ആദ്യമായി, ഒരുമിച്ച് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട ദമ്പതികൾ; ലോക കുടുംബസംഗമത്തിൽ വണക്കത്തിനായി ഈ തിരുശേഷിപ്പും

കത്തോലിക്കാ സഭ, ഒരുമിച്ച് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയ ആദ്യത്തെ ദമ്പതികളാണ് വാഴ്ത്തപ്പെട്ട ലൂയിജിയും മരിയ ബെൽട്രേം ക്വട്രോച്ചിയും. ഈ ദമ്പതികളുടെ തിരുശേഷിപ്പുകൾ ഈ ആഴ്ച റോമിൽ നടക്കുന്ന ലോക കുടുംബസംഗമത്തിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വണക്കത്തിനായി സ്ഥാപിച്ചിട്ടുണ്ട്. ജൂൺ 22-26 തീയതികളിൽ റോമിൽ നടക്കുന്ന പത്താമത്തെ ലോക കുടുംബസംഗമത്തിലെ ഔദ്യോഗിക രക്ഷാധികാരികളാണ് ഈ വാഴ്ത്തപ്പെട്ട ദമ്പതികൾ. ഈ ദമ്പതികളുടെ വിശുദ്ധജീവിതത്തെ വായിച്ചറിയാം.

2001-ൽ ജോൺ പോൾ രണ്ടാമൻ ആണ് ഈ ദമ്പതികളെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയത്. ഈ ഇറ്റാലിയൻ ദമ്പതികൾ 45 വർഷം കുടുംബജീവിതം നയിച്ചു. രണ്ട് ലോകമഹായുദ്ധങ്ങളുടെ കാലഘട്ടത്തിൽ ഉണ്ടായ ബുദ്ധിമുട്ടുകളെ ഒരുമിച്ച് അഭിമുഖീകരിച്ചവരാണ് ഈ ദമ്പതികൾ. വളരെയധികം പ്രതിസന്ധികളിലൂടെ കടന്നുപോയ അക്കാലത്ത് മക്കൾ നാലുപേരും ദൈവവിളി സ്വീകരിച്ചു; രണ്ടു പേർ വൈദികരും രണ്ടു പേർ സന്യാസിനിമാരും ആയി.

അവരുടെ മൂത്ത മകൻ, ബെനഡിക്റ്റൈൻ സന്യാസിയായ ഫാ. ടാർസിസിയോ ബെൽട്രമേയും, ഇളയ മകൻ ട്രാപ്പിസ്റ്റ് സന്യാസിയായ ഫാ. പൗളിനോയും ആണ്. ഈ ദമ്പതികളുടെ പെൺമക്കളും സന്യാസിനികളായി. അവരുടെ മൂത്ത മകൾ സ്റ്റെഫാനിയ, 1927-ൽ ഒരു ബെനഡിക്റ്റൈൻ ആശ്രമത്തിൽ സന്യാസിനിയായി. അവരുടെ കുടുംബത്തിലെ ഏറ്റവും ഇളയ മകളും സന്യാസിനിയായിരുന്നു. ഇപ്പോൾ ധന്യപദവിയിലേക്ക് ഉയർത്തപ്പെട്ട സന്യാസിനിയാണ്.

രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിൽ ഇറ്റലിയിലെ നാസി അധിനിവേശ സമയത്ത്, ഇവരുടെ അപ്പാർട്ട്മെന്റിൽ ആളുകളെ രഹസ്യമായി അവരുടെ പ്രാണരക്ഷാർത്ഥം ഒളിപ്പിച്ചു താമസിപ്പിച്ചു. പലായനം ചെയ്തവർക്കും ജൂതപാരമ്പര്യമുള്ള ഇറ്റലിക്കാർക്കും ഒളിത്താവളമായി അവരുടെ അപ്പാർട്ട്മെന്റ് മാറി. ആ സമയത്ത് ഇക്കാര്യം പട്ടാളം അറിഞ്ഞിരുന്നെങ്കിൽ അവരെ ആ നിമിഷം തന്നെ കൊലപ്പെടുത്തുമായിരുന്നു. സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് ഈ ദമ്പതികൾ അനേകരുടെ ജീവന് കാവലാളായത്.

‘അസാധാരണമായ ആത്മീയജീവിതം’

ഈ ദമ്പതിമാരുടെ അടിയുറച്ച വിശ്വാസജീവിതമാണ് മക്കൾ നാലു പേരുടെയും ദൈവവിളിക്ക് പ്രചോദനമായത്. ഇവരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയപ്പോൾ 2001-ൽ ജോൺ പോൾ രണ്ടാമൻ പാപ്പാ പറഞ്ഞത് ഇപ്രകാരമാണ്: ‘അസാധാരണമായ ഒരു സാധാരണ ജീവിതം നയിച്ച ദമ്പതികൾ.’

