തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്കേറ്റിംഗ് ചാമ്പ്യന്റെ നാമകരണ നടപടികൾ തുടങ്ങുമെന്ന പ്രതീക്ഷയോടെ കുടുംബം

സ്കേറ്റിംഗ് ചാമ്പ്യനായ ഇഗ്നാസിയോ എക്കെവേരിയയുടെ നാമകരണ നടപടികൾക്ക് തുടക്കം കുറിക്കുമെന്ന പ്രതീക്ഷയിൽ കുടുംബം. 2017 ജൂണിലെ ലണ്ടൻ ബ്രിഡ്ജിലെ തീവ്രവാദ ആക്രമണത്തിലാണ് ഈ 39-കാരൻ കൊല്ലപ്പെട്ടത്.

ആക്രമണ ദിവസം ഇഗ്നാസിയോ ഒരു സ്കേറ്റ്‌ബോർഡ് പാർക്കിൽ നിന്ന് മടങ്ങുകയായിരുന്നു. വരുന്ന വഴിയിൽ ഒരു തീവ്രവാദി ഒരു സ്ത്രീയെ തുടർച്ചയായി ഉപദ്രവിക്കുന്നതു കണ്ട അദ്ദേഹം ആ സ്ത്രീയെ സഹായിക്കാൻ ഓടിയെത്തി. അദ്ദേഹം തന്റെ സ്കേറ്റ്ബോർഡ് തീവ്രവാദിക്കെതിരായ ആയുധമായി ഉപയോഗിച്ചതായി ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇഗ്നാസിയോ സ്കേറ്റ്‌ബോർഡ് ഉപയോഗിച്ച് അക്രമികളെ ചെറുക്കുകയും മറ്റുള്ളവരെ സുരക്ഷിതരാക്കുകയും ചെയ്‌തു. എന്നാൽ ഒരു തീവ്രവാദി പുറകിൽ നിന്ന് രണ്ട് തവണ കത്തി കൊണ്ട് കുത്തിയതിനെ തുടർന്ന് അദ്ദേഹം മരണപ്പെടുകയായിരുന്നു. അന്നേ ദിവസം എട്ടു പേരാണ് കൊല്ലപ്പെട്ടത്. 48 പേർക്ക് ഈ തീവ്രവാദ ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്‌തു.

ഇഗ്നാസിയോയുടെ മരണശേഷം അദ്ദേഹത്തിന്റെ ധീരതയെ പ്രശംസിച്ച് ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തിന്റെ കുടുംബത്തിന് ഒരു കത്തെഴുതിയിരുന്നു. പെറുവിലെ ചാച്ചപോയസിലെ അന്തരിച്ച ജെസ്യൂട്ട് ബിഷപ്പ് അന്റോണിയോ ഹോർനെഡോയുടെ അനന്തരവനായിരുന്നു ഇഗ്നാസിയോ. സ്പാനിഷ് ഓർഡർ ഓഫ് സിവിൽ മെറിറ്റും ബ്രിട്ടന്റെ ജോർജ് മെഡലും ഉൾപ്പെടെ നിരവധി മരണാനന്തര ബഹുമതികൾ നൽകി ഇഗ്നാസിയോയെ ലോകം ആദരിച്ചിട്ടുണ്ട്. മാഡ്രിഡിലും അലികാന്റെയിലും അദ്ദേഹത്തിന്റെ പേരിൽ രണ്ട് സ്കേറ്റ്ബോർഡ് പാർക്കുകൾക്കും നിർമ്മിച്ചിട്ടുണ്ട്.

ഇഗ്നാസിയോയുടെ നാമകരണ നടപടികൾ തുടങ്ങുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ കുടുംബം. അതിനായി ഒരു സംഘവും ഇപ്പോൾ രൂപീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.