത്.

സംഗീതത്തിനു തന്നെയാണ് മുൻഗണന

ആരെങ്കിലും മാത്യൂസ് അച്ചനോട് ‘അവരുടെ വരികൾക്ക് സംഗീതം നൽകാമോ’ എന്നു ചോദിച്ചാൽ ‘ഞാൻ ചെയ്യാം’ എന്ന മറുപടിയാണ് അച്ചൻ കൊടുക്കാറുള്ളത്. സ്ഥിരമായി വരികൾ എഴുതുന്നവരുണ്ട്. അവരുടെ വരികളിലാകട്ടെ, ഒരു രീതിയിലുമുള്ള തിരുത്തലുകളുടെയും ആവശ്യം വരാറില്ലെന്നാണ് മാത്യൂസ് അച്ചൻ പറയുന്നത്. എന്നാൽ ആദ്യമായി വരികളെഴുതി അച്ചനെ സമീപിക്കുന്നവരുമുണ്ട്. അവരോടും ‘ഞാൻ സംഗീതം ചെയ്യാം’ എന്ന മറുപടി തന്നെയാണ് മാത്യൂസ് അച്ചൻ പറയുന്നത്.

എല്ലാ മനുഷ്യരെയും ബഹുമാനിക്കണം, അതിൽ വലുപ്പചെറുപ്പമില്ല എന്നാണ് ഫാ. മാത്യൂസിന്റെ കാഴ്ചപ്പാട്. പുതുമുഖങ്ങളുടെ വരികളിൽ ധാരാളം തിരുത്തലുകൾ ആവശ്യമായി വരാറുണ്ട്. അത് മറ്റ് വൈദികരുടെ സഹായത്തോടെ ഫാ. മാത്യൂസ് ചെയ്തുകൊടുക്കും. ഒടുവിൽ അത് സംഗീതം ചെയ്ത്, വരികളെഴുതിയവർക്ക് അയച്ചുകൊടുക്കുമ്പോൾ അവരുടെ ഉള്ളിൽ നിറയുന്ന സന്തോഷം മാത്യൂസ് അച്ചനു മറക്കാനാവുന്നതല്ല.

ഒരിക്കൽ മാത്യൂസ് അച്ചൻ ഒരു സന്യാസിനിയെ പരിചയപ്പെട്ടു. പിന്നീട് ആ സന്യാസിനി മാത്യൂസ് അച്ചന് ഒരു സന്ദേശം അയച്ചു:

“ഞാൻ എഴുതിയ വരികൾക്ക് അച്ചന് സംഗീതം നൽകാമോ?”

പിറ്റേ ദിവസം രാവിലെയാണ് അച്ചൻ ആ സന്ദേശം വായിക്കുന്നത്. ആ സന്ദേശത്തിനൊപ്പം താൻ എഴുതിയ വരികളും അവർ അയച്ചിട്ടുണ്ടായിരുന്നു. വൈകാതെ, അച്ചൻ ആ വരികൾക്ക് സംഗീതം നൽകുകയും ഗാനം ആലപിച്ച് അയച്ചുകൊടുക്കുകയും ചെയ്തു. നന്ദി അറിയിക്കാനായി ആ സന്യാസിനി അച്ചനെ വിളിച്ചപ്പോൾ അവരുടെ വാക്കുകളിൽ ഉണ്ടായിരുന്ന സന്തോഷം അച്ചൻ ഇപ്പോഴും ഓർക്കുന്നു.

ഈ സന്യാസിനി അച്ചൻ ചിട്ടപ്പെടുത്തിത്തന്ന ഗാനം അവരുടെ സന്യാസ സമൂഹത്തിന്റെ അധികാരികൾക്ക് അയച്ചുകൊടുക്കുകയും തുടർന്ന് സന്യാസിനിമാർ ചേർന്ന് 12 ഗാനങ്ങളടങ്ങുന്ന ഒരു മ്യൂസിക്കൽ ആൽബം പുറത്തിറക്കുകയും ചെയ്തു.

ഒരിക്കൽ വി. വിയാനിയുടെ തിരുനാൾ ദിവസം പുരോഹിതരെക്കുറിച്ചുള്ള ഒരു ഗാനത്തിന്റെ വരികൾ റോസിന പീറ്റി എന്ന യുവതി എഴുതി അച്ചന് അയച്ചുകൊടുക്കുകയുണ്ടായി. ഈ വരികൾക്ക് അച്ചൻ സംഗീതം നൽകി. ഇന്ന് ഈ ഗാനം പല പൗരോഹിത്യസ്വീകരണ ശ്രുശ്രൂഷകളിലും ഉപയോഗിക്കാറുണ്ട്.