“ഒരു സാധാരണ കുടുംബത്തിന്റെ സന്തോഷങ്ങൾക്കും ഉത്കണ്ഠകൾക്കും ഇടയിൽ, അസാധാരണമാംവിധം സമ്പന്നമായ ഒരു ആത്മീയജീവിതം നയിക്കാൻ അവർക്ക് കഴിഞ്ഞു. എല്ലാ ദിവസവും വൈകുന്നേരം കുടുംബത്തിൽ എല്ലാവരും ഒന്നുചേർന്ന് ജപമാല ചൊല്ലി പ്രാർത്ഥിച്ചിരുന്നു. അനുദിന ദിവ്യബലിയും അവരുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു” – ജോൺ പോൾ പാപ്പാ പറഞ്ഞു.

1905 നവംബർ 25-ന് സെന്റ് മേരി മേജർ ബസിലിക്കയിൽ വച്ചാണ് ഈ ദമ്പതികൾ വിവാഹിതരായത്. ലൂയിജിക്ക് 25 വയസം മരിയയ്ക്ക് 21 വയസുമായിരുന്നു പ്രായം. അവരുടെ വിവാഹത്തെ അനുസ്മരിപ്പിക്കുന്ന ഒരു ഫലകം ഇന്ന് ആ ബസിലിക്കയിലുണ്ട്. റോമിലെ ഏറ്റവും വലിയ മരിയൻ ബസിലിക്കയാണിത്. അതിനാൽ തന്നെ അവരുടെ എല്ലാ മക്കളെയും മാതാവിന് പ്രത്യേകമാംവിധം സമർപ്പിച്ചു.

ലൂയിജി ഒരു അഭിഭാഷകനും മരിയ ഒരു കാറ്റക്കിസ്റ്റും ആയിരുന്നു. ഒന്നാം ലോക മഹായുദ്ധസമയത്ത്, ഈ കുടുംബം മുറിവേറ്റവരെയും ബുദ്ധിമുട്ടുകൾ നേരിടുന്ന കുടുംബങ്ങളെയും സഹായിച്ചു. പുരോഹിതരാകാനോ, സന്യാസജീവിതം ആഗ്രഹിക്കുന്ന യുവജനങ്ങളെയും ഇവർ സാമ്പത്തികമായി സഹായിച്ചു.

1951-ൽ 71-ാം വയസിൽ ഹൃദയാഘാതത്തെ തുടർന്ന് ലൂയിജി മരിച്ചു. തന്റെ ഭർത്താവിന്റെ മരണശേഷം മരിയ 14 വർഷം കൂടി ജീവിച്ചു. കുടുംബത്തിനും സഭക്കും വേണ്ടി തന്റെ സമർപ്പിതസേവനം തുടർന്നു. ഈ ദമ്പതികളെ അടക്കം ചെയ്തിരിക്കുന്നതും ഒരുമിച്ചാണ്. ലൂയിജി, മരിയക്കു നൽകിയ വിവാഹമോതിരവും ദമ്പതികൾ ഒരുമിച്ചു വായിച്ചിരുന്ന ബൈബിളും ലോക കുടുംബസംഗമത്തിൽ തിരുശേഷിപ്പുകളുടെ കൂടെ വണക്കത്തിനായുണ്ട്. അക്കൂട്ടത്തിൽ, 40 വർഷത്തിലേറെയായി ലൂയിജി സൂക്ഷിച്ചിരുന്ന, മരിയ അവരുടെ വിവാഹത്തിനു മുമ്പ് ലൂയിജിക്കു നൽകിയ പോംപൈയിലെ ജപമാലരാജ്ഞിയുടെ ഒരു ചെറിയ ചിത്രവും ഉണ്ട്.

ഈ ആധുനിക ലോകത്തിൽ മാതൃകയാക്കേണ്ട വിശുദ്ധജീവിതമാണ് ഈ ദമ്പതിമാരുടേത്. പ്രതിസന്ധികളെയും സന്തോഷങ്ങളെയും ഇവർ ഒരുമിച്ച് അഭിമുഖീകരിച്ചു. എല്ലാം ദൈവഹിതപ്രകാരം നിറവേറ്റാൻ പരിശ്രമിച്ചു. ഇവരുടെ ജീവിതം ഇന്നത്തെ കാലഘട്ടത്തിലെ ദമ്പതിമാർ മാതൃകയാക്കേണ്ടതാണ്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.