ജീവിതത്തിൽ സന്തോഷം നിറയാൻ ഇതാ അഞ്ച് മാർഗ്ഗങ്ങൾ

എപ്പോഴും സന്തോഷത്തോടെ ജീവിക്കാനാണ് നാം ആഗ്രഹിക്കുന്നത്. എന്നാൽ എവിടെയാണ് സന്തോഷം, എങ്ങനെയാണ് അത് കണ്ടെത്തേണ്ടത് എന്ന ചിന്തകൾ നമ്മൾ പലരുടെയും മനസിൽ ഉയരാറുണ്ട്. നാം ആയിരിക്കുന്ന സാഹചര്യത്തിൽ, സന്തോഷം കണ്ടെത്താൻ അഞ്ച് മാർഗ്ഗങ്ങൾ ഇതാ ചുവടെ ചേർക്കുന്നു.

1. ദൈവത്തോട് ചേർന്നു നിൽക്കുക

എപ്പോഴും സന്തോഷത്തോടെ ആയിരിക്കാൻ നമ്മെ സഹായിക്കുന്ന ഒന്നാണ് ദൈവഹിതപ്രകാരമുള്ള ജീവിതം. കൂദാശകൾ എല്ലാം തന്നെ കൃപയും സന്തോഷവും നമുക്ക് പ്രദാനം ചെയ്യും. ഓരോ പരിശുദ്ധ കുർബാനയിലും നാം ക്രിസ്തുവിനെ ആഴത്തിൽ അനുഭവിക്കണം. കുമ്പസാരം എന്ന കൂദാശയിലൂടെ നമ്മുടെ കുറവുകളെ പരിഹരിക്കുകയും അവ ദൈവത്തിന് പ്രവർത്തിക്കാനുള്ള അവസരങ്ങളാക്കി മാറ്റുകയും വേണം. അതുപോലെ വിവാഹം എന്ന കൂദാശ സ്വീകരിക്കുന്നവർ തങ്ങളുടെ കുടുംബത്തിലേക്ക് ക്രിസ്തുവിനെ ക്ഷണിക്കാനും മറക്കരുത്. ഇങ്ങനെ കൂദാശകൾ ഓരോന്നും ജീവിതത്തിൽ ആനന്ദം നിറക്കാനുള്ള മാർഗ്ഗങ്ങളാണ്.

2. ദൈവത്തോട് മുടങ്ങാതെ സംസാരിക്കുക

ചെറിയ കാര്യങ്ങളിൽ സന്തോഷവും സംതൃപ്തിയും കണ്ടെത്താൻ നാം പഠിക്കണം. അതിനായി ആദ്യമേ നമ്മുടെ ഹൃദയം ശുദ്ധീകരിക്കണം. എന്നും പ്രാർത്ഥനയിലൂടെ ദൈവത്തോട് സംസാരിക്കണം. സംസാരിച്ചാൽ മാത്രമേ അവിടുത്തെ അറിയാൻ നമുക്ക് സാധിക്കു. ലോകത്തെ ദൈവത്തിന്റെ കണ്ണുകളിലൂടെ കാണാൻ സാധിച്ചാൽ ജീവിതത്തിലെ ചെറിയ നേട്ടങ്ങളിൽ പോലും സന്തോഷം കണ്ടെത്താൻ നമുക്ക് സാധിക്കും.

3. പരസ്പരം സഹായിക്കുക

എല്ലാവരെയും സഹോദരങ്ങളെപ്പോലെ സ്നേഹിക്കാൻ നാം പഠിക്കണം. മറ്റുള്ളവരെ വിധിക്കുകയോ, കുറ്റപ്പെടുത്തുകയോ ചെയ്യാതെ എല്ലാവരെയും അംഗീകരിക്കണം. അവരുടെ ആവശ്യങ്ങളിൽ അവരോട് ചേർന്നു നിൽക്കണം, സഹായിക്കണം, ഹൃദയം തുറന്ന് അവരെ സ്നേഹിക്കണം. അവരുടെ നേട്ടങ്ങളിൽ അഭിനന്ദിക്കണം, ബലഹീനതകളിൽ തുണയാവണം. അങ്ങനെ മറ്റുള്ളവർക്ക് സന്തോഷം പകരുന്നവരായി നാം മാറണം. ക്രമേണ നമ്മുടെ ജീവിതത്തിലും ദൈവം സന്തോഷം നിറയ്ക്കും.

4. എല്ലാവരോടും ക്ഷമിക്കുക

മനസിൽ മറ്റുള്ളവരോട് വെറുപ്പും ദേഷ്യവും വച്ചുപുലർത്തുന്നത് ഹൃദയഭാരം വർദ്ധിപ്പിക്കുന്നു. അങ്ങനെ വരുമ്പോൾ, മനസ് തുറന്ന് ചിരിക്കാനോ, സന്തോഷിക്കാനോ, പ്രാർത്ഥിക്കാൻ പോലുമോ നമുക്ക് സാധിക്കില്ല. ക്രമേണ അത് ജീവിതത്തിന്റെ വളർച്ചയെ തകർക്കുന്നു. ക്ഷമിക്കുക എന്നത് ഒരു കൃപയാണ്. ആ ദൈവിക കൃപയ്ക്കു വേണ്ടി യാചിക്കാൻ നാം മടിക്കേണ്ടതില്ല.

5. സന്തോഷത്തിനു വേണ്ടി പ്രാർത്ഥിക്കുക

പ്രാർത്ഥന ദൈവവുമായുള്ള സംഭാഷണമാണെന്നതിൽ തർക്കമില്ല. സന്തോഷമാണ് ഓരോ പ്രവർത്തിയുടെയും ഫലമായി നാം ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്. സന്തോഷിക്കുക എന്നതാണ് ഓരോ മനുഷ്യന്റെയും ജീവിതലക്ഷ്യമെന്ന് പറയുന്നത്. അതുകൊണ്ടു തന്നെ ദൈവത്തോട് ഹൃദയം തുറന്ന് പരിശുദ്ധാത്മാവിന്റെ ഫലമായ ആനന്ദത്തിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.