വിവാഹ വ്യാജരേഖ ചമയ്ക്കൽ അന്വേഷിക്കണം: പാലക്കാട് രൂപത ജാഗ്രതാസമിതി

പാലക്കയം കാസ ലൂസിയോ എന്ന റിസോർട്ടിൽ വിവാഹം നടന്നു എന്ന കത്ത് ഉപയോഗിച്ച് ക്രിസ്തുമത വിശ്വാസിയായ യുവതിയുടെയും മുസ്ലീം യുവാവിന്റെയും  വിവാഹം രജിസ്റ്റർ ചെയ്യാൻ ചിലർ നടത്തിയ നിയമലംഘനം ഗൗരവമായി അന്വേഷണ വിധേയമക്കേണ്ടതാണെന്ന് പാലക്കാട് രൂപത ജാഗ്രതാസമിതി ആവശ്യപ്പെട്ടു.

മിശ്രവിവാഹത്തിന് കൃത്യമായ നടപടിക്രമങ്ങൾ നിലവിലെ നിയമം അനുശാസിക്കുന്നുണ്ട്. ഇത്തരം നടപടിക്രമങ്ങൾ ഒന്നും ഇവിടെ പാലിച്ചതായി കാണുന്നില്ല. നിയമം അനുശാസിക്കുന്ന പരിശോധനകൾക്കു പോലും മുതിരാതെ  അനധികൃതമായ (വ്യാജ) വിവാഹം നൈയാമികമാക്കാൻ ജനപ്രതിനിധികൾ ഉൾപ്പെടയുള്ളവർ ശ്രമിച്ചതായിട്ടുള്ള ആരോപണം ഗുരുതരമാണ്. നിയമവിരുദ്ധ നടപടികൾക്ക് വേദിയൊരുക്കിയ റിസോർട്ടിനെതിരെയും ജനപ്രതിനിധികൾ ഉൾപ്പെടെ ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെയും നിയമാനുസൃത നടപടികൾ സ്വീകരിക്കാൻ അധികാരികൾ അടിയന്തരമായി തയ്യാറാകേണ്ടതാണ്.

പ്രണയം നടിച്ചുകൊണ്ട് പെൺകുട്ടികളെ തീവ്രവാദ സംഘടനകളിലേക്കും ലഹരികടത്ത് പോലെയുള്ള കുറ്റകൃത്യങ്ങളിലേക്കും നയിച്ച സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രായപൂർത്തിയായവരുടെ സ്വതന്ത്രമായ  സമ്മതം വിവാഹത്തിന്റെ കാതലായ മാനദന്ധമാണെങ്കിലും രജിസ്ട്രഷേനു വേണ്ടിയുള്ള അപേക്ഷകൾ സമർപ്പിക്കപ്പെടുമ്പോൾ വിവാഹിതരാകുന്നവരുടെ മാതാപിതാക്കളെയോ, കുടുംബാംഗങ്ങളെയോ നേരിട്ട് വിവരം അറിയിക്കുന്ന ഒരു സംവിധാനം രൂപപ്പെടുത്തേണ്ടത് ഇത്തരം അപകടസാധ്യതകളെ ഒഴിവാക്കാനായി അത്യാവശ്യമാണ്. അതിനായി പൊതുസമൂഹം ശ്രമിക്കേണ്ടിയിരിക്കുന്നു.

പാലക്കയത്ത് വിശ്വാസികൾ ഉൾപ്പെടെയുള്ള പൊതുസമൂഹം കാണിച്ച ജാഗ്രത മാതൃകാപരമാണ്. അതിന് അവരെ അഭിനന്ദിക്കുന്നു. പ്രണയച്ചതികളെയും ലഹരിക്കെണികളെയും പ്രതിരോധിക്കാൻ നിതാന്തജാഗ്രതയോടെ നാമെല്ലാവരും വ്യാപരിക്കേണ്ടിയിരിക്കുന്നു.

പാലക്കാട് രൂപത ജാഗ്രതാസമിതി അംഗങ്ങളായ ഫാ. മാത്യു ഇല്ലത്തുപറമ്പിൽ, ഫാ. ജോബി, ശ്രീ. മാത്യു, ഫാ. സീജോ, ജുബിൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.