ഫെഡാര്‍ ഇന്റര്‍നാഷണല്‍ ഉദ്ഘാടനം ചെയ്തു

കുട്ടികളുടെ ഉന്നതവിദ്യാഭ്യാസം, തൊഴില്‍പരിശീലനം എന്നിവയെ ലക്ഷ്യം വെച്ചുകൊണ്ട് മാനന്തവാടി രൂപതയുടെ സുവര്‍ണ്ണജൂബിലി പദ്ധതിയായി തുടക്കം കുറിച്ച ഫെഡാര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഫെ‍ഡാര്‍ ഇന്റര്‍നാഷണല്‍ നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് മാനന്തവാടി രൂപതാ മെത്രാന്‍ ബിഷപ് ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. വിദേശഭാഷാ പരിശീലനം നല്കി കുട്ടികള്‍ക്ക് വിദേശരാജ്യങ്ങളില്‍ പഠന സൗകര്യങ്ങളൊരുക്കുകയാണ് ഫെഡാര്‍ ഇന്റര്‍നാഷണല്‍ ലക്ഷ്യം വെക്കുന്നത്.

കരിയര്‍ കൗണ്‍സലിംഗ്, നൈപുണ്യവികസനം, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍ എന്നീ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളുടെ സമഗ്രവും തൊഴിലധിഷ്ഠിതവുമായ രൂപീകരണവും അവരുടെ തൊഴില്‍ സുരക്ഷിതത്വവുമാണ് ഫെഡാര്‍ ഫൗണ്ടേഷന്‍ ലക്ഷ്യം വെക്കുന്നത്. ഫെഡാര്‍ ഇന്റര്‍നാഷണലിന്റെ ഇംഗ്ലീഷ് ഭാഷാ പരിശീലനകേന്ദ്രം മാനന്തവാടി – കാട്ടിക്കുളത്ത് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ക്യാംപസില്‍ത്തന്നെ താമസിച്ചുകൊണ്ട് വിവിധ പ്രോഗ്രാമുകളിലൂടെ ഇംഗ്ലീഷ് ഭാഷാപരിശീലനം നല്കുന്ന പദ്ധതിയാണ് കാട്ടിക്കുളത്ത് നടപ്പിലാക്കുന്നത്.

ഫെഡാര്‍ ഇന്റര്‍നാഷണലിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ ഫെ‍‍ഡാര്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ റവ. ഫാ. ജോസ് കൊച്ചറക്കല്‍ സ്വാഗതം പറഞ്ഞു. നടവയല്‍ ഹോളി ക്രോസ് ഫൊറോനാ ദേവാലയത്തിന്റെ ആര്‍ച്ചുപ്രീസ്റ്റ് റവ. ഫാ. ജോസ് മേച്ചേരില്‍ അദ്ധ്യക്ഷത വഹിച്ചു. ഫെഡാര്‍ ഇന്‍ര്‍നാഷണലിന്റെ ഉദ്ഘാടനം തിരിതെളിച്ച് സന്ദേശം നല്കിക്കൊണ്ട് ബിഷപ് ജോസ് പൊരുന്നേടം നിര്‍വ്വഹിച്ചു. മാനന്തവാടി രൂപതാ കോര്‍പറേറ്റ് ഏജന്‍സി മാനേജര്‍ റവ. ഫാ. സിജോ ഇളംകുന്നപ്പുഴ, സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ മി. തോമസ് മാത്യു, രൂപതയുടെ സുവര്‍ണ്ണ ജൂബിലി കമ്മറ്റി കണ്‍വീനര്‍ റവ. ഫാ. ബിജു മാവറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഫെഡാര്‍ ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ശ്രീ സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ ഉദ്ഘാടന സമ്മേളനത്തിന് കൃതജ്ഞതയര്‍പ്പിച്ചു.

തുടര്‍ന്ന് നടന്ന വിദേശ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സെമിനാറിന് ഓസ്ട്രേലിയയില്‍ നിന്നുള്ള ശ്രീ തോമസ് മാത്യു നേതൃത്വം നല്കി. ഓസ്ട്രേലിയ, കാനഡ, യുകെ, ഐര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിദേശ വിദ്യാഭ്യാസ സാധ്യതകളെ അദ്ദേഹം കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.

ജര്‍മ്മന്‍, ഇംഗ്ലീഷ് ഭാഷകളില്‍ പരിശീലനം നല്കി വിവിധ രാജ്യങ്ങളില്‍ പഠനത്തിനും ജോലിക്കുമുള്ള അവസരം ഫെഡാര്‍ ഫൗണ്ടേഷന്‍ നല്കുന്നുണ്ട്. കൂടാതെ വിവിധ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനും ഫൗണ്ടേഷന്‍ സഹായങ്ങള്‍ നല്കുന്നു. ജര്‍മ്മന്‍, ഇംഗ്ലീഷ് ഭാഷകളില്‍ പരിശീലനം നല്കുന്ന പദ്ധതി റസിഡന്‍ഷ്യലായിട്ടാണ് നടപ്പിലാക്കുന്നത്. മെയ് മാസത്തില്‍ ആരംഭിക്കുന്ന പുതിയ ബാച്ചുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.