
മുൻ ഹോംഗ്-കോംഗ് ബിഷപ്പായിരുന്ന കർദ്ദിനാൾ ജോസഫ് സെന്നിനെ ഹോംഗ്-കോംഗിൽ വച്ച് അറസ്റ്റ് ചെയ്തു. പിന്നീട് അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചു. മെയ് 11-ന് ഹോംഗ്-കോംഗ് ദ്വീപിലെ ചായ് വാൻ പോലീസ് സ്റ്റേഷനിൽ നിന്നാണ് അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചതായി റിപ്പോർട്ടുള്ളത്. 90-കാരനായ കർദ്ദിനാളിന്റെ അറസ്റ്റിനെക്കുറിച്ചു കേൾക്കുന്നത് ആശങ്കാജനകമാണെന്ന് വത്തിക്കാൻ പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ജാമ്യത്തിൽ വിട്ടയച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്.
മെയ് 11-നാണ് കർദ്ദിനാളിനെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കർദ്ദിനാൾ സെന്നിനെ, 612 ഹ്യൂമാനിറ്റേറിയൻ റിലീഫ് ഫണ്ടിന്റെ ട്രസ്റ്റിയായതിനാൽ തടങ്കലിൽ വച്ചിരിക്കുകയായിരുന്നു. 2009-ൽ ഹോംഗ്-കോംഗിലെ കത്തോലിക്കാ ബിഷപ്പായി സ്ഥാനമൊഴിഞ്ഞ സെൻ, ജനാധിപത്യപ്രസ്ഥാനത്തിന്റെ വ്യക്തമായ പിന്തുണക്കാരനാണ്.
2020-ൽ, നിലവിൽ വന്ന ദേശീയസുരക്ഷാ നിയമപ്രകാരം രാജ്യദ്രോഹം, വിദേശ കൂട്ടുകെട്ട് എന്നിവ ക്രിമിനൽ കുറ്റമാക്കി. കർദ്ദിനാൾ സെന്നിനോടൊപ്പം മറ്റ് നാലു പേരേയും ഇത്തരം കുറ്റകൃത്യങ്ങൾ വ്യാജമായി ആരോപിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. കനേഡിയൻ-ഹോംഗ്-കോംഗ് പോപ്പ് താരം ഡെനിസ് ഹോ, അക്കാദമിക് ഹുയി പോ ക്യൂങ്, മുൻ പ്രതിപക്ഷ നിയമനിർമ്മാതാക്കളായ മാർഗരറ്റ് എൻജി, സിഡ് ഹോ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ട മറ്റുള്ളവർ.