‘ആ കുട്ടികൾ പള്ളിയിൽ നിന്നും തിരിച്ചെത്തിയത് അമ്മയില്ലാതെയാണ്’: നൈജീരിയയിലെ ആക്രമണത്തിൽ നിന്നും വിമുക്തരാകാതെ കുടുംബങ്ങൾ

തന്റെ അഞ്ച് മക്കളില്‍ രണ്ടുപേരെയുമായി ഞായറാഴ്ച പന്തക്കുസ്ത തിരുനാള്‍ ആഘോഷിക്കാന്‍ പോയതാണ് തെരേസ ഒഗ്ബു. ഏതൊരു കത്തോലിക്കാ വിശ്വാസിയെ സംബന്ധിച്ചും സന്തോഷകരമായ അവസരം. എന്നാല്‍ തിരുനാള്‍ കൂടാന്‍ പോയ ആ രണ്ട് ആണ്‍കുട്ടികള്‍ വീട്ടില്‍ മടങ്ങിയെത്തിയത് അമ്മയില്ലാതെയാണ്.

നൈജീരിയയിലെ ഒവോയിലുള്ള സെന്റ് ഫ്രാന്‍സിസ് കാത്തലിക് പള്ളിയില്‍, അജ്ഞാതരായ അക്രമികള്‍ നടത്തിയ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒഗ്ബുവിന്റെ (51) തലയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു. മക്കള്‍ ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും, തങ്ങളുടെ അമ്മ പള്ളിയുടെ ഇടനാഴിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് ആ കുഞ്ഞുങ്ങള്‍ക്ക് കാണേണ്ടി വന്നു. ‘ഞാന്‍ എന്റെ അമ്മയെ വളരെയധികം മിസ് ചെയ്യുന്നു’. ഒഗ്ബുവിന്റെ മകന്‍ വിക്ടര്‍ ഒഗ്ബു (13) പറഞ്ഞു.

ഒഗ്ബുവിന്റെ ഭര്‍ത്താവ് ബെനഡിക്റ്റ് തന്റെ ഭാര്യയെയോര്‍ത്ത് ദുഃഖിക്കുകയാണ്. തന്റെ അഞ്ച് മക്കളോടൊപ്പമുള്ള മുന്നോട്ടുള്ള ജീവിതത്തെ എങ്ങനെ അഭിമുഖീകരിക്കുമെന്ന ആശങ്കയും അദ്ദേഹത്തെ അലട്ടുന്നു. തന്റെ ഒരു കൈ വെട്ടി മാറ്റിയതു പോലെയാണ് ഭാര്യയുടെ നഷ്ടം തനിക്ക് അനുഭവപ്പെടുന്നതെന്നും ബെനഡിക്ട് പറഞ്ഞു.

ആക്രമണത്തിനുശേഷം പള്ളിക്കകത്ത് കണ്ടത് ഭീതിയുണര്‍ത്തുന്ന കാഴ്ചകളാണ്. തറയിലും ഭിത്തിയിലും രക്തക്കറകള്‍, തകര്‍ന്ന ഫര്‍ണിച്ചറുകള്‍, ഗ്ലാസ് കഷ്ണങ്ങള്‍, ഉപേക്ഷിക്കപ്പെട്ട ചെരുപ്പുകള്‍ തുടങ്ങി പലതും. ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് നാഷണല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എന്നാൽ, യഥാർത്ഥത്തിൽ എൺപതിലേറെപ്പേരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

അക്രമികളെക്കുറിച്ചോ അവരുടെ ലക്ഷ്യത്തെക്കുറിച്ചോ അധികൃതര്‍ വിവരങ്ങളൊന്നും നല്‍കിയിട്ടില്ല. പൊട്ടാത്ത ബോംബുകളും എകെ 47 തോക്കുകളില്‍ ഉപയോഗിച്ച ബുള്ളറ്റുകളില്‍ നിന്ന് കേസിംഗുകളും തിങ്കളാഴ്ച കണ്ടെടുത്തതായി പോലീസ് അറിയിച്ചു. അക്രമികളില്‍ ചിലര്‍ ദേവാലയത്തില്‍ തന്നെ നിലയുറപ്പിച്ചിരുന്നതായും മറ്റുചിലര്‍ വിവിധ ദിശകളില്‍ നിന്ന് പള്ളിയിലേക്ക് വെടിയുതിര്‍ത്തതായും അവര്‍ പറഞ്ഞു.

ലക്ഷക്കണക്കിന് ആളുകളെ കൊല്ലുകയും ദശലക്ഷക്കണക്കിന് ആളുകളെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്ന വടക്കുകിഴക്കന്‍ മേഖലയിലെ ഇസ്ലാമിക കലാപങ്ങളെ അടിച്ചമര്‍ത്താന്‍ നൈജീരിയ ഒരു ദശാബ്ദത്തിലേറെയായി പോരാടുകയാണ്. തെക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ ഒന്‍ഡോ സ്റ്റേറ്റിലാണ് ഇത്തവണ ആക്രമണം നടന്ന ഓവോ സ്ഥിതി ചെയ്യുന്നത്. സാധാരണയായി മതപരമായ അക്രമങ്ങള്‍ക്ക് സാധ്യതയില്ലാത്ത പ്രദേശമാണിവിടം.

നാടോടികളായ ഫുലാനി ഗോത്രവര്‍ഗക്കാരും പ്രാദേശിക കര്‍ഷകരും തമ്മില്‍ ഭൂവിനിയോഗവുമായി ബന്ധപ്പെട്ട സംഘട്ടനവുമായി ഈ ആക്രമണത്തിന് ബന്ധമുണ്ടെന്ന് ചില ഓവോ നിവാസികളും ഒരു കത്തോലിക്കാ ബിഷപ്പും അഭിപ്രായപ്പെടുന്നു. പക്ഷേ അധികാരികള്‍ അതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. തെളിവുകളൊന്നും പുറത്തുവന്നിട്ടുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.