മ്യൂസിക് അക്കാദമിയിൽ സേവനം ചെയ്ത് മാത്യൂസ് അച്ചൻ

മാത്യൂസ് അച്ചനിപ്പോൾ എട്ട് വർഷമായി സേവനമനുഷ്ഠിക്കുന്നത് തിരുവനന്തപുരത്തെ എം.സി.ബി.എസ് സന്യാസ സമൂഹത്തിന്റെ ഇന്റർനാഷണൽ മ്യൂസിക് അക്കാദമിയിലാണ്. ‘കലാഗ്രാം’ എന്നാണ് ഈ അക്കാദമിയുടെ പേര്.

മുന്നോട്ടുള്ള അച്ചന്റെ സംഗീതജീവിതത്തിന് ലൈഫെഡേ യുടെ ആശംസകൾ…

ഐശ്വര്യ സെബാസ്റ്റ്യൻ

 

പന്ത്രണ്ടു ഗാനങ്ങൾ ഇവിടെ കേൾക്കാം, കാണാം 

01/ സ്വർഗീയ ദൂദ്…..

Lyrics / Rosina peety

Music / Fr. Mathews Payyappilly mcbs

Singer / Maria Kolady

Orchestration /Binu Mathirampuzha

https://youtu.be/ZTfwIphkStM

02/ ഗ്ലോറിയ…..

Sr. Amal Grace Cmc

Music / Fr. Mathews Payyappilly mcbs

Singers / Cmc sisters

Orchestration / Maneesh shaji

https://youtu.be/4tam_KCKDGQ

03/ മഞ്ഞുമൂടും  താഴ്‌വാരയിൽ…

Lyrics / Molly Dennis

Music / Fr. Mathews Payyappilly mcbs

https://youtu.be/t-E3-H2ZaSs

04/ Candle light creations USA presents.

https://youtu.be/uks99s8_93s

Lyrics / Maya Jacob

Music / Fr. Mathews Payyappilly mcbs

Singer / Christeena Jaison

Orchestration / Binu Mathirampuzha

Producer / Joseph Kachapilly

https://youtu.be/uks99s8_93s

05/ യുദയായിലെ കുന്നിൻ ചെരുവിൽ

Major Archiepiscopal marth Mariyam Archdecon Pilgrim Church Kuravilangadu

Lyrics / Fr. Sabu Mannada

Music / Fr. Mathews Payyappilly mcbs

Production / C30

06/ മിനു മിനു മിന്നും താരകാമെ…

https://youtu.be/e8E7ArK4fb8

Lyrics / Sr. Jessy Paul Ssps

Music / Fr. Mathews Payyappilly mcbs

Orchestration / Pratheesh

07/ തൂമഞ്ഞു പൊഴിയും പൂനിലാവിൻ…

Lyrics / Sr. Soniya k chacko DC

Music / Fr. Mathews payyappilly mcbs

https://youtu.be/k_gfhf1tdjs

08/ മഞ്ഞണി ക്രിസ്മസ്സ്‌(Heavenly Lullaby)

https://youtu.be/E0G1s8MVmwg

09/ രക്ഷകാ ലോക രക്ഷക

https://youtu.be/Ha94Wgxii88

Lyrics / Raffy Thekkoodan

Music / Fr. Mathews Payyappilly mcbs

Singer / Kester

Orchestration / Deny Denzil

10/ അന്നൊരു രാവിൽ

https://youtu.be/ddNlNaBDAI8

Lyrics / Fr. Varghese Moonjely

Music / Fr. Mathews payyappilly mcbs

Orchestration / Jazil

 Singers / Tessa John

& Aleena jose

Producer /Stanlin jose

11/  നീഹാരം അലിയുന്ന രാവിൽ

https://youtu.be/o5ppScaI_wE

Lyrics / Sherin Joby

Music / Fr. Mathews Payyappilly mcbs

Singer / Manu Vardhan

Orchestration / Bagio Babu

Producer / Jacob joseph

12/ മഞ്ഞിൻ മണമായി

https://youtu.be/lbDFRrMWaRY

Lyrics / Ancy shaiju

Music / Fr. Mathews Payyappilly mcbs

Orchestration / Binu Mathirampuzha

Production / C30

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.