ഫാ. ജോർജ് നെടുങ്ങാട്ട് സഭാനിയമരംഗത്തെ അതുല്യ പ്രതിഭ: കർദിനാൾ മാർ ആലഞ്ചേരി

ഈശോസഭാംഗവും റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനുമായിരുന്ന ഫാ. ജോർജ് നെടുങ്ങാട്ട് സഭാനിയമരംഗത്തെ അതുല്യ പ്രതിഭയായിരുന്നുവെന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു. കോഴിക്കോട് ക്രൈസ്റ്റ്ഹാളിൽ വിശ്രമജീവിതം നയിച്ചുവരവേയാണ് തൊണ്ണൂറാമത്തെ വയസ്സിൽ ഫാ. ജോർജ് നെടുങ്ങാട്ട് മരണമടഞ്ഞത്. ഏഷ്യയിലെ കത്തോലിക്കാ മെത്രാൻസമിതിയുടെ ബാങ്കോക്കിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാൽ മൃതസംസ്കാരശുശ്രൂഷയുടെ അവസരത്തിൽ വായിക്കുന്നതിനുള്ള സന്ദേശം മേജർ ആർച്ച്ബിഷപ് നൽകിയിരുന്നു.

1954ൽ പൗരോഹിത്യം സ്വീകരിച്ച ഫാ. നെടുങ്ങാട്ട് 1973ൽ പൗരസ്ത്യ കാനൻനിയമത്തിൽ ഡോക്ടറേറ്റ് നേടിയതിനുശേഷം പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനായി സേവനമാരംഭിച്ചു. ആറുവർഷക്കാലം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാനൻനിയമ ഫാക്കൽട്ടിയുടെ ഡീൻ എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1990ൽ അംഗീകരിച്ച പൗരസ്ത്യസഭകൾക്കായുള്ള കാനൻനിയമസംഹിതയുടെ രൂപീകരണത്തിലും ബഹു. നെടുങ്ങാട്ടച്ചൻ നിസ്തുലമായ സംഭാവനകൾ നൽകി. സഭാനിയമത്തിനുപുറമേ സഭാചരിത്രത്തിലും അഗാധമായ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു.

സീറോമലബാർസഭയ്ക്ക് ബഹു. ജോർജ് നെടുങ്ങാട്ടച്ചനോടുള്ള പ്രത്യേക കടപ്പാട് തന്റെ അനുശോചന സന്ദേശത്തിൽ കർദിനാൾ മാർ ആലഞ്ചേരി എടുത്തുപറയുന്നുണ്ട്. 1992ൽ സീറോമലബാർസഭ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയായി ഉയർത്തപ്പെട്ടപ്പോൾ ആവശ്യമായ നൈയാമിക സംവിധാനങ്ങളുടെ രൂപീകരണത്തിന് ബഹു. നെടുങ്ങാട്ടച്ചൻ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. സീറോമലബാർസഭയുടെ പ്രത്യേക നിയമങ്ങളുടെ രൂപീകരണത്തിലും അദ്ദേഹം വലിയ പങ്കുവഹിച്ചിരുന്നു. ഇപ്രകാരം പൗരസ്ത്യസഭാനിയമരംഗത്ത് ഒരു ആധികാരിക സ്ഥാനം നേടിയെടുത്ത ബഹു. ജോർജ് നെടുങ്ങാട്ടച്ചൻ സഭാചരിത്രത്തിൽ എന്നും അനുസ്മരിക്കപ്പെടുമെന്നും കർദിനാൾ തൻറെ അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